പരാതി നല്‍കാനെത്തിയ ദളിത് യുവതിയോട് അപമര്യാദയായി പെരുമാറിയതിന് മുഖ്യമന്ത്രിയുടെ ഓഫീസ് മാപ്പു പറയണം : ചെന്നിത്തല

Spread the love

തിരുവനന്തപുരം : വ്യാജ മോഷണ കേസില്‍ പോലീസ് മാനസികമായി പീഡിപ്പിച്ച ദളിത് യുവതിയോട് അപമര്യാദയായി പെരുമാറിയതിന് മുഖ്യമന്ത്രിയുടെ ഓഫീസ് ഖേദം പ്രകടിപ്പിക്കണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ സംഭവത്തോടെ സര്‍ക്കാരിന്റെ ദളിത് വിരുദ്ധ മുഖം സമ്പൂര്‍ണ്ണമായി വെളിവായിരിക്കുകയാണ്.

പേരൂര്‍ക്കട സ്റ്റേഷനില്‍ ഏതാണ്ട് ഒരു ദിവസം കുടിവെള്ളം പോലും കൊടുക്കാതെ ഭക്ഷണം പോലും നിഷേധിച്ചു, ബിന്ദു എന്ന വീട്ടമ്മയെ കൊണ്ട് ചെയ്യാത്ത കുറ്റം സമ്മതിപ്പിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കാന്‍ എത്തിയ ദളിത് യുവതിയോട് അങ്ങേയറ്റം മനുഷ്യവിരുദ്ധവുമായും നികൃഷ്ടമായുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചത് എന്നാണ് മനസ്സിലാകുന്നത്.

മനുഷ്യന് സ്വാഭാവിക നീതി നിഷേധിക്കപ്പെടുമ്പോള്‍ കരുണാര്‍ദ്രമായ സമീപനം വെച്ച് പുലര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അല്ലാതെ ആട്ടിപ്പായിക്കുകയല്ല. ഇത് പോലീസിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ്. മനുഷ്യവിരുദ്ധമാണ്.

വീട്ടുടമയില്‍ നിന്ന് മാല മോഷ്ടിച്ചു എന്ന് ആ യുവതിക്ക് സമ്മതിക്കേണ്ടി വന്നെങ്കില്‍ എത്രമാത്രം ക്രൂരമായ ഭീഷണികള്‍ക്കും മാനസിക പീഡനങ്ങള്‍ക്കും ആണ് അവര്‍ വിധേയയായത് എന്ന് ഊഹിക്കാനാകും. അടുത്തദിവസം വീട്ടുടമയുടെ വീട്ടില്‍ നിന്ന് തന്നെ മാല കിട്ടിയിട്ടും യുവതിക്ക് പിന്നെയും ഇന്‍സ്‌പെക്ടറില്‍ നിന്ന് ഭീഷണി നേരിടേണ്ടി വന്നു.

തികഞ്ഞ മനുഷ്യാവകാശ ലംഘനവും ദളിത് അധിക്ഷേപവും ആണിത്. വെള്ളം പോലും കൊടുക്കാതെ ബാത്‌റൂമില്‍ നിന്ന് കുടിക്കാന്‍ ആവശ്യപ്പെട്ടു എന്നാണ് മനസ്സിലാക്കുന്നത്.

ഒരാളുടെ നിറം വച്ചോ ജാതി വച്ചോ അയാളെ കുറ്റക്കാരന്‍ എന്നു വിളിക്കുന്ന വൃത്തികെട്ട ഫ്യൂഡലിസത്തില്‍ നിന്ന് പോലീസ് സേന വിമോചിതരായിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ഈ സംഭവങ്ങള്‍. കടുത്ത പൊതു സമ്മര്‍ദ്ദങ്ങള്‍ക്ക് ഒടുവിലാണെങ്കിലും കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതിനെ സ്വാഗതം ചെയ്യുന്നു.

പക്ഷേ ഇത്തരം സംഭവങ്ങള്‍ കേരള സമൂഹത്തില്‍ വച്ച് പൊറുപ്പിക്കാന്‍ ആവില്ല. പരാതി നല്‍കാനെത്തിയ ഇവരോട് മോശമായി പെരുമാറിയതിന് മുഖ്യമന്ത്രിയുടെ ഓഫീസ് യുവതിയോട് മാപ്പ് പറയണം – ചെന്നിത്തല പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *