സംസ്കൃത സര്‍വ്വകലാശാല: ബിരുദ, ഡിപ്ലോമ പ്രവേശനം; ഓൺലൈൻ അപേക്ഷ ജൂണ്‍ എട്ട് വരെ

Spread the love

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2025-26 അക്കാദമിക വർഷത്തിൽ ആരംഭിക്കുന്ന നാല് വര്‍ഷ ബി.എ., ബി. എഫ്. എ., ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.

നാല് വർഷ ബിരുദ പ്രോഗ്രാമുകൾ

ബി. എ. (ഓണേഴ്സ്): സംസ്കൃതം-സാഹിത്യം, സംസ്കൃതം – വേദാന്തം, സംസ്കൃതം – വ്യാകരണം, സംസ്കൃതം -ന്യായം, സംസ്കൃതം – ജനറൽ, സംഗീതം, ഡാൻസ് – ഭരതനാട്യം, ഡാൻസ് – മോഹിനിയാട്ടം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഉറുദു, ഫിലോസഫി.

ബി. എസ്. ഡബ്ല്യു.( സോഷ്യൽ വർക്ക്)

മേൽപ്പറഞ്ഞ വിഷയങ്ങൾ കൂടാതെ അറബിക് മൈനർ ബിരുദ പ്രോഗ്രാമായി തെരഞ്ഞെടുക്കാവുന്നതാണ്.

ബിരുദം മൂന്ന് വിധം

നാല് വര്‍ഷ ബിരുദ സമ്പ്രദായത്തില്‍ മൂന്ന് വിധത്തില്‍ ബിരുദ പ്രോഗ്രാം പൂര്‍ത്തിയാക്കുവാന്‍ കഴിയും. മൂന്ന് വര്‍ഷ ബിരുദം, നാല് വര്‍ഷ ഓണേഴ്സ് ബിരുദം, നാല് വര്‍ഷ ഓണേഴ്സ് വിത്ത് റിസര്‍ച്ച് ബിരുദം എന്നിവയാണവ. പ്രവേശനം ലഭിച്ച് മൂന്നാം വര്‍ഷം പ്രോഗ്രാം പൂര്‍ത്തിയാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്സിറ്റ് ഓപ്ഷന്‍ ഉപയോഗപ്പെടുത്തി പഠനം പൂര്‍ത്തിയാക്കി മേജര്‍ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷ ബിരുദം നേടാവുന്നതാണ്. നാല് വര്‍ഷം പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാല് വര്‍ഷ ഓണേഴ്സ് ബിരുദം ലഭിക്കും. നാലാം വര്‍ഷം നിശ്ചിത ക്രെഡിറ്റോടെ ഗവേഷണ പ്രോജക്ട് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണേഴ്സ് വിത്ത് റിസര്‍ച്ച് ബിരുദം ലഭിക്കുന്നതാണ്.

പ്രാദേശിക ക്യാമ്പസുകളും വിഷയങ്ങളും

കാലടി മുഖ്യ ക്യാമ്പസ്: സംസ്‍കൃതം-സാഹിത്യം, സംസ്‍കൃതം-വേദാന്തം, സംസ്‍കൃതം-വ്യാകരണം, സംസ്‍കൃതം-ന്യായം, സംസ്‍കൃതം-ജനറല്‍, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, സോഷ്യൽ വർക്ക് (ബി. എസ്. ഡബ്ല്യു.) , സംഗീതം, ഡാന്‍സ് – ഭരതനാട്യം, ഡാന്‍സ് – മോഹിനിയാട്ടം

തിരുവനന്തപുരം: സംസ്‍കൃതം ന്യായം, സംസ്കൃതം-വേദാന്തം, ഫിലോസഫി),

പന്മന: (സംസ്‍കൃതം-വേദാന്തം, മലയാളം

കൊയിലാണ്ടി: സംസ്‍കൃതം-വേദാന്തം, സംസ്കൃതം-ജനറല്‍, സംസ്കൃതം- സാഹിത്യം, ഹിന്ദി, ഉറുദു

തിരൂര്‍: സംസ്‍കൃതം-വ്യാകരണം, ഹിസ്റ്ററി, സോഷ്യല്‍ വര്‍ക്ക് (ബി. എസ്. ഡബ്ല്യു.)

പയ്യന്നൂര്‍: സംസ്‍കൃതം-സാഹിത്യം, മലയാളം, സോഷ്യല്‍ വര്‍ക്ക് (ബി. എസ്. ഡബ്ല്യു.)

ഏറ്റുമാനൂര്‍: സംസ്‍കൃതം-സാഹിത്യം, ഹിന്ദി

പ്ലസ് ടു/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അഥവ തത്തുല്യ അംഗീകൃത യോഗ്യതയുളളവര്‍ക്ക് ഈ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷിക്കാവുന്നതാണ്. നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് ലാറ്ററല്‍ എന്‍ട്രി അനുവദനീയമാണ്. ഒരു വിദ്യാർത്ഥിക്ക് ഒന്നിലധികം ബിരുദ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷിക്കുവാൻ കഴിയും. മറ്റൊരു യു ജി പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുളളവര്‍ക്കും സർവകലാശാല നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് സര്‍വകലാശാലയുടെ അംഗീകാരത്തോടെ അപേക്ഷിക്കാവുന്നതാണ്.

സംസ്‍കൃത വിഷയങ്ങളില്‍ ബിരുദ പഠനത്തിന് (മേജർ) പ്രവേശനം നേടുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രതിമാസം 500/- രൂപ വീതം സര്‍വ്വകലാശാല സ്കോളര്‍ഷിപ്പ് നല്‍കുന്നതാണ്. ഡാന്‍സ് – ഭരതനാട്യം, ഡാന്‍സ് – മോഹിനിയാട്ടം, സംഗീതം എന്നിവ മുഖ്യവിഷയമായ ബിരുദ പ്രോഗ്രാമുകള്‍ക്ക് അഭിരുചി നിര്‍ണ്ണയ പരീക്ഷയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനത്തിനുളള ഉയർന്ന പ്രായപരിധി ജനറല്‍ / എസ് ഇ ബി സി വിദ്യാര്‍ത്ഥികള്‍ക്ക് 2025 ജനുവരി ഒന്നിന് 23 വയസും എസ് സി / എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് 25 വയസുമാണ്‌. അപേക്ഷ ഫീസ് ജനറല്‍ / എസ് ഇ ബി സി വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ പ്രോഗ്രാമിനും 50 രൂപയും എസ് സി / എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ പ്രോഗ്രാമിനും 25 രൂപയുമാണ്.

ബി. എഫ്. എ.

കാലടി മുഖ്യ ക്യാമ്പസിലെ 2025-26 അക്കാദമിക വർഷത്തിൽ ആരംഭിക്കുന്ന ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (ബി. എഫ്. എ.) പ്രോഗ്രാമിലേയ്ക്ക് അപേക്ഷിയ്ക്കാം. നാല് വർഷമാണ് കോഴ്സിന്റെ കാലാവധി. പെയിന്റിംഗ്, മ്യൂറൽ പെയിന്റിംഗ്, സ്കൾപ്ചർ എന്നിവയാണ് സ്പെഷ്യലൈസേഷനുകൾ. പ്ലസ് ടു / വൊക്കേഷണൽ ഹയർ സെക്കന്ററി അഥവാ തത്തുല്യ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സമ്പ്രദായത്തിൽ നടത്തുന്ന ബി. എഫ്. എ. പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാനുളള പരമാവധി പ്രായം 2025 ജൂൺ ഒന്നിന് 22 വയസ്സാണ്. അഭിരുചി നിർണ്ണയ പരീക്ഷയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

ആയുർവേദ പഞ്ചകർമ്മ ആൻഡ് ഇന്റർനാഷണൽ സ്പാ തെറാപ്പി

ഏറ്റുമാനൂർ പ്രാദേശിക ക്യാമ്പസിലെ ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ്മ ആൻഡ് ഇന്റർനാഷണൽ സ്പാ തെറാപ്പി പ്രോഗ്രാമിലേയ്ക്ക് ഇപ്പോൾ അപേക്ഷിയ്ക്കാം. ഓൺലൈനായി അപേക്ഷിക്കണം. ഒരു വർഷമാണ് കോഴ്സിന്റെ കാലാവധി. ആകെ 20 സീറ്റുകൾ. പ്ലസ് ടു / വൊക്കേഷണൽ ഹയർ സെക്കന്ററി അഥവാ തത്തുല്യ യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയവർക്കും അപേക്ഷിക്കാം. ശാരീരിക ക്ഷമത, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രായംഃ 2025 മെയ് 22ന് 17നും 30നും ഇടയിൽ.

അപേക്ഷകള്‍ ഓൺലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ എട്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.

ജലീഷ് പീറ്റര്‍

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍

ഫോണ്‍ നം. 9447123075

 

Author

Leave a Reply

Your email address will not be published. Required fields are marked *