മുതിര്‍ന്ന നേതാവും മുന്‍ കെപിസിസി പ്രസിഡന്റുമായിരുന്ന തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് എംഎംഹസന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റായും രാജ്യസഭാംഗമായും എംഎല്‍എയായും സുത്യര്‍ഹമായ സേവനവമാണ് നല്‍കിയത്. സൗമ്യനും ശാന്തനും ആയിരിക്കുമ്പോഴും അടിയുറച്ച തീരുമാനങ്ങളും നിലപാടുകളുമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. കെപിസിസി ജനറല്‍ സെക്രട്ടറിയായി അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനുള്ള സൗഭാഗ്യം തനിക്ക് ലഭിച്ചിട്ടുണ്ട്. സഹപ്രവര്‍ത്തകരോടും എക്കാലവും സ്‌നേഹവും കരുതലും നല്‍കിയിട്ടുള്ള അദ്ദേഹം കോണ്‍ഗ്രസ് തറവാട്ടിലെ കാരണവന്‍മാരില്‍ പ്രമുഖനായിരുന്നു. അടിയുറച്ച ജനാധിപത്യവാദിയും മതേതരവിശ്വാസിയുമായിരുന്ന തെന്നല ബാലകൃഷ്ണപിള്ളയുടെ വിയോഗം തനിക്ക് വ്യക്തിപരമായ നഷ്ടം കൂടിയാണെന്നും എംഎം ഹസന്‍ പറഞ്ഞു.