പട്ടികവർഗ്ഗ മേഖലയിലെ സംഘടനാ പ്രതിനിധികളുമായി മന്ത്രി ഒ ആർ കേളു കൂടിക്കാഴ്ച നടത്തി

Spread the love

പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളുവിന്റെ നേതൃത്വത്തിൽ പട്ടികവർഗ്ഗ മേഖലയിലെ സംഘടനാ പ്രതിനിധികളുമായി യോഗം നടത്തി.പട്ടികവർഗ്ഗ വിഭാഗങ്ങളുടെ വികസനത്തിന് കാലാനുസൃതമായി കൂടുതൽ പദ്ധതികൾ അവിഷ്‌കരിക്കുമെന്നും ഇതിനായി കൃത്യമായ നടപടികളുമായി സർക്കാർ മുന്നോട്ടു പോവുകയാണെന്നും തൈക്കാട് സർക്കാർ അതിഥി മന്ദിരത്തിൽ നടന്ന യോഗത്തിൽ മന്ത്രി പറഞ്ഞു.സംസ്ഥാനത്തെ എല്ലാ ജില്ലയിലും മന്ത്രിയും വകുപ്പ് ഉദ്യോഗസ്ഥരും സിറ്റിംഗ് നടത്തി വിഷയങ്ങൾ വിലയിരുത്തിയിരുന്നു. സാമ്പത്തികം, ഭൂമി ലഭ്യമാക്കൽ, ആരോഗ്യം, തൊഴിൽ ഉൾപ്പടെ പല മേഖലകളിലും പുരോഗതി നേടാനുണ്ട്. എന്നാൽ പുതുതലമുറയ്ക്ക് പ്രയോജനപ്പെടുന്ന രീതിയിൽ വിദ്യാഭ്യാസ മേഖലയിൽ ഉന്നമനം നേടാനായിട്ടുണ്ട്. ചർച്ചകളിലൂടെ നേരിട്ട് വിഷയങ്ങൾ മനസിലാക്കി മുന്നോട്ട് പോകുമെന്നും പദ്ധതികൾ വേഗത്തിലും സുതാര്യമായും നടപ്പാക്കുന്നതിന് വകുപ്പിന്റെ സജീവമായ ഇടപെടൽ ഉണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.വിവിധ ത്രിതല പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന പദ്ധതികളിൽ 60 ശതമാനം ഫണ്ട് ചെലവിടൽ മാത്രമേ സാധ്യമാകുന്നുള്ളു. ഇത് വർധിപ്പിക്കാനാകണം. ശുചിത്വം, വീട്, ഭൂമി എന്ന നിലയിൽ മാത്രമായി പദ്ധതികൾ മാറരുത്. അനുവദിക്കുന്ന ഭൂമി അർഹരായവർ തന്നെ ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു. വായ്പ നൽകുന്നതുൾപ്പടെയുള്ള സംസ്ഥാന പട്ടികജാതി – പട്ടിക വർഗ്ഗ വികസന കോർപ്പറേഷന്റെ സേവനങ്ങൾ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾ നിശ്ചയമായും പ്രയോജനപ്പെടുത്തണം. ജാതിയും ഉപജാതിയും അവയുടെ സർട്ടിഫിക്കറ്റ് ലഭ്യമാക്കലും നിലവിൽ കൂടുതൽ സങ്കീർണമായിട്ടുണ്ടെന്നും കിർത്താഡ്‌സ് ഇതിൽ കൃത്യമായ പരിശോധനകൾ നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് സഹായകമാകുന്ന അഭിപ്രായങ്ങൾ രൂപീകരിക്കാനും വിവിധ വിഷയങ്ങൾക്കുള്ള പരിഹാരങ്ങളും നിർദേശങ്ങളും സംഘടനകളുമായി ചർച്ച ചെയ്യാനുമാണ് യോഗം സംഘടിപ്പിച്ചത്. യോഗത്തിൽ ഉയർന്നു വന്നിട്ടുള്ള നിർദ്ദേശങ്ങൾ സർക്കാരിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കും ഉപകാരപ്പെടുമെന്നും മന്ത്രി പറഞ്ഞു.പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ ഡോ. രേണു രാജ് സ്വാഗതം ആശംസിച്ചു. നാല്പത്തി അഞ്ചോളം സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു വിഷയങ്ങൾ അവതരിപ്പിച്ചു. കിർത്താഡ്സ് ഡയറക്ടർ ഡോ. ബിന്ദു. എസ്, കേരള സംസ്ഥാന പട്ടികജാതി – പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ വി.പി സുബ്രമണ്യൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *