ലഹരി മരുന്ന് കേസില്‍ കുറ്റസമ്മതം നടത്തി തിരിച്ചു വന്ന വേടനെ റോള്‍ മോഡല്‍ ആക്കി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ തെറ്റില്ല. അദ്ദേഹത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ തെറ്റില്ല.
ആലപ്പുഴ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞത് (19/05/2025).
ലഹരി മരുന്ന് ഇല്ലാതാക്കുന്നതിന് എന്‍ഫോഴ്‌സ്‌മെന്റാണ് നടത്തേണ്ടത്. അല്ലാതെ വിമുക്തിയല്ല. ലഹരി മരുന്നിന്റെ നെറ്റ് വര്‍ക്ക് പൊളിച്ചാല്‍ മാത്രമെ അത് ഇല്ലാതാക്കാനാകൂ. ലഹരി വ്യാപനം രൂക്ഷമായ നിലയില്‍ എത്തിയിരിക്കുകയാണ്. എക്‌സൈസ് നന്നായി പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് പരാതി.
കോഴിക്കോട്ടെ തീപിടിത്തം സംബന്ധിച്ച് ഗൗരവതരമായ അന്വേഷണം നടത്തണം. ഭാവിയില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രമമാണ് നടത്തേണ്ടത്.
ധനകാര്യ കമ്മിഷന് മുന്നില്‍ പ്രതിപക്ഷം നന്നായി വാദിച്ചെന്ന് ധനമന്ത്രി തന്നെ നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്. സുപ്രീം കോടതിയില്‍ കേസിന് പോയപ്പോള്‍ കേന്ദ്ര നല്‍കാനുള്ള പണത്തെ കുറിച്ച് സംസ്ഥാനം മിണ്ടിയില്ല. 5 വര്‍ഷം കിട്ടേണ്ട ജി.എസ്.ടി കോംമ്പന്‍സേഷന്‍ ആറാം വര്‍ഷവും കിട്ടിയിരുന്നെങ്കില്‍ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. സംസ്ഥാനത്ത് നികുതി ഭരണസംവിധാനം തകര്‍ന്നു പോയി. ബാറുകളുടെ എണ്ണം വര്‍ധിച്ചിട്ടും വരുമാനം കുറഞ്ഞു. ഐ.ജി.എസ്.ടിയില്‍ 35000 കോടിയാണ് സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയത്.
സര്‍ക്കാരിനെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടും. 77 ലും സര്‍ക്കാര്‍ ഭരണത്തുടര്‍ച്ചയ്ക്ക് വേണ്ടിയാണ് സി.പി.എം പ്രചരണം നടത്തിയത്. എന്നാല്‍ 111 സീറ്റുകളുമായാണ് യു.ഡി.എഫ് വിജയിച്ചത്. ഇ.എം.എസ് പോലും കഷ്ടിച്ചാണ് വിജയിച്ചത്. 57 ല്‍ ഇ.എം.എസ്, 67 ല്‍ ഇ.എം.എസ് 77 ലും ഇ.എം.എസ് എന്ന മുദ്രാവാക്യം പോലെയാണ് പിണറായി 3 എന്നത്. നൂറില്‍ അധികം സീറ്റുമായി യു.ഡി.എഫ് അധികാരത്തില്‍ എത്തും.
എത്രയോ മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ വന്നിട്ടുണ്ട്. അവര്‍ക്ക് നാണം ഇല്ലാത്തതു കൊണ്ട് രാജി വച്ചില്ല. ഇതിനേക്കാള്‍ ചെറിയ ആരോപണങ്ങള്‍ വന്നപ്പോള്‍ പലരും രാജി വച്ചിട്ടുണ്ട്. കെ.എഫ്.സിയടെ പണം അനില്‍ അംബാനിയുടെ പൂട്ടാന്‍ പോകുന്ന കമ്പനിയില്‍ നിക്ഷേപിച്ച് പണം നഷ്ടപ്പെടുത്തിയതില്‍ എന്ത് തെളിവാണ് ഇനി വേണ്ടത്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നടപടിയെടുക്കും. മുഖ്യമന്ത്രിയുടെ മകള്‍ 2.7 കോടി രൂപ സ്വകാര്യ കമ്പനിയില്‍ നിന്നും കൈപ്പറ്റിയെന്ന ആരോപണത്തില്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമില്ലേ? ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ടേ? പാലക്കാട്ട് ഡിസ്റ്റിലറി വിഷയത്തില്‍ എന്ത് തെളിവാണ് മന്ത്രി എം.ബി രാജേഷിനെതിരെ ഹാജരാക്കാതിരുന്നത്? അപേക്ഷിക്കുന്നതിന് മുന്‍പ് ആ കമ്പനിക്ക് നാട്ടുകാരെ പറ്റിച്ച് സ്ഥലം കൊടുക്കുകയല്ലേ ചെയ്തത്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് തെളിവ് വേണമെങ്കിലും നേരിട്ട് വന്നാല്‍ തരാം.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം എന്താണ് ചെയ്തു കൊണ്ടിരിക്കുന്നതെന്ന സത്യം തുറന്നു പറഞ്ഞതിന് ജി സുധാകരനെ അഭിനന്ദിക്കുന്നു. പോസ്റ്റല്‍ വോട്ടില്‍ കൃത്രിമമാണ് സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് കേരളത്തിലെ ഏറ്റവും മുതിര്‍ന്ന നേതാവ് പറഞ്ഞിരിക്കുന്നത്. സുധാകരന്‍ എന്തായാലും നുണ പറയില്ല.
നിങ്ങള്‍ എല്ലാ ദിവസവും രാവിലെ കോണ്‍ഗ്രസിന്റെ പിന്നാലെ നടന്നിട്ട് ഒരു കാര്യവുമില്ല. ചില മാധ്യമ പ്രവര്‍ത്തകര്‍ രാവിലെ ഇതായിരിക്കും കെ.പി.സി.സി പ്രസിഡന്റെന്നു പറയും. നിങ്ങളാണോ കെ.പി.സി.സി പ്രസിഡന്റിനെ തീരുമാനിക്കുന്നത്? ഉച്ചയാകുമ്പോള്‍ അയാളുടെ തൂക്കം കുറഞ്ഞെന്ന് പറയും. നിങ്ങളുടെ തന്നെ വിശ്വാസ്യതയാണ് ഇല്ലാതാകുന്നത്. നിങ്ങള്‍ രാജീവ് ചന്ദ്രശേഖറിന് എതിരെ ഒന്നും പറയുന്നില്ലല്ലോ? സി.പി.എമ്മിലേതു പോലെ എന്തായാലും ഞങ്ങള്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ഉദ്ദേശിക്കുന്നില്ല. ഏകപക്ഷീയമായി പാനല്‍ അവതരിപ്പിച്ച് കൈയ്യടിക്കുന്ന പരിപാടി കോണ്‍ഗ്രസില്‍ നടക്കില്ല. കോണ്‍ഗ്രസിനെതിരെ മാത്രം പറയാന്‍ മാധ്യമ പ്രവര്‍ത്തകരുടെ ഒരു സംഘം ഇറങ്ങിയിരിക്കുകയാണ്. അതിന്റെ പിന്നിലുള്ള കാര്യങ്ങള്‍ പിന്നാലെ വന്നോളും.
ഏറ്റവും കൂടുതല്‍ ചോദ്യം ചോദിച്ചത് ദേശാഭിമാനിക്കാരനും കൈരളിക്കാരനുമാണ്. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വിഴിഞ്ഞം പദ്ധതി കൊണ്ടു വന്നപ്പോള്‍ ഒന്നാം പേജില്‍ കടല്‍ക്കൊള്ള എന്ന് എഴുതിയത് ഇപ്പോള്‍ ഓര്‍മ്മ കാണില്ല. ഇപ്പോള്‍ വിഴിഞ്ഞം കമ്മിഷന്‍ ചെയ്തപ്പോള്‍ കടലിലെ വിപ്ലവും എന്നാണ് പറഞ്ഞത്. നിങ്ങളുടെ എല്ലാ ചോദ്യത്തിനും ഞാന്‍ മറുപടി പറഞ്ഞു. ഇതുപോലെ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിക്കാനാകുമോ? 50 മിനിട്ട് മുഖ്യമന്ത്രി വായിക്കും. ബാക്കി പത്ത് മിനിട്ടില്‍ ചോദ്യം ചോദിക്കാന്‍ നിങ്ങളെ പോലെ മൂന്നു നാലു പേരെ ചുമതലപ്പെടുത്തും. ലെജന്‍ഡാണ് കാരണഭൂതനാണ് എന്നൊക്കെയുള്ള സുഖിപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കും. അതു കഴിയുമ്പോള്‍ സമയമായി ഏഴ് മണി. എഴുന്നേല്‍ക്കട്ടെ, നമസ്‌ക്കാരം.