മാസങ്ങൾക്കുള്ളിൽ ഉദ്ഘാടനത്തിന് തയ്യാറാകാൻ നിർദ്ദേശംപ്രളയാനന്തരം റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി പുനർനിർമിക്കുന്ന ജില്ലയുടെ അഭിമാന പദ്ധതിയായ ആലപ്പുഴ-ചങ്ങനാശ്ശേരി (എ.സി. റോഡ്) റോഡിന്റെ അന്തിമ ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ. കോട്ടയം-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന 24 കിലോമീറ്ററുള്ള എ.സി റോഡിനെ ദീർഘകാല അടിസ്ഥാനത്തിൽ വെള്ളപ്പൊക്ക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കുന്നതിനായി റീബിൽഡ് കേരള വഴി ആദ്യ ഭരണാനുമതി ലഭിച്ച 671.66 കോടി രൂപ വിനിയോഗിച്ച് പുനർനിർമിക്കുന്ന എ സി റോഡിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ എത്തി.എ.സി.റോഡിലെ വലിയ പാലങ്ങളായ കിടങ്ങറ, നെടുമുടി പാലങ്ങളുടെ വീതികൂട്ടൽ പ്രവൃത്തി (ഫിനിഷിംഗ് ഒഴികെയുള്ള) പൂർത്തിയായി. മുട്ടാർ പാലത്തിന്റെ പ്രവൃത്തികൾ (ഫിനിഷിംഗ് ഒഴികെയുള്ള) പൂർത്തിയായി. പള്ളാത്തുരുത്തി വലിയ പാലത്തന്റെ സമാന്തരപാലം നിർമാണം 60 ശതമാനം പൂർത്തിയായി. തുടർ പണികളും പുരോഗമിക്കുകയാണെന്ന് മേൽനോട്ടം വഹിക്കുന്ന കെ.എസ്.ഡി.പി.അധികൃതർ അറിയിച്ചു.
64 കൾവർട്ടുകളും സ്പാനുകൾ വിപുലീകരിച്ച് പുനർനിർമ്മിച്ചു. കുട്ടനാടിന്റെ മണ്ണിന്റെ ഘടന പരിഗണിച്ച് ഏഴ് കി.മീ നീളത്തിൽ ഭൂമി നിരപ്പാക്കൽ പ്രവൃത്തികളും റോഡ് സുരക്ഷയുടെ ഭാഗമായി ക്രാഷ് ബാരിയറും ആവശ്യമായ മറ്റ് അനുബന്ധ സംവിധാനങ്ങളും ലൈറ്റുകളും വെയിറ്റിംഗ് ഷെഡും പുനർനിർമ്മാണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുന്നോ നാലോ മാസത്തിനുള്ളിൽ തന്നെ റോഡ് പൂർണമായും തുറന്നു നൽകാൻ ലക്ഷ്യമിട്ടാണ് പണികൾ അതിവേഗം പുരോഗമിക്കുന്നത്. പദ്ധതി പൂർത്തിയാവുമ്പോൾ എ സി റോഡിന്റെ നിർമ്മാണച്ചെലവ് 880.72 കോടിയാകും.