ആലപ്പുഴ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞത് (19/05/2025).
പിണറായി വിജയന്‍ ആഭ്യന്തരമന്ത്രിയായി തുടരുമ്പോള്‍ പൊലീസ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് കക്കൂസിലെ വെള്ളമാണോ കുടിക്കാന്‍ കൊടുക്കുന്നത്? ഒരു സ്ത്രീയെ രാത്രി മുഴുവന്‍ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തുന്നതാണോ ഈ സര്‍ക്കാരിന്റെ നീതി? പരസ്യത്തിന് പുറമെ ഏതെങ്കിലും മാധ്യമങ്ങള്‍ക്ക് സര്‍ക്കാരോ സര്‍ക്കാര്‍ ഏജന്‍സികളോ പണം നല്‍കുന്നുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം?.
ജനജീവിതം ദുസഹമാക്കിയ പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികദിനം യു.ഡി.എഫ് കരിദിനമായി ആചരിക്കുകയാണ്. സര്‍ക്കാരില്ലായ്മയാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. ജനങ്ങളുടെ പ്രയാസപ്പെടുമ്പോള്‍ അവര്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന്റെ സാന്നിധ്യം ഒരു മേഖലയിലുമില്ല. തിരുവനന്തപുരത്ത് വീട്ടുജോലി ചെയ്യുന്ന ഒരു പാവം സ്ത്രീയെ 20 മണിക്കൂര്‍ സ്റ്റേഷനില്‍ ഇരുത്തി പീഡിപ്പിച്ചു. പരാതി പിന്‍വലിച്ചിട്ടും ആ സ്ത്രീയുടെ പേരില്‍ എഫ്.ഐ.ആര്‍ ഇട്ട് പരിസരത്തെങ്ങും കണ്ടു പോകരുതെന്ന് ഭീഷണിപ്പെടുത്തിയാണ് പറഞ്ഞുവിട്ടത്. പിണറായി വിജയന്‍ ആഭ്യന്തരമന്ത്രിയായി തുടരുമ്പോള്‍ പൊലീസ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് കക്കൂസിലെ വെള്ളമാണോ കുടിക്കാന്‍ കൊടുക്കുന്നത്? ഒരു സ്ത്രീയെ രാത്രി മുഴുവന്‍ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തുന്നതാണോ ഈ സര്‍ക്കാരിന്റെ നീതി? മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതിയുമായി ഈ സ്ത്രീ എത്തിയപ്പോള്‍ അവരെ വീണ്ടും അപമാനിച്ചു. പരാതി കിട്ടിയാല്‍ സ്റ്റേഷനില്‍ വിളിപ്പിക്കുമെന്നും വേണമെങ്കില്‍ കോടതിയില്‍ പൊയ്‌ക്കോളൂവെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പറഞ്ഞത്. ഒരു ദളിത് യുവതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കിട്ടിയ നീതി ഇതാണ്. ഇതൊരു പ്രതീകം മാത്രമാണ്. ഈ സംസ്ഥാനത്ത് നടക്കുന്ന പൊലീസ് ഭരണത്തിന്റെ നേര്‍സാക്ഷ്യമാണ് തിരുവനന്തപുരം സ്വദേശിയായ ദലിത് യുവതി ബിന്ദു അനുഭവിച്ചത്. വാര്‍ത്ത വന്നിട്ടും എന്ത് പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുണ്ടായത്. പാര്‍ട്ടിക്കാര്‍ക്ക് വേണ്ടിയായിരുന്നെങ്കില്‍ എന്തും ചെയ്തുകൊടുത്തേനെ.
കേരളത്തെ ലഹരി മരുന്നിന്റെ താവളമാക്കി മാറ്റിയത് ഈ സര്‍ക്കാരാണ്. സി.പി.എം നല്‍കുന്ന രാഷ്ട്രീയ രക്ഷകര്‍തൃത്വമാണ് കേരളത്തെ ലഹരി മരുന്നിന്റെ താവളമാക്കി മാറ്റിയത്. ചരിത്രത്തിലെ ഏറ്റവും പരിതാപകരമായ അവസ്ഥയിലാണ് കേരളത്തിന്റെ ധനസ്ഥിതി. 2016-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭരണത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ 1.56 ലക്ഷം കോടിയായിരുന്ന പൊതുകടം പത്ത് കൊല്ലം കഴിഞ്ഞപ്പോള്‍ 6 ലക്ഷം കോടിയിലേക്ക് വര്‍ധിച്ചു. ഇതിന് പുറമെയാണ് കിഫ്ബി ഉള്‍പ്പെടെയുള്ളവയുടെ ബാധ്യത. ആശുപത്രികളില്‍ മരുന്നില്ല. സപ്ലൈകോയില്‍ സോപ്പും ചീപ്പും കണ്ണാടിയും അല്ലാതെ സബ്‌സിഡി സാധനങ്ങളില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ലാഭത്തിലായിരുന്ന കെ.എസ്.ഇ.ബിയെ 45000 കോടി കടത്തിലാക്കി. മൂന്നു തവണ വൈദ്യുതി ചാര്‍ജ്ജ് കൂട്ടി ജനങ്ങളെ പ്രതിസന്ധിയിലാക്കി. ക്ഷേമനിധി ബോര്‍ഡുകള്‍ പൂര്‍ണമായും തകര്‍ന്നു. 2500 കോടി രൂപയുടെ ബാധ്യതയാണ് ആറേഴ് ക്ഷേമനിധി ബോര്‍ഡുകളില്‍. കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആനുകൂല്യങ്ങള്‍ നല്‍കിയിട്ട് 18 മാസമായി. പെന്‍ഷന്‍ വീട്ടില്‍ എത്തിക്കുന്ന കളക്ഷന്‍ ഏജന്റുമാര്‍ക്കും പാചക തൊഴിലാളികള്‍ക്കും പണം നല്‍കുന്നില്ല. ജല്‍ജീവന്‍ പദ്ധതിയില്‍ കോടികളാണ് കരാറുകാര്‍ക്ക് നല്‍കാനുള്ളത്. ജീവനക്കാര്‍ക്ക് ഡി.എ കുടിശികയും ലീവ്
സറണ്ടറുമായി നല്‍കാനുള്ളത് 65000 കോടി രൂപയാണ്. പദ്ധതി അടങ്കല്‍ കുറെ വര്‍ഷമായി വര്‍ധിക്കുന്നില്ല. ആ പദ്ധതി തുക പോലും വെട്ടിക്കുറയ്ക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിഹിതം നല്‍കാതെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കിയിട്ടാണ് ഈ സര്‍ക്കാര്‍ വാര്‍ഷികം ആഘോഷിക്കുന്നത്. 200 കോടി ചെലവഴിച്ചാലും സര്‍ക്കാരിന്റെ വാര്‍ഷികം അവസാനിക്കില്ല. 15 കോടി ചെലവഴിച്ചാണ് മുഖ്യമന്ത്രിയുടെ ഹോള്‍ഡിങ്‌സ് വച്ചിരിക്കുന്നത്. നാലാം വര്‍ഷികത്തിന്റെ പ്രചരണത്തിന് പരസ്യം അല്ലാതെ മാധ്യമങ്ങള്‍ക്ക് പണം നല്‍കുന്നുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വാര്‍ഷിക ആഘോഷ പരിപാടികള്‍ പ്രൈം ടൈംമില്‍ കാണിക്കാനും ഡോക്യുമെന്ററി ചെയ്യാനും മന്ത്രിമാരെ പ്രമോട്ട് ചെയ്യാനും പരസ്യമല്ലാതെ മാധ്യമങ്ങള്‍ക്ക് സര്‍ക്കാരോ സര്‍ക്കാരിന്റെ ഏതെങ്കിലും ഏജന്‍സികളോ പണം നല്‍കുന്നുണ്ടോ? നിങ്ങള്‍ക്ക് മാധ്യമങ്ങളോട് പുച്ഛമായിരുന്നല്ലോ? മാധ്യമങ്ങളെ മോശമായി പറയുന്ന നിങ്ങള്‍ വാര്‍ഷിക ആഘോഷത്തെയും മന്ത്രിമാരെയും പ്രമോട്ട് ചെയ്യാന്‍ പരസ്യമല്ലാതെ പണം നല്‍കുന്നുണ്ടോയെന്ന് മുഖ്യമന്ത്രി പറയണം. കാരണം ഈ പണം ആരുടെയും വീട്ടില്‍ നിന്നും എടുത്തു കൊടുക്കുന്നതല്ല. ജനങ്ങളുടെ നികുതി പണമാണ് നിങ്ങള്‍ കൊടുക്കുന്നത്. നിങ്ങള്‍ ഭരിച്ച് തകര്‍ത്തത് പ്രമോട്ട് ജനങ്ങളുടെ പോക്കറ്റില്‍ നിന്നും പണം പിടിച്ചു പറിക്കുകയാണ്.
കേരളം തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. ഒരു പുതിയ വികസന പദ്ധതികളും നടപ്പാക്കാനാകുന്നില്ല. സാമൂഹിക ക്ഷേമ പദ്ധതികള്‍ പൂര്‍ണമായും സ്തംഭിച്ചു. ഉണ്ടാക്കിയെടുത്ത പല നേട്ടങ്ങളും ഈ സര്‍ക്കാര്‍ ഇല്ലാതാക്കി. സാംക്രമികരോഗങ്ങള്‍ പടര്‍ന്നു പിടിക്കുകയാണ്. പൊതുജന ആരോഗ്യത്തെ കുറിച്ച് ഒരു ബോധ്യവും ഈ സര്‍ക്കാരിനില്ല. കുട്ടനാട്ടില്‍ ഉള്‍പ്പെടെ നെല്ല് സംഭരണം നടക്കുന്നില്ല. നാളികേര സംഭരണവും മുടങ്ങി. വന്യജീവി ആക്രമണങ്ങള്‍ ഓരോ ദിവസവും ശക്തമാകുകയാണ്. മലയോരത്തെ ജനങ്ങളെ വന്യജീവികളുടെ ഭക്ഷണമാകാന്‍ വിട്ടുകൊടുത്തിരിക്കുന്ന സര്‍ക്കാരാണിത്.ജനങ്ങളെ അവരുടെ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. കടല്‍ഖനനം നിര്‍ത്തലാക്കാനും ഈ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കമിഴ്ന്നു വീണാല്‍ കാല്‍പ്പണവുമായി പൊന്തുന്ന സര്‍ക്കാരായി ഇവര്‍ മാറി. ഇതാണ് നാല് വര്‍ഷമായ സര്‍ക്കാരിന്റെ ബാക്കിപത്രം. തിരഞ്ഞെടുപ്പിന് വേണ്ടി ജനങ്ങളുടെ നികുതി പണമെടുത്താണ് സര്‍ക്കാര്‍ ആഘോഷിക്കുന്നത്. വികസനത്തെ സംബന്ധിച്ച് ഇല്ലാക്കഥകളാണ് സര്‍ക്കാര്‍ ഉണ്ടാക്കുന്നത്. ഇതൊക്കെ ആരും വിശ്വസിക്കില്ല. സാധാരണക്കാരന്റെ സ്ഥിതി അവര്‍ക്കറിയാം. ഈ സര്‍ക്കാര്‍ കേരളത്തെ തകര്‍ത്തതു കൊണ്ടാണ് നാലാം വാര്‍ഷികദിനം യു.ഡി.എഫ് കരിദിനമായി ആചരിക്കുന്നത്.