ഉയരാം പറക്കാം’ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിൽ ജില്ലാ പഞ്ചായത്ത് 12,000 പെൺകുട്ടികൾക്ക് സ്‌കിപ്പിംഗ് റോപ്പ് വിതരണം ചെയ്തു.മൂന്ന് ഘട്ടങ്ങളിലായി ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 72 സ്‌കൂളുകളിലാണ് സ്‌കിപ്പിംഗ് റോപ്പുകൾ വിതരണം ചെയ്തത്. സ്‌കൂളുകളിലെ എട്ട്, ഒൻപത് ക്ലാസുകളിലുള്ള പെൺകുട്ടികളുടെ കായികശേഷി വർധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിതരണത്തിന്റെജില്ലാതല ഉദ്ഘാടനം ചട്ടുകപാറ ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി നിർവഹിച്ചു.കുട്ടികളിൽ ജീവിത ശൈലീ രോഗങ്ങൾ ഉൾപ്പെടെ കണ്ടുവരുന്ന സാഹചര്യത്തിൽ അവരുടെ കായിക ശേഷി വർധിപ്പിക്കുക എന്നത് പ്രധാനമാണ്. കുട്ടികളെ ലഹരി, മൊബൈൽ ഫോണിന്റെ അമിത ഉപയോഗം പോലുള്ള ദുശ്ശീലങ്ങളിൽ നിന്നും പിന്തിരിപ്പിക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും ഇത്തരം കായിക പദ്ധതികൾ സഹായകമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ആരംഭിച്ച പദ്ധതിയാണിത്. ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. വിദ്യാഭ്യാസ ഉപ ഡയറക്ടർ ഇൻ ചാർജ് എ.എസ് ബിജേഷ് പദ്ധതി വിശദീകരണം നടത്തി.