തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അനുശോചിച്ചു

Spread the love

മുന്‍ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അനുശോചനം അറിയിച്ചു.

വിനയത്തിന്റെയും ലാളിത്യത്തിന്റെയും ആദര്‍ശ നിഷ്ഠയുടെയും പര്യയായമായിരുന്നു അന്തരിച്ച തെന്നല ബാലകൃഷ്ണപിള്ള.ഓരോ പൊതുപ്രവര്‍ത്തകനും മാതൃകയാക്കാന്‍ കഴിയുന്ന വ്യക്തിത്വം. ആദര്‍ശത്തിന്റെ വെണ്‍മയും വിശുദ്ധിയും അവസാനം വരെ കാത്തുസൂക്ഷിച്ച നേതാവായിരുന്ന അദ്ദേഹം. ആരോടും പരിഭവവും പിണക്കവുമില്ലാതെ എല്ലാവരെയും സ്‌നേഹിച്ച പൊതുപ്രവര്‍ത്തകന്‍. അധികാരപദവികള്‍ വഹിക്കുമ്പോഴും സൗമ്യതയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. തെന്നല ബാലകൃഷ്ണ പിള്ള കെപിസിസി അധ്യക്ഷനായിരുന്ന 2001 കാലഘട്ടത്തിലാണ് യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയത്. രണ്ടു തവണ കെപിസിസി അധ്യക്ഷ പദവിയിലെത്തിയ അദ്ദേഹം സംഘടനയുടെ കെട്ടുറപ്പിനായി പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിന്റെ അടിസ്ഥാന ഘടകങ്ങളില്‍ പ്രവര്‍ത്തിച്ച് കെപിസിസിയുടെ അധ്യക്ഷ പദവിവരെ അലങ്കരിച്ച അദ്ദേഹം കൊല്ലം ഡിസിസി അധ്യക്ഷന്‍, രാജ്യസഭാംഗം,എംഎല്‍എ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. പ്രസ്ഥാനത്തിന് വേണ്ടി സമ്പാദ്യം മുഴുവന്‍ ചെലവാക്കിയപ്പോഴും അധികാരമോഹമോ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളോ ഒന്നും കടന്നുവരാത്ത പൊതുജീവിതമാണ് അദ്ദേഹത്തിന്റെത്. തെന്നല ബാലകൃഷ്ണപിള്ളയുടെ വേര്‍പാട് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *