സംവിധാന്‍ ബച്ചാവോ റാലിയും പൊതുസമ്മേളനവും ഭീകരവിരുദ്ധ പ്രതിജ്ഞയും മേയ് 4 ന് തിരുവനന്തപുരത്ത്

Spread the love

മോദി ഭരണത്തില്‍ നിരന്തരം ഭീഷണി നേരിടുന്ന ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുകയെന്ന എഐസിസി അഹമ്മദാബാദ് സമ്മേളന തീരുമാനപ്രകാരം രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന സംവിധാന്‍ ബച്ചാവോ റാലിയും പൊതുസമ്മേളനവും ഭീകരവിരുദ്ധ പ്രതിജ്ഞയും കെപിസിസിയുടെ നേതൃത്വത്തില്‍ മേയ് 4 ഞായറാഴ്ച വൈകുന്നേരം 4ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍,എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി,കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍,എഐസിസി ഭാരവാഹികള്‍, എംപിമാര്‍, എംഎല്‍എമാര്‍,കെപിസിസി ഭാരവാഹികള്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍,ഡിസിസി പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കും. സെക്രട്ടേറിയറ്റിന് മുന്നില്‍ നിന്നും പുത്തരിക്കണ്ടം മൈതാനത്തേക്ക് പ്രകടനം ആരംഭിക്കും. തിരുവനന്തപുരം ജില്ലയുടെ പ്രകടനം പ്രസ്സ് ക്ലബിന് മുന്നില്‍ നിന്നും ആസാദ് ഗേറ്റിലൂടെ എം.ജി റോഡില്‍ പ്രവേശിച്ച് കടന്നുപോയതിന് ശേഷം തൊട്ടുപിന്നിലായി കൊല്ലം,പത്തനംതിട്ട ജില്ലകളുടെ പ്രകടനം രണ്ടുവരികളായി സമ്മേളന വേദിയിലേക്ക് നീങ്ങും.

പ്രകടനം ആരംഭിക്കുന്നതിന് മുന്‍പ് തിരുവനന്തപുരം ജില്ലയിലെ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് പിന്‍വശത്തുള്ള പ്രസ്സ് ക്ലബ് റോഡില്‍ കേന്ദ്രീകരിക്കണം. കൊല്ലം,പത്തനംതിട്ട ജില്ലകളില്‍ നിന്ന് പ്രവര്‍ത്തകരുമായി എത്തുന്ന വാഹനങ്ങള്‍ സെക്രട്ടേറിയറ്റിലെ സമര ഗേറ്റിന് മുന്നില്‍ പ്രവര്‍ത്തകരെ ഇറക്കിയശേഷവും പവര്‍ഹൗസ് റോഡിലൂടെ റെയില്‍വെ സ്‌റ്റേഷന്‍ രണ്ടാം ഗേറ്റിന് എതിര്‍വശമുള്ള കവാടത്തിലൂടെ പുത്തരിക്കണ്ടം മൈതാനത്തില്‍ പ്രവേശിച്ച് വേദിക്ക് പിന്നിലായി വാഹനം പാര്‍ക്ക് ചെയ്യണം.

Author

Leave a Reply

Your email address will not be published. Required fields are marked *