കേരളത്തില്‍ നിലവിലിരിക്കുന്ന നിയമനമരവപ്പിക്കലിനെക്കുറിച്ച് മുഖ്യമന്ത്രിയോട് നേരിട്ടു സംസാരിച്ചിരുന്നു. സബ്ജക്ട് കമ്മിറ്റി മീറ്റിങ്ങിനു ശേഷം വനിതാ പുരുഷ പോലീസ് റാങ്ക് ലിസ്റ്റിന്റെ കാര്യം പറഞ്ഞപ്പോള്‍ ഇക്കാര്യം പരിശോധിക്കാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ ദിവസം പത്രക്കാര്‍ ചോദിച്ചപ്പോഴും അടുത്താഴ്ച പ്രതികരിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അടുത്തയാഴ്ച വനിതാ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുകയാണ്. ഇവരില്‍ പലരുടെയും പ്രായപരിധി അവസാനിക്കുകയാണ്. ഇനി അടുത്ത പരീക്ഷ എഴുതാന്‍ പലര്‍ക്കും ആവില്ല.
അതുകൊണ്ട് മനുഷ്യത്വപരമായ നടപടി സ്വീകരിച്ചു കൊണ്ട് പുരുഷ വനിതാ സിപിഒ റാങ്ക് ലിസ്റ്റിലുള്ള പരമാവധി പേര്‍ക്ക് ഒഴിവനുസരിച്ച് തൊഴില്‍ നല്‍കണം. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കു കത്തുനല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് നിലവില്‍ അപ്രഖ്യാപിത നിയമന നിരോധനമാണ്. എവിടെയും നിയമനങ്ങള്‍ നടക്കുന്നില്ല. ഒഴിവുകള്‍ നികത്തുന്നില്ല. താല്‍ക്കാലിക നിയമനങ്ങള്‍ യഥേഷ്ടം പിന്‍വാതിലില്‍ കൂടി നടക്കുന്നു. വനിതാ ബറ്റാലിയന്‍ ഉണ്ടായിട്ടു പോലും സംസ്ഥാനത്ത് ആവശ്യമായ വനിതാ പോലീസുകാര്‍ ഇല്ല. നിരവധി ഒഴിവുകള്‍ ഉണ്ടായിട്ടും റാങ്ക് ലിസ്റ്റുകള്‍ നിലവിലുണ്ടായിട്ടും ആളെ നിയമിക്കാതെ ജനങ്ങളെയും യുവാക്കളെയും ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അത് അവസാനിപ്പിക്കണം.
ആശാവര്‍ക്കാര്‍മാരുടെ സമരത്തോടുള്ള മുഖ്യമന്ത്രിയുടെ നിലപാട് അങ്ങേയറ്റം ഖേദകരമാണ്. സമരങ്ങളോട് മുഖ്യമന്ത്രിക്ക് അലര്‍ജിയാണ്. സമരം ചെയ്യുന്നവരോട് അത് നിർത്തി പോകാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഇത് തെറ്റായ സമീപനമാണ്.
കേരളത്തില്‍ ഇപ്പോള്‍ ലഹരിവാഴ്ചയാണ് നടക്കുന്നത്. കഴിഞ്ഞ ഒമ്പതു വര്‍ഷമായി പിണറായി വിജയന്‍ മുഖ്യമന്ത്രിയാണ്. ഈ കാലഘട്ടത്തിലാണ് കേരളം ലഹരിമാഫിയയുടെ കയ്യിലമര്‍ന്നത്. ഇതിന് അവസരം നല്‍കിയത് സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വമാണ്. ഇപ്പോള്‍ പ്രതിപക്ഷവും മാധ്യമങ്ങളും ഒന്നിച്ചാവശ്യപ്പെട്ടപ്പോഴാണ് എന്തെങ്കിലും ചെറിയ നടപടികളുണ്ടാകുന്നത്.
കോണ്‍ഗ്രസ് പാര്‍ട്ടിക്കു പുതിയ ദിശാബോധം നല്‍കുന്ന സമ്മേളനമായിരുന്നു അഹമ്മദാബാദിലേത്. പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനുതകുന്ന തരത്തിലാണ് സമ്മേളനം ക്രമീകരിച്ചത്. രാജ്യവ്യാപകമായി സംഘടനയെ ശക്തിപ്പെടുത്താനുതകുന്ന നിരവധി നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു.