കോണ്‍ഗ്രസും ഡോ.ബി.ആര്‍.അംബേദ്ക്കറും രാജ്യത്തിന് നല്‍കിയ ഭരണഘടനയുടെ വിശ്വാസ്യതയും കരുത്തും ഇല്ലാതാക്കാനുള്ള ഗൂഢപരിശ്രമങ്ങളാണ് ബിജെപി ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ഡോ.ബി.ആര്‍.അംബേദ്ക്കര്‍ ജയന്തിയുടെ ഭാഗമായി കെപിസിസി ആസ്ഥാനത്ത് നടന്ന പുഷ്പാര്‍ച്ചനക്ക് ശേഷം സംസാരിക്കുക ആയിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ തന്നെ ഭരണഘടനയെ ചോദ്യം ചെയ്യുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം തകര്‍ക്കുന്നു. പാര്‍ശ്വവ്തകരിക്കപ്പെട്ടവരുടെയും അവശദുര്‍ബല വിഭാഗങ്ങളുടെയും സാമൂഹ്യനീതി ഉറപ്പാക്കാന്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നതാണ് നമ്മുടെ ഭരണഘടന. നവോത്ഥാന പോരാട്ടം നടന്ന കേരളത്തില്‍ പോലും വര്‍ത്തമാനകാലത്ത് ക്രൂരമായ ജാതിവിവേചനം നടക്കുന്നു. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴകജോലിക്ക് പിന്നാക്ക ജാതിക്കാരന് ജോലിയില്‍ തുടരാന്‍ ദേവസ്വംപോലും പൂര്‍ണ്ണ പിന്തുണ നല്‍കിയില്ലെന്നത് നിര്‍ഭാഗ്യകരമാണ്. രാജസ്ഥാന്‍ പ്രതിപക്ഷ നേതാവ് ക്ഷേത്ര ദര്‍ശനം കഴിഞ്ഞയുടനെ അവിടെ പുണ്യാഹം തളിക്കുന്നതാണ് ഈ രാജ്യം ഭരിക്കുന്നവരുടെ സഹയാത്രികള്‍ ചെയ്തത്.ദളിത് പിന്നോക്ക വിഭാഗങ്ങളോട് കാട്ടുന്ന അനീതി ലജ്ജാകരമാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി,യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു,ഭാരതീയ ദളിത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ.ശശി,എന്‍.ശക്തന്‍,ജിഎസ് ബാബു,ജി.സുബോധന്‍, എംഎം നസീര്‍, ഡിസിസി പ്രസിഡന്റ് പാലോട് രവി, ചെറിയാന്‍ ഫിലിപ്പ്, കെ.മോഹന്‍കുമാര്‍,ശരത്ചന്ദ്ര പ്രസാദ്,മണക്കാട് സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.