കരുവന്നൂരില്‍ 180 കോടി മുക്കിയെന്നു കുറ്റപത്രം: എന്തു കൊണ്ട് പ്രതികളായ നേതാക്കള്‍ അറസ്റ്റിലായില്ല? ഇത് ഡീല്‍ – രമേശ് ചെന്നിത്തല

Spread the love

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്കില്‍ നിന്ന് നിക്ഷേപകരുടെ 180 കോടി രൂപ അടിച്ചുമാറ്റിയെന്ന കേസില്‍ സിപിഎമ്മിന്റെ മൂന്നു ജില്ലാ സെക്രട്ടറിമാരെ പ്രതിചേര്‍ത്ത ഇഡി ഒറ്റയാളെപ്പോലും എന്തു കൊണ്ട് ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ചോദിച്ചു. ഇത്ര ഭീകരമായ ഒരു സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിപ്പട്ടികയില്‍ ഉള്ളവരെ അറസ്റ്റ് ചെയ്യത്താതിനു കാരണം ബിജെപി – സിപിഎം ഡീലാണ്. തൃശൂരില്‍ പൂരം കലക്കി ബിജെപിക്കു വിജയവഴിയൊരുക്കാന്‍ സിപിഎം തയ്യാറായതു തന്നെ നേതാക്കളുടെ അറസ്റ്റ് ഒഴിവാക്കിക്കൊടുക്കാം എന്ന ധാരണയുടെ പുറത്താണെന്നത് കൊച്ചു കുട്ടികള്‍ക്കു പോലും അറിയാം.

ഇഡി കേസുകള്‍ എല്ലാം രാഷ്ട്രീയ കാര്യ സാധ്യത്തിനു വേണ്ടിയുള്ളവയാണ്. കേരളത്തില്‍ സിപിഎമ്മിന്റെ അഴിമതികള്‍ കണ്ടെത്തി കേസെടുത്ത് ബ്‌ളാക്ക് മെയില്‍ ചെയ്യുകയാണ് ഇഡി ചെയ്യുന്നത്. ബിജെപിയുടെ രാഷ്ട്രീയ അജണ്ടയ്ക്കു സിപിഎം കൂട്ടു നില്‍ക്കുന്നതോടെ കേസുകള്‍ ആവിയായി പോകുന്നു. സ്വര്‍ണക്കടത്ത് കേസു മുതലുള്ളവ ഇതിന് ഉദാഹരണമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടിടപെട്ട ഒരു കള്ളക്കടത്ത് കേസില്‍ പിന്നീടെന്തു സംഭവിച്ചു എന്നു നമ്മള്‍ കണ്ടതാണ്. ഒന്നോ രണ്ടോ അപ്രസക്തരായ ഇടനിലക്കാര്‍ അറസ്റ്റിലായതല്ലാതെ മുഖ്യപ്രതികളൊന്നും അറസ്റ്റിലായില്ല.

കരുവന്നൂര്‍ കേസിലും സമാനമായ അവസ്ഥതന്നെയാണ്. വളരെ സജീവമായി മുന്നോട്ടു പോയകേസ് പെട്ടെന്നൊരു ദിവസം ആവിയായി പോയി. കാരണം ഡീല്‍ തന്നെ. അതിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചതോടെ എല്ലാവര്‍ക്കും കാര്യം മനസിലായി. ഒന്നും രണ്ടുമല്ല, 180 കോടി രൂപയാണ് മുക്കിയത്. ഇതിലെ പ്രധാനപ്രതികളെയും ഗൂഢാലോചനക്കാരെയും എന്തു കൊണ്ട് അറസ്റ്റ് ചെയ്തില്ല എന്നതിന് ഇഡി ഉത്തരം നല്‍കണം – ചെന്നിത്തല പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *