ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം സംബന്ധിച്ച കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടിനല്‍കണമെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എയുടെ ഇടപെടല്‍ ഫലം കണ്ടു. കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയം ജൂണ്‍ 10വരെ നീട്ടിക്കൊണ്ട് സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മിറ്റി ഉത്തരവിറക്കി.
സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ പുനര്‍വിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 7ന് അവസാനിക്കാന്‍ ഇരിക്കെയാണ് അതിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഡീലിമിറ്റേഷന്‍ കമ്മിറ്റി ചെയര്‍മാനെ സമീപിച്ചത്.
കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കേണ്ട തീയതി മെയ് 27 ആയിരിക്കെ അത് പ്രസിദ്ധീകരിച്ചത് 31ന് അര്‍ധരാത്രിയിലായിരുന്നു. പൊതുജനം ഇതറിയുന്നത് തൊട്ടടുത്ത ദിവസമായ ഞായറാഴ്ച ജൂണ്‍ ഒന്നിനും.ഇതിനിടയില്‍ ഞായറും ബക്രീദ് അവധിയും ചേര്‍ന്ന് രണ്ട് ദിവസം നഷ്ടമാകുകയും ചെയ്യും. അതോടെ ഫലത്തില്‍ അഞ്ചു ദിവസം മാത്രമാണ് പരാതികള്‍ നല്‍കുവാന്‍ ലഭിക്കുന്നത്. ഇതിലെ അപ്രായോഗികത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടുകയും കരട് പരിശോധിച്ച് അതിന്മേലുള്ള പരാതികള്‍ നല്‍കുന്നതിന് ചുരുങ്ങിയത് പത്തു ദിവസം ലഭിക്കത്തക്കവിധം അവസാന തീയതി പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കരട് വിജ്ഞാപനത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടിക്കൊണ്ടുള്ള ഡീലിമിറ്റേഷന്‍ കമ്മിറ്റിയുടെ നടപടി.