ജീവനും ജീവിതവും പ്രസ്ഥാനത്തിന് വേണ്ടി സമര്‍പ്പിച്ച രാഷ്ട്രീയ വ്യക്തിത്വമായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. വാക്കുകൊണ്ട് മാത്രമല്ല, പ്രവൃത്തി കൊണ്ടും സംഘടനാപരമായ അച്ചടക്കത്തിന്റെ ഉദാത്തമായ മാതൃകയെന്തെന്ന് അദ്ദേഹം തലമുറകള്‍ക്ക് കാണിച്ചുകൊടുക്കുകയിരുന്നു. പ്രതിസന്ധിഘട്ടങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ ജീവശ്വാസമായി മാറിയ നേതൃപാടവമാണ് ഒരു കാലഘട്ടം തന്നെ ഓര്‍മ്മകളില്‍ അവശേഷിപ്പിച്ച് വിടപറഞ്ഞതെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
അദ്ദേഹം കെപിസിസി അധ്യക്ഷനായിരുന്ന 2001ലാണ് യുഡിഎഫ് മികച്ച വിജയം നേടുന്നത്. ആ ചരിത്ര വിജയത്തിന്റെ ആവേശം അലയൊടുങ്ങും മുന്‍പേ ധാരണ പ്രകാരം അധ്യക്ഷ സ്ഥാനത്തുനിന്നും മാറേണ്ടിവന്നപ്പോഴും പാര്‍ട്ടിയോടുള്ള അചഞ്ചലമായ കൂറും അച്ചടക്കവും പുലര്‍ത്തി രാഷ്ട്രീയ വൃത്തങ്ങളില്‍ അദ്ദേഹം പുതിയ മാതൃക സൃഷ്ടിക്കുകയായിരുന്നു. ആരെയും വേദനിപ്പിക്കാത്ത സംശുദ്ധഹൃദയത്തിനുടമ. ഏറ്റെടുത്ത എല്ലാ ചുമതലകളും കര്‍ത്തവ്യബോധത്തോടെ നിര്‍വഹിച്ച വ്യക്തിത്വം. ശൂരനാട് വാര്‍ഡ് കമ്മിറ്റിയംഗമായി പൊതുപ്രവര്‍ത്തനം തുടങ്ങിയ തെന്നല ബാലകൃഷ്ണപിള്ള കെപിസിസി അധ്യക്ഷ പദവി വരെയെത്തിയത് അദ്ദേഹത്തിന്റെ ലാളിത്യവും സംഘടനയോടുള്ള അടിയുറച്ച പ്രതിബദ്ധതയും കൊണ്ടുമാണ്. ന്യായമായ കാര്യങ്ങളില്‍ നീതിയുടെയും ശരിയുടെയും പക്ഷത്ത് നിലയുറപ്പിച്ച തെന്നല പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ നിന്ന് മാത്രം പ്രവര്‍ത്തിച്ച നേതാവാണ്. മികച്ച പാര്‍ലമെന്റെറിയനായ അദ്ദേഹം ഒരിക്കലും പദവികള്‍ക്കായി തന്റെ നിലപാടുകളെയും ആദര്‍ശത്തേയും ബലികൊടുത്തിട്ടില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രാദേശിക രാഷ്ട്രീയത്തിലേക്കിറങ്ങുമ്പോള്‍ അന്ന് 17 ഏക്കറിന്റെ ഭൂസ്വത്തായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയുടെ കൈകളിലുണ്ടായിരുന്നത്. എന്നാല്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറം വിശ്രമ ജീവിതത്തിലേക്ക് പോയപ്പോള്‍ അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നത് 11 സെന്റ് ഭൂമി മാത്രം. ജീവനും ജീവിതവും പ്രസ്ഥാനത്തിനുവേണ്ടി എന്നതില്‍ക്കവിഞ്ഞുള്ള ആശങ്കകളോ നേട്ടങ്ങളോ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. എല്ലാം പ്രസ്ഥാനത്തിന് സമര്‍പ്പിക്കുമ്പോള്‍, അദ്ദേഹം അത്രത്തോളം സന്തോഷവാനായിരുന്നുവെന്ന് ഉറപ്പുണ്ട്. ഇങ്ങനെ, അവകാശവാദങ്ങള്‍ ഉന്നയിക്കാതെ ആയുഷ്‌ക്കാലം മുഴുവന്‍ ഒരു കോണ്‍ഗ്രസുകാരനായിരിക്കുമെന്നും ആരോഗ്യമുള്ളിടത്തോളം കാലം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ജീവിതം കൊണ്ട് കാണിച്ചുതന്ന നേതാവായിരുന്നു തെന്നല.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കുന്ന സമയത്ത് തെന്നല ബാലകൃഷ്ണപിള്ള എന്ന ഊര്‍ജ്ജസ്വലനായ സംഘാടകനും അടിമുടി പ്രസ്ഥാനവുമായ തെന്നല കെപിസിസി പ്രസിഡന്റായിരുന്നു. നിരന്തരമായ പൊലീസ് അതിക്രമങ്ങള്‍ക്ക് വിധേയരായ അന്നത്തെ യുവത്വത്തെ പ്രസരിപ്പോടെയും കൂടുതല്‍ ആവേശത്തോടെയും തെരുവുകളില്‍ ആര്‍ജ്ജവത്തോടെ നിര്‍ത്തിയത് ആ നേതൃത്വം കൂടിയായിരുന്നു. അതോടൊപ്പം ഗുരുവായും പിതൃതുല്യനായും അദ്ദേഹം നടത്തിയ ചേര്‍ത്തുപിടിക്കലുകള്‍ രാഷ്ട്രീയ ജീവിതത്തിലും വ്യക്തിജീവിതത്തിലും ചെലുത്തിയ സ്വാധീനം ഒട്ടും ചെറുതല്ലെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.