അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളുടെ കണ്ണീരില്‍ ചവിട്ടി സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനങ്ങള്‍ : പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനം. (06/02/2025).

അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളുടെ കണ്ണീരില്‍ ചവിട്ടി സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനങ്ങള്‍; പാര്‍ട്ടി ബന്ധുക്കളായ ബോഡി ബില്‍ഡിംഗ് താരങ്ങളെ ഇന്‍സ്‌പെക്ടറായി നിയമിക്കുന്നത് നിയമവിരുദ്ധം; സി.പി.എം ബന്ധുക്കള്‍ക്ക് ജോലി തരപ്പെടുത്തിക്കൊടുക്കുന്ന സംവിധാനമല്ല സര്‍ക്കാര്‍; കിഫ്ബി റോഡുകളില്‍ ടോള്‍ പിരിച്ചാല്‍ ജനം അത് അടിച്ചുപൊളിക്കും; മദ്യശാല അഴിമതിയില്‍ കാതലായ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ എക്‌സൈസ് മന്ത്രി പറയുന്നത് പച്ചക്കള്ളം; കോണ്‍ഗ്രസില്‍ ഒരാളും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ല; പിണറായി വിജയന്‍ തമാശ പറഞ്ഞാല്‍ 2006 ലെയും 2011 ലെയും തമാശ തിരിച്ചു പറയേണ്ടി വരും.

തിരുവനന്തപുരം :
കേരളത്തില്‍ അപ്രഖ്യാപിത നിയമന നിരോധന നിലനില്‍ക്കുമ്പോള്‍ തന്നെ പിന്‍വാതില്‍ നിയമനങ്ങളും തകൃതിയായി നടക്കുകയാണ്. പി.എസ്.പി പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ചവര്‍ക്കു പോലും ജോലി ലഭിക്കാത്ത അവസ്ഥയാണ്. എന്നാല്‍ സി.പി.എം ബന്ധമുള്ളവര്‍ക്ക് പിന്‍വാതില്‍ നിയമനങ്ങള്‍ നല്‍കുകയാണ്. ബോഡി ബില്‍ഡിംഗ് താരങ്ങള്‍ക്ക് പൊലീസില്‍ ഇന്‍സ്‌പെക്ടറായി നിയമനം നല്‍കാനുള്ള തീരുമാനം മുഴുവന്‍ നിയമങ്ങളെയും അട്ടിമറിക്കുന്നതാണ്.

പൊലീസിലെ സായുധ സേനാ വിഭാഗത്തിലെ ഇന്‍സ്പെക്ടര്‍ റാങ്കിലേക്ക് കായികതാരങ്ങളെ നേരിട്ട് നിയമിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് മറികടന്നാണ് രണ്ടു പേര്‍ക്ക് ഇപ്പോള്‍ നിയമനം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ നിയമപ്രകാരം ബോഡി ബില്‍ഡിങിനെ സ്പോട്സ് ക്വാട്ടാ നിയമനത്തിന് അര്‍ഹമായ കായിക ഇനമായി അംഗീകരിച്ചിട്ടില്ല. അതും സര്‍ക്കാര്‍ ലംഘിച്ചു. പൊലീസ് നിയമനത്തിന് വേണ്ട കായികശേഷി പരീക്ഷ പോലും ഒഴിവാക്കി. ഫുട്‌ബോള്‍ താരങ്ങള്‍ പോലും ജോലി കിട്ടാതെ നില്‍ക്കുമ്പോഴാണ് ഈ പിന്‍വാതില്‍ നിയമനങ്ങള്‍. ഒളിംപ്യനും അര്‍ജുന അവാര്‍ഡ് ജേതാവുമായ എം.ശ്രീശങ്കറിനെ പരിഗണിക്കണമെന്ന ഡി.ജി.പിയുടെ ശുപാര്‍ശ തള്ളിക്കൊണ്ടാണ് ബോഡി ബില്‍ഡിംഗ് താരങ്ങള്‍ക്ക് നിയമനം നല്‍കുന്നത്. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളുടെ കണ്ണീരില്‍ ചവിട്ടിയാണ് പിന്‍വാതില്‍ നിയമനങ്ങള്‍. ബോഡി ബില്‍ഡിങ് താരങ്ങളെ പൊലീസിലെടുക്കാനാവില്ലെന്ന പൊലീസ് മേധാവിയുടെ വിയോജനകുറിപ്പും അവഗണിച്ചു. പിന്‍വാതില്‍ നിയമന നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും. സി.പി.എം ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി തപ്പെടുത്തിക്കൊടുക്കാനാണ് ശ്രമിക്കുന്നത്. സി.പി.എമ്മുകാര്‍ക്ക് ജോലി നല്‍കി അര്‍ഹരായവര്‍ക്ക് ജോലി നിഷേധിക്കുന്നതിനെതിരെ പ്രതിഷേധിക്കുക തന്നെ ചെയ്യും.

എലപ്പുള്ളിയില്‍ മദ്യ നിര്‍മ്മാണശാലയ്ക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച കാതലായ ചോദ്യങ്ങള്‍ക്കൊന്നും എക്‌സൈസ് മന്ത്രിക്ക് മറുപടിയില്ല. മന്ത്രി പറഞ്ഞത് മുഴുവന്‍ പച്ചക്കള്ളമായിരുന്നു എന്ന് വ്യക്തമായി. 2023 നവംബര്‍ 30 ന് ഒയാസിസ് കമ്പനി സര്‍ക്കാരിന് ഒരു അപേക്ഷ നല്‍കിയെന്നും അതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയതെന്നുമാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ 2023 ജൂണ്‍ 16-ന് ഇതേ കമ്പനി ജല അതോറിട്ടിക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നത് സര്‍ക്കാരിന്റെ ക്ഷണമുണ്ടെന്നാണ്. 2022-ല്‍ തന്നെ കമ്പനി എലപ്പുള്ളിയില്‍ സ്ഥലം വാങ്ങുകയും ചെയ്തു. സ്ഥലം വാങ്ങിയതിനു ശേഷമാണ് സര്‍ക്കാര്‍ ഈ കമ്പനിക്ക് വേണ്ടി മദ്യനയം തന്നെ മാറ്റിയത്. മദ്യനയം മാറ്റുന്നതിന് മുന്‍പ് തന്നെ കമ്പനിയെ സര്‍ക്കാര്‍ ക്ഷണിക്കുകയും ചെയ്തു. മദ്യനിര്‍മ്മാണ ശാല തുടങ്ങുന്ന വിവരം പാലക്കാട് ജില്ലയിലെ ഒരു ഡിസ്റ്റിലറിയും അറിയാതെയാണ് മധ്യപ്രദേശിലും പഞ്ചാബിലും പ്രവര്‍ത്തിക്കുന്ന കമ്പനി മാത്രം അറിഞ്ഞുവെന്ന് പറയുന്നത്. സര്‍ക്കാര്‍ ഈ കമ്പനിയെ ക്ഷണിച്ച് വരുത്തുകയായിരുന്നു. കേന്ദ്ര സര്‍ക്കാരും ഐ.ഒ.സിയും അംഗീകരിച്ച കമ്പനി ആയതു കൊണ്ടാണ് ഒയാസിസിന് മദ്യശാല നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയതെന്ന് മന്ത്രി പറഞ്ഞതും പച്ചക്കള്ളമാണ്. ഐ.ഒ.സിയുടെ ടെന്‍ഡറില്‍ പങ്കെടുക്കാനാണ് സര്‍ക്കാര്‍ തങ്ങളെ ക്ഷണിച്ചു എന്ന് പറഞ്ഞ് ഒയാസിസ് ജല അതോറിട്ടിയുടെ കത്ത് വാങ്ങിയത്. ഈ കത്ത് ഉപയോഗിച്ചാണ് ഐ.ഒ.സിയുടെ അംഗീകാരം ഈ കമ്പനി വാങ്ങിയെടുത്തത്. മദ്യനിര്‍മ്മാണ ശാല തുടങ്ങാന്‍ ഈ കമ്പനിയെ സര്‍ക്കാര്‍ ക്ഷണിക്കുമ്പോള്‍ അവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെയോ ഐ.ഒ.സിയുടെയോ അനുമതി ഉണ്ടായിരുന്നില്ല. അപേക്ഷ നല്‍കിയ അന്നു തന്നെ ജല അതോറിട്ടി കത്ത് നല്‍കുകയും ചെയ്തു. മന്ത്രി പണിതുയര്‍ത്തിയ നുണയുടെ ചീട്ടുകൊട്ടാരമാണ് ഒന്നൊന്നായി പൊളിഞ്ഞുവീഴുന്നത്.

കേരളം രൂക്ഷമായ ധനപ്രതിസന്ധിയിലാണ്. പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം വെട്ടിക്കുറച്ചു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പോലും നല്‍കുന്നില്ല. പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപെന്‍ഡ് നല്‍കുന്നില്ല. കുട്ടികള്‍ എങ്ങനെ പഠിക്കും. പദ്ധതി വിഹിതം വെട്ടിക്കുറച്ചിട്ടും അത് അസംബന്ധമാണെന്നാണ് മന്ത്രി പറയുന്നത്. നയാപൈസ സര്‍ക്കാരന്റെ കയ്യിലില്ല. കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കുകയാണ്. കിഫ്ബി തകരുമെന്ന് പ്രതിപക്ഷം പറഞ്ഞതാണ്. ഇപ്പോള്‍ തകര്‍ന്നില്ലേ. ജനങ്ങളുടെ നികുതി പണം എടുത്ത് പണിത റോഡുകളിലാണ് ഇപ്പോള്‍ ടോള്‍ പിരിക്കുമെന്ന് പറയുന്നത്. അത്തരത്തില്‍ ടോള്‍ വന്നാല്‍ ജനം അടിച്ചുപൊളിക്കും. കേരളത്തില്‍ ടോള്‍ നടപ്പാക്കാനാകില്ല. നികുതി പണത്തില്‍ നിന്നും റോഡ് പണിതിട്ട് വീണ്ടും ടോള്‍ പിരിക്കുന്നത് എന്ത് മര്യാദകേടാണ്. ടോള്‍ പിരിക്കില്ലെന്ന് നിയമസഭയില്‍ നല്‍കിയ ഉറപ്പിനും ഇത് വിരുദ്ധമാണ്.

യു.ഡി.എഫ് നേതൃത്വത്തില്‍ ജനുവരി 25-ന് ആരംഭിച്ച മലയോര സമര യാത്ര ഇന്നലെ അമ്പൂരിയില്‍ സമാപിച്ചു. ഈ യാത്രയിലൂടെ മലയോരത്തെ ജനങ്ങളുടെ സങ്കടങ്ങളും പ്രയാസങ്ങളും കൂടുതല്‍ മനസിലാക്കാന്‍ സാധിച്ചു. മലയോര ജനത ഭീതിയിലും ഉത്കണ്ഠയിലുമാണ്. കാര്‍ഷിക മേഖല പൂര്‍ണമായും തകര്‍ന്നു. വന്യജീവി ആക്രമണവും ഭൂ പ്രശ്‌നങ്ങളും ഈ ജനങ്ങളെ ദുരിതത്തിലാക്കി. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം. പരമ്പരാഗതമായ വന്യജീവി പ്രതിരോധം ഉള്‍പ്പെടെയുള്ളവ സ്ഥാപിക്കുന്നതിന് ആവശ്യമായ പണം സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി അത് ചെലവഴിക്കണം. നാല് വര്‍ഷമായി ഈ സര്‍ക്കാര്‍ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. കോടിക്കണക്കിന് രൂപയുടെ ആവശ്യങ്ങളാണ് വനാതിര്‍ത്തിയിലുള്ളത്. ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് വന്യജീവി ആക്രമണങ്ങള്‍ തടയുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാനും സര്‍ക്കാര്‍ തയാറാകണം. ബഫര്‍ സോണ്‍ വിഷയത്തിലും ഭൂ പ്രശ്‌നങ്ങളും തീരുമാനം എടുക്കണം. ഇതു സംബന്ധിച്ച വിശദ നിവേദനം യു.ഡി.എഫ് സര്‍ക്കാരിന് സമര്‍പ്പിക്കും.

മലയോര സമര ജാഥ രാഷ്ട്രീയ ജാഥയായിരുന്നില്ല. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ പ്രതിപക്ഷം നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കൊണ്ടു വന്നത് മലയോര ജനതയുടെയും തീരപ്രദേശത്തുള്ളവരുടെയും പ്രശ്‌നങ്ങളാണ്. മലയോര വിഷയത്തില്‍ ആറ് അടിയന്തിര പ്രമേയങ്ങളാണ് അവതരിപ്പിച്ചത്. എന്നിട്ടും ഒരു തീരുമാനവും ഉണ്ടായില്ല. നാല് വര്‍ഷമായി പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. വന്യജീവി ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടും വന്യജീവി ആക്രമണം കുറഞ്ഞെന്ന് ഗവര്‍ണറെക്കൊണ്ട് നിയമസഭയില്‍ പറയിച്ചു. ആയിരത്തിലധികം പേരാണ് വന്യജീവി ആക്രമണത്തില്‍ മരിച്ചത്. എണ്ണായിരത്തില്‍ അധികം പേരാണ് പരിക്കേറ്റ് കിടക്കുന്നത്. ഇതു കൂടാതെയാണ് ഭൂപ്രശ്‌നം. കൃഷിയിടങ്ങള്‍ വീണ്ടും വനങ്ങളാക്കുന്നു. മനുഷ്യന് ജീവിക്കാനാകാത്ത സാഹചര്യമാണ്. ഈ വിഷയങ്ങള്‍ കേരളത്തില്‍ ശ്രദ്ധയിലേക്ക് വീണ്ടും കൊണ്ടുവരുന്ന് പരിഹരിക്കുന്നതിനു വേണ്ടിയാണ് യാത്ര സംഘടിപ്പിച്ചത്. യാത്ര പ്രഖ്യാപിച്ചപ്പോള്‍ തന്നെ വനനിയമ ഭേദഗതി പിന്‍വലിച്ചു. അത് ജാഥയുടെ ആദ്യ വിജയമായിരുന്നു. മലയോര മേഖലയിലെ ജനങ്ങളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും. കേരളത്തില്‍ നിന്നുള്ള എല്ലാ യു.ഡി.എഫ് എം.പിമാരും വനനിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെടും. തീദേശ പ്രശ്‌നങ്ങള്‍ കൂടി യു.ഡി.എഫ് ഉയര്‍ത്തിക്കാട്ടും. അതിനായി തീരദേശ ജാഥ നടത്താന്‍ യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. അതിന്റെ തീയതി യു.ഡി.എഫ് യോഗം ചേര്‍ന്ന് തീരുമാനിക്കും.

എന്ത് വൃത്തികേടും പൊലീസ് ചെയ്യുമെന്നതിന്റെ ഉദാഹരണമാണ് പത്തനംതിട്ടയിലെ സംഭവം. കല്യാണത്തിന് പോയി തിരിച്ചു വന്ന കുടുംബത്തിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെയാണ് പൊലീസ് ആക്രമിച്ചത്. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണ്. എന്ത് അസംബന്ധമാണ്. പൊലീസിന്റെ തേര്‍വാഴ്ചയാണ് നടക്കുന്നത്. നാട് മുഴുവന്‍ ഗുണ്ടകളും മയക്കുമരുന്ന് സംഘങ്ങളുമാണ്. എവിടെ വച്ചും ആരും ആക്രമിക്കപ്പെടാമെന്ന അവസ്ഥയാണ്. സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടമാണ്. മയക്കുമരുന്നിന്റെ ആസ്ഥാനമായി കേരളം മാറി. പൊലീസും എക്‌സൈസുമൊക്കെ എവിടെയാണ്. ക്ലാസ് എടുക്കുന്നതിന് പകരം മയക്കുമരുന്ന് പിടിച്ചെടുക്കാനാണ് പൊലീസും എക്‌സൈസും ശ്രമിക്കേണ്ടത്. ക്രൂരമായ കൊലപാതകങ്ങളാണ് നടക്കുന്നത്. ജനുവരിയില്‍ മാത്രം എത്ര ക്രൂരമായ കൊലപാതകങ്ങളും ആക്രമണങ്ങളുമാണ് നടന്നത്. ആര്‍ക്കും ഒരു ഉത്തരവാദിത്തവും ഇല്ലേ? കാക്കിയിട്ടാല്‍ എന്ത് വൃത്തികേടും ചെയ്യാമെന്നാണോ? രാജകൊട്ടാരത്തിലെ വിദൂഷകരുടെ റോളിലാണ് പാര്‍ട്ടി സമ്മേളത്തില്‍ എത്തുന്നവര്‍. ആരും വിമര്‍ശിക്കാതിരിക്കാന്‍ മുഖ്യമന്ത്രി തന്നെ ജില്ലാ സമ്മേളനങ്ങളില്‍ പോയി ഇരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിന്റെ നിയന്ത്രണത്തിലുള്ള സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. കൂത്താട്ടുകുളത്ത് സ്ത്രീയെ തട്ടിക്കൊണ്ടു പോകുന്നതിന് സൗകര്യം ഒരുക്കിക്കൊടുത്തത് ഡി.വൈ.എസ്.പിയാണ്.

സി.എസ്.ആര്‍ ഫണ്ട് തട്ടിപ്പ് നടത്തിയ ആളുടെ ലീഗല്‍ അഡൈ്വസറായിരുന്നു ലാലി വിന്‍സെന്റ്. ലീഗല്‍ അഡൈ്വസര്‍ക്കെതിരെ കേസെടുത്തത് കോണ്‍ഗ്രസും ഉണ്ടെന്ന് കാണിക്കാനായിരിക്കും. വക്കീലിനെതിരെ എങ്ങനെയാണ് കേസെടുക്കുന്നത്? കേരളം മുഴുവന്‍ തട്ടിപ്പ് നടന്നിട്ടുണ്ട്. അവര്‍ എല്ലാ ജനപ്രതിനിധികളെയും സമീപിച്ചിട്ടുണ്ട്. എത്ര ബി.ജെ.പി നേതാക്കളുടെ പടമാണ് ഈ തട്ടിപ്പിന് വേണ്ടി ഉപയോഗിച്ചത്. അവരെ കുറിച്ചൊന്നും പൊലീസ് അന്വേഷിക്കുന്നില്ലല്ലോ?

കോണ്‍ഗ്രസില്‍ ഞാന്‍ ഉള്‍പ്പെടെയുള്ള ഒരാളും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ല. അതിന് പാര്‍ട്ടിക്ക് അതിന്റേതായ രീതിയുണ്ട്. മുഖ്യമന്ത്രി ഇത്രയും തമാശ പറയരുത്. 2006-ലെ കാര്യം എല്ലാവര്‍ക്കും ഓര്‍മ്മയുണ്ട്. അന്ന് വി.എസ് അച്യുതാനന്ദന് സീറ്റ് കൊടുക്കാതിരിക്കാന്‍ ശ്രമിച്ച്, പിന്നീട് പോളിറ്റ് ബ്യൂറോയില്‍ നിന്നും സീറ്റും വാങ്ങി ഇവിടെ ലാന്‍ഡ് ചെയ്തത് ഓര്‍മ്മയുണ്ടല്ലോ? എന്നിട്ട് അദ്ദേഹം മുഖ്യമന്ത്രിയായി. ആ അഞ്ച് വര്‍ഷം നടന്നത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. 2011 ല്‍ വി.എസ് വീണ്ടും മുഖ്യമന്ത്രി ആകുമെന്ന് തോന്നിയപ്പോള്‍ ഭരണം തന്നെ വേണ്ടെന്ന് തീരുമാനിച്ച ആളാണ് പിണറായി വിജയന്‍. ഞങ്ങള്‍ക്ക് അധികം ക്ലാസ് എടുക്കാന്‍ വരരുത്. പഴയ കഥയൊന്നും പറയിപ്പിക്കരുത്. വി.എസും പിണറായി വിജയനും തമ്മില്‍ നടന്നതൊന്നും ഞങ്ങളുടെ പാര്‍ട്ടിയില്‍ നടക്കില്ല. ഞങ്ങളുടെ പാര്‍ട്ടിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്ല. ഞങ്ങളുടേത് ദേശീയ പാര്‍ട്ടിയാണ്. സമയമാകുമ്പോള്‍ ആളെ തീരുമാനിക്കും. ഇപ്പോള്‍ ഒറ്റക്കെട്ടായി പാര്‍ട്ടിയെയും മുന്നണിയെയും കേരളത്തില്‍ അധികാരത്തില്‍ എത്തിക്കും. അതിനു വേണ്ടിയുള്ള ശ്രമത്തിലാണ്. പാര്‍ട്ടിക്കും മുന്നണിക്കും പുറത്ത് നില്‍ക്കുന്നവര്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ട കാര്യമില്ല. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം തീരുമാനിക്കും. സി.പി.എമ്മിന്റെ അജണ്ട നടപ്പാക്കാന്‍ വേണ്ടിയാണ് ചിലര്‍ മുഖ്യമന്ത്രി പദത്തെ കുറിച്ച് പറയുന്നത്. ഓരോരുത്തരും പറയുന്നതിന് മറുപടി പറയേണ്ട കാര്യമില്ല. മുഖ്യമന്ത്രി പറഞ്ഞതിനാണ് ഞാന്‍ ഇപ്പോള്‍ മറുപടി പറഞ്ഞത്. മുഖ്യമന്ത്രി അധികം തമാശ ഇക്കാര്യത്തെ കുറിച്ച് പറയരുത്. അധികം തമാശ പറഞ്ഞാല്‍ 2006 ലെയും 2011 ലെയും തമാശ തിരിച്ച് പറയേണ്ടി വരും.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *