മന്ത്രിസഭ യോഗത്തിനു ശേഷം മുഖ്യമന്ത്രി വി.ഡി സതീശന്‍ നടത്തിയ വാര്‍ത്താസമ്മേളനം

Spread the love

സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളായ ഇന്റര്‍നാഷണല്‍ മാരിടൈം മ്യൂസിയവും ഓഷനേറിയവും യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി രൂപീകരിച്ച സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിന്റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍, ആര്‍ട്ടിക്കിള്‍ ഓഫ് അസോസിയേഷന്‍ എന്നിവയുടെ കരടിന് അംഗീകാരം നല്‍കി. കമ്പനീസ് ആക്ട് സെക്ഷന്‍ 8 അനുസരിച്ചുള്ള കമ്പനിയാണ് തുടക്കത്തില്‍ രൂപീകരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ഇതിന്റെ സാമ്പത്തിക മാതൃക തീരുമാനിക്കും. സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് വലിയ ഉണര്‍വേകുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും ആധുനികമായ ഓഷ്യനേറിയവും കേരളത്തിന്റെ സമ്പന്നമായ കടല്‍മാര്‍ഗ ചരിത്രം വ്യക്തമാക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള മാരിടൈം മ്യൂസിയവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ആരോഗ്യ വകുപ്പിലെ തസ്തികകളെക്കുറിച്ച് പഠനം നടത്തി ആവശ്യമായ കുറവുകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി 28 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. 12 ഡെന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ്-2, 16 കാത്ത്‌ലാബ് ടെക്നീഷ്യന്‍ ഗ്രേഡ്-2 തസ്തികകളാണ് അനുവദിച്ചത്. കാത്ത്‌ലാബ് ടെക്നീഷ്യന്‍മാരുടെ കുറവുമൂലം പല ആശുപത്രികളുടെയും പ്രവര്‍ത്തനം തടസപ്പെട്ടിരുന്ന സാഹചര്യം കണക്കിലെടുത്താണ്, സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഈ തസ്തികകള്‍ അനുവദിച്ചത്.

ചട്ടവിരുദ്ധമായ സ്ഥാനക്കയറ്റം റദ്ദാക്കിയതിനെ തുടര്‍ന്ന് ജോലി ഭീഷണിയിലായ 6 പി.എസ്.സി ഉദ്യോഗാര്‍ത്ഥികളെ സര്‍വീസില്‍ നിലനിര്‍ത്താന്‍ സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കും. കോഴിക്കോട് ജില്ലയിലെ അഞ്ചു പേര്‍ക്കും എറണാകുളം ജില്ലയിലെ ഒരാള്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. മുന്‍പ് കാറ്റഗറി മാറ്റം വഴി ക്ലാര്‍ക്ക് തസ്തികയിലേക്ക് നല്‍കിയ സ്ഥാനക്കയറ്റം കോടതി ഉത്തരവ് പ്രകാരം റദ്ദാക്കി ജീവനക്കാരെ റിവേര്‍ട്ട് ചെയ്തതോടെയാണ് പി.എസ്.സി വഴി ടൈപ്പിസ്റ്റ് തസ്തികയില്‍ നിയമനം ലഭിച്ചവര്‍ക്ക് ജോലി നഷ്ടമാകുന്ന സാഹചര്യമുണ്ടായത്.

സര്‍ക്കാരിനോട് ആലോചിക്കാതെയാണ് പി.എസ്.സി ചെയര്‍മാനെയും അംഗങ്ങളെയും പിരിച്ചുവിടണമെന്ന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തത്. നടപടിക്രമങ്ങള്‍ പാലിച്ചിട്ടല്ല അദ്ദേഹം അങ്ങനെ ചെയ്തിരിക്കുന്നത്. സര്‍ക്കാരിനോട്് ആലോചിച്ചിട്ടു വേണമായിരുന്നു അത്തരമൊരു അഭിപ്രായം പറയേണ്ടിയിരുന്നത്. ഞങ്ങളുടെ സുചിന്തിതമായ അഭിപ്രായം അതാണ്. ഒറ്റയ്ക്കല്ല അഭിപ്രായം പറയേണ്ടിയിരുന്നത്. ഗവര്‍ണര്‍ ഭരണഘടന അനുസരിച്ച് സര്‍ക്കാരിന്റെ കൂടി അഭിപ്രായമാണ് അറിയേക്കണ്ടത്. ഗവര്‍ണര്‍ അങ്ങനെയാരു ശുപാര്‍ശ കൊടുത്തുവെന്ന് പറഞ്ഞ് പി.എസ്.സിയിലെ ക്രമക്കേടുകള്‍ മറയ്ക്കാന്‍ പറ്റില്ല. ഇപ്പോള്‍ കേരളത്തിലെ പ്രതിപക്ഷം ചെയ്യുന്നത് ഇതും പറഞ്ഞ് പി.എസ്.സിക്കാരെ മുഴുവന്‍ രക്ഷിക്കാനുള്ള ക്യാമ്പയിനുമായി ഇറങ്ങിയിരിക്കുകയാണ്. പി.എസ്.സിയില്‍ നടന്നത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ല. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. സ്വന്തക്കാരെയും ബന്ധുക്കളെയും ഒക്കെ നിയമിച്ചിരിക്കുകയാണ്. കാത്തിരുന്ന് ട്രെയിനിംഗ് സെന്ററില്‍ പോയി പഠിച്ച് പരീക്ഷ എഴുതിയ പാവപ്പെട്ട ചെറുപ്പക്കാരെയെല്ലാം മാറ്റി നിര്‍ത്തി സ്വന്തക്കാരെയും പാര്‍ട്ടി ബന്ധുക്കളെയും നിയമിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. പ്രാഥമിക അന്വേഷണത്തില്‍ പി.എസ്.സിയുടെ വിശ്വാസ്യത മുഴുവന്‍ തകര്‍ക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്്. പി.എസ്.സിയുടെ വിശ്വാസ്യത വീണ്ടെടുക്കും. കുറ്റക്കാരായ മുഴുവന്‍ ആളുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. അതില്‍ വിട്ടുവീഴ്ചയില്ലാത്ത, കാര്‍ക്കശ്യമായ നിലപാടുകളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഗവര്‍ണര്‍ നല്‍കിയ ശുപാര്‍ശ പ്രകാരം പി.എസ്.സി ചെയര്‍മാനെയും അംഗങ്ങളെയും പിരിച്ചുവിടുന്ന കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നത് അനൗചിത്യമാണ്. അന്വേഷണം നടത്തി റിപ്പോര്‍ട്ട്് സമര്‍പ്പിക്കുമ്പോള്‍ ഉചിതമായ നടപടി സ്വീകരിക്കും. പി.എസ്.സിയിലെ വിഷയങ്ങളും ഗവര്‍ണര്‍ കൊടുത്ത ശുപാര്‍ശയും രണ്ട് കാര്യങ്ങളാണ്. അതു വരുമ്പോള്‍ നോക്കാം.

ചെയര്‍മാന്റെ നിയമനം ഉള്‍പ്പടെയുള്ള എല്ലാകാര്യങ്ങളും അന്വേഷിക്കും. ധാരാളം പരാതികള്‍ ഇപ്പോള്‍ വരുന്നുണ്ട്. കിട്ടുന്ന പരാതികള്‍ അന്വേഷണസംഘത്തിന് കൈമാറുന്നുണ്ട്. അന്വേഷണം ശരിയായി നടക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ നേരത്തെ പരാതി കൊടുക്കാന്‍ മടിച്ച നിരവധി ആളുകള്‍ പരാതിയുമായി വരുന്നുണ്ട്. ഒരു പരീക്ഷയിലല്ല, ഒരു പാട് പരീക്ഷകളുമായി ബന്ധപ്പെട്ട് ഗൗരവകരമായ പരാതികളുണ്ട്. പി.എസ്.സിയില്‍ തന്നെ ഇക്കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്്.

നടപടിക്രമങ്ങള്‍ പാലിച്ചാണ് കെ.എസ്.ഇ.ബി ചെയര്‍മാനെ മാറ്റിയത്. സ്വകാര്യ കമ്പനിയില്‍ നിന്നും വൈദ്യുതി വാങ്ങാനാണ് മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് പറയുന്നത് കേട്ടു. പവര്‍ വാങ്ങുന്നത് സംബന്ധിച്ച കാര്യത്തില്‍ തീരമാനമെടുക്കാന്‍ വൈദ്യുതി മന്ത്രിയില്‍ നിന്ന് ഒരു ഫയല്‍ ലഭിച്ചിരുന്നു. രണ്ട് പ്രൊപ്പോസലുകളാണ് ഉണ്ടായിരുന്നത്. ഒന്ന് ഹിമാചല്‍ പ്രദേശില്‍ നിന്ന് ഒരു യൂണിറ്റിന് 14.50 രൂപയ്ക്കും സ്വകാര്യ സ്ഥാപനമായ ജി.എന്‍.എയില്‍ നിന്ന് ഒരു യൂണിറ്റിന് 8.63 രൂപ, 8.90 രൂപ നിരക്കില്‍ രണ്ടെണ്ണവുമാണ് ഉണ്ടായിരുന്നത്. വൈദ്യുതി ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടില്‍ ഹിമാചല്‍ പ്രദേശ് പി.ടി.സി. ലിമിറ്റഡ് (Power Trading Corporation) എന്ന സ്ഥാപനം വഴിയാണ് വൈദ്യുതി ലഭ്യമാക്കുന്നതെന്ന് പറയുന്നുണ്ട്. നേരിട്ട് സര്‍ക്കാരല്ല. പൈസ കൊടുക്കുന്നതില്‍ അവരുടെ കമ്മീഷന്‍ കൂടിയുണ്ട്. ഗവണ്‍മെന്റ് എന്ന് പറയുന്നതേയുള്ളൂ, അതില്‍ പ്രൈവറ്റ് സ്ഥാപനവുമുണ്ട്. മറ്റൊന്ന് ജി.എന്‍.എ, ഓപ്പണ്‍ പ്ലാറ്റ്ഫോമാണ്. അഞ്ചര രൂപ അന്‍പത് പൈസ മുതല്‍ ആറ് രൂപ വരെ വ്യത്യാസം. ഗവണ്‍മെന്റ് ആണെന്ന് കരുതി ആറ് രൂപ കൂട്ടി വൈദ്യുതി വാങ്ങിക്കാന്‍ പറ്റുമോ? അങ്ങനെ വാങ്ങിച്ചാല്‍ 2232 കോടിയുടെ അധിക ബാധ്യത സര്‍ക്കാരിനുണ്ടാകും. അപ്പോള്‍ അത് എടുക്കാന്‍ പറ്റില്ല. നമ്മള്‍ ജി.എന്‍.എയില്‍ നിന്ന് വാങ്ങാനാണ് തീരുമാനിച്ചത്. സ്വകാര്യ കമ്പനിയില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ പോകുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് കാര്യങ്ങള്‍ അന്വേഷിക്കാതെയാണ്. അദ്ദേഹത്തിന്റെ കാലത്ത് 2025ല്‍ ഇതേ ജി.എന്‍.എയില്‍ നിന്ന് വാങ്ങിയിട്ടുണ്ട്. അത് അറിയാതെയാണ് സ്വകാര്യ കമ്പനിയില്‍ നിന്ന് വൈദ്യുതി വാങ്ങുന്നെന്ന് പറയുന്നത്. അദ്ദേഹത്തിന്റെ കാലത്ത് എന്‍.ടി.പി.സിയില്‍ നിന്ന് വളരെ കുറച്ച് വൈദ്യുതി മാത്രമാണ് വാങ്ങിയത്. ബാക്കി മുഴുവന്‍ സ്വകാര്യ കമ്പനികളില്‍ നിന്നാണ്, ജിന്‍ഡാലില്‍ നിന്ന്, അദാനിയില്‍ നിന്ന്, ജി. എന്‍. എയില്‍ നിന്ന്. അങ്ങനെയുള്ള നിരവധി സ്വകാര്യ കമ്പനികളില്‍ നിന്ന് വാങ്ങിയതിന്റെ ലിസ്റ്റ് എന്റെ കൈയിലിരിപ്പുണ്ട്. കഴിഞ്ഞ രണ്ട് മാസവും ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ നിന്ന് 4 രൂപ 65 പൈസയ്ക്ക് 180 മെഗാവാട്ട് കിട്ടി. ബാക്കി മുഴുവന്‍ വാങ്ങിയത് സ്വകാര്യകമ്പനിയില്‍ നിന്നാണ്. സ്വകാര്യ കമ്പനിയില്‍ നിന്നാണ് കേരളത്തിലെ ഇലക്ട്രിസിറ്റി ബോര്‍ഡിന് ഭൂരിഭാഗം വൈദ്യുതിയും കിട്ടുന്നത്. ഇപ്പോള്‍ സ്വകാര്യ കമ്പനിയില്‍ നിന്ന് വാങ്ങാന്‍ പോകുന്നത് വലിയ സംഭവമായാണ് പറയുന്നത്. അതെന്താണെന്ന് മനസിലാകുന്നില്ല.

ജി.എന്‍.എയില്‍ നിന്ന് വാങ്ങാനാണ് സംസ്ഥാനം തീരുമാനിച്ചത്. ഹിമാചലുമായി താരതമ്യം ചെയ്യുമ്പോള്‍ വൈദ്യുതി നിരക്കില്‍ വലിയ വ്യത്യാസമുണ്ട്. രണ്ട് പ്രൊപ്പോസലുകളും താരതമ്യപ്പെടുത്തുമ്പോള്‍ നമുക്ക് കിട്ടുന്നത് ഹിമാചലില്‍ നിന്ന് മാര്‍ച്ച് അവസാനം വരെ ആകെ 843 MU (Million Units) വൈദ്യുതിയും ജി.എന്‍.എ.യില്‍നിന്ന് 1,812 MU വൈദ്യുതിയുമാണ് ലഭ്യമാകുന്നത്.

പീക്ക് ഹവേഴ്സ് വൈകിട്ട് 6 മുതല്‍ രാത്രി 12 വരെയാണ്. ഹിമാചലില്‍ നിന്ന് കിട്ടുന്നത് 353 MU വൈദ്യുതിയും അതേ സമയം ജി.എന്‍.എയില്‍ നിന്നു കിട്ടുന്നത് 453 MU വൈദ്യുതിയുമാണ്. ഏകദേശം നൂറ് മില്ല്യണ്‍ യൂണിറ്റിന്റെ വ്യത്യാസമാണ് ജി.എന്‍.എയില്‍ നിന്ന് കിട്ടുന്നത്. പീക്ക് ഹവറില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി കിട്ടുന്നത് ജി. എന്‍. എയില്‍ നിന്നാണ് ഹിമാചലില്‍ നിന്നല്ല.

ജി.എന്‍.എയില്‍ നിന്ന് വൈദ്യുതി വാങ്ങിച്ചാല്‍ അധിക ബാധ്യതയാകുമെന്ന വാര്‍ത്തകള്‍ തെറ്റാണ്. ഇന്ന് ഒരു പത്രത്തില്‍ വാര്‍ത്ത കണ്ടു 722 കോടി നഷ്ടം വരുത്തും ഇതെന്ന്. റഗുലേറ്ററി അതോറിറ്റി ഒരു സീലിംഗ് വച്ചിട്ടുണ്ട്. ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിനെക്കുറിച്ചുള്ള ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പറയുന്നത് ആ സീലിംഗിന് മുകളിലുള്ള നിരക്കില്‍ വൈദ്യുതി വാങ്ങിയാല്‍ 722.91 കോടി ഒക്ടോബര്‍ ഡിസംബര്‍ വരെയും 1510.43 കോടി രൂപ മെയ്് വരെയും അധികബാധ്യത വരുമെന്നാണ്. അപ്പോള്‍ 2233.34 കോടി രൂപയുടെ അധികബാധ്യത ഗവണ്‍മെന്റ് കൊടുക്കണം. കെ. എസ്. ഇ. ബി എനിക്ക് അയച്ച ലെറ്ററില്‍ ഇക്കാര്യം പറയുന്നുണ്ട്. 8.63 രൂപയ്ക്കും 8.90 രൂപയ്ക്കും കിട്ടുന്ന വൈദ്യുതി വാങ്ങിക്കാതെ 14.50 രൂപയ്ക്ക് കിട്ടുന്ന വൈദ്യുതി വാങ്ങിക്കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ എന്തെല്ലാം ചോദ്യങ്ങള്‍ നിങ്ങള്‍ ചോദിച്ചേനെ? ഹിമാചല്‍ സര്‍ക്കാര്‍ 15.50 രൂപയ്ക്ക് രാജസ്ഥാന് നല്‍കിക്കൊണ്ടിരിക്കുകയാണ്. അതിലും കുറച്ച് ഇങ്ങോട്ട് തന്നാല്‍ അവര്‍ക്ക് പിടിച്ചു നില്‍ക്കണ്ടേ. ഇതെല്ലാം എല്ലാം ട്രേഡിംഗ് ആണ്. ഹിമാചല്‍ ഗവണ്‍മെന്റല്ല. ഇലക്ട്രസിറ്റി ബോര്‍ഡിന്റെ ലെറ്ററില്‍ ട്രേഡിംഗ് ആണെന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്. പവര്‍ ട്രേഡിംഗ് കോര്‍പ്പറേഷന്‍ ആണെന്ന്. നമ്മള്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി കിട്ടുന്നത് എവിടെ നിന്നാണെന്ന് നോക്കുകയാണല്ലോ. ടെണ്ടര്‍ വച്ചിട്ടു പോലും കിട്ടിയില്ലല്ലോ. ജി. എന്‍. എയില്‍ നിന്ന് സ്റ്റേറ്റ് മുന്‍പ് വാങ്ങിച്ചിട്ടുണ്ട്.

ജി.എന്‍.എയില്‍നിന്ന് പീക്ക് ഹവേഴ്സില്‍ വൈദ്യുതി കൂടുതലാണ് കിട്ടുന്നത്. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണ്. റേറ്റിലും വ്യത്യാസമുണ്ട്. റഗുലേറ്ററി അതോറിറ്റി പീക്ക് ഹവറില്‍ വച്ചിരിക്കുന്ന സീലിംഗ് ശരാശരി ആറ് രൂപയെന്ന് കണക്കാക്കിയാല്‍ അതിനു മീതെ ജി. എന്‍. എയില്‍ നിന്നുള്ള വൈദ്യുതി വാങ്ങലില്‍ സംസ്ഥാനത്തിന് വരുന്ന അധികബാധ്യത യൂണിറ്റിന് 2.6 രൂപയാണ്. എന്നാല്‍ ഹിമാചലില്‍ നിന്ന് വാങ്ങിയാല്‍ അധിക ബാധ്യത 8.5 രൂപയാകും. ഇതെല്ലാം താരതമ്യം ചെയ്തു.

കെ.എസ്. ഇ.ബിയില്‍ നിന്ന് അധിക നിരക്കില്‍ വൈദ്യുതി വാങ്ങുന്നതിന് സമ്മര്‍ദ്ദമുണ്ടായിരുന്നില്ല. അവര്‍ രണ്ട് പ്രൊപ്പസലുകളും അയച്ചു. പി.ടി.സി. എന്ന ട്രേഡിങ് കമ്പനിയുടെ ട്രേഡിംഗ് മാര്‍ജിന്‍ ഉള്‍പ്പെടെയാണ് 14.50 രൂപ. അതിലും ഇടനിലക്കാരുണ്ട്. ഇനി ഇടനിലക്കാരില്ലെങ്കില്‍ പോലും സര്‍ക്കാര്‍ ടു സര്‍ക്കാര്‍ ആയി 14.50 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങിക്കാന്‍ കഴിയുമോ? എനിക്ക് ഫയല്‍ അയച്ചത് ഞാന്‍ സംസ്ഥാന സര്‍ക്കാരിന് ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ ഫുള്‍ റെസ്പോണ്‍സിബിളായ ആളായതു കൊണ്ടാണ്. തീരുമാനം എടുക്കുന്നതിന് വേണ്ടിയാണ് എനിക്ക് ഫയല്‍ അയച്ചു തന്നത്. 8.63 രൂപയ്ക്കും 8.90 രൂപയ്ക്കും ലഭിക്കുന്ന വൈദ്യുതി 14.50 രൂപയ്ക്ക് വാങ്ങിച്ചിരുന്നെങ്കില്‍ സര്‍ക്കാരിന് 2232 കോടി രൂപയുടെ അധികബാധ്യത സ്റ്റേറ്റിനുണ്ടാകുമായിരുന്നു. അതു കൊണ്ടാണ് ബോര്‍ഡില്‍ തീരുമാനമെടുക്കാതെ ഫയല്‍ എനിക്ക് അയച്ചത്. ജി.എന്‍.എയില്‍ നിന്ന് വൈദ്യുതി വാങ്ങുന്ന കരാറുമായി മുന്നോട്ടു പോകരുതെന്ന് ആരും അറിയിച്ചിട്ടില്ല.

പീക്ക് ഹവേഴ്സില്‍ അല്ല റൗണ്ട് ദ ക്ലോക്കാണ് എല്ലാവരില്‍ നിന്നും വൈദ്യുതി വാങ്ങുന്നത്. എന്നാല്‍ സറണ്ടര്‍ ചെയ്യാം. പകലത്തേത് പീക്ക് ഹവേഴ്സിലേക്ക് സറണ്ടര്‍ ചെയ്യാം. അപ്പോള്‍ റേറ്റില്‍ കുറവ് വരും. നമുക്ക് പീക്ക് ഹവേഴ്സില്‍ ആരാണ് കൂടുതല്‍ തരുന്നത് എന്നാണ് നോക്കുന്നത്. അത് നോക്കുമ്പോള്‍ അവരും ഇവരും തമ്മില്‍ വലിയ വ്യത്യാസമാണ്. മുന്‍ ഗവണ്‍മെന്റാണ് അതു പ്ലാന്‍ ചെയ്യേണ്ടിയിരുന്നത്. 465 മെഗാവാട്ട് വൈദ്യുതി 4.65 നിരക്കില്‍ കിട്ടിയിരുന്ന കരാര്‍ അവര്‍ റദ്ദാക്കി. ആ കരാര്‍ റദ്ദാക്കിയിട്ട് എട്ടു രൂപ മുതല്‍ പതിനാല് രൂപയ്ക്ക് വരെ വൈദ്യുതി വാങ്ങിയിട്ടുണ്ട്. ആ ലിസ്റ്റ് കണ്ടാല്‍ ഷോക്കായി പോകും. 2025-26ല്‍ അമ്പീഷ്യസ് പവര്‍ ട്രേഡിംഗ് കമ്പനി, മണികരണ്‍ പവര്‍, ടാറ്റാ പവര്‍, പിന്നെ എന്‍.ടി.പി.സി. പിന്നെ ശ്രീ സിമന്റ്‌സ് പിണറായി വിജയന്റെ കാലത്ത് വൈദ്യുതി വാങ്ങിച്ചിരുന്ന കമ്പനികളാണിത്. എന്നിട്ട് പത്രക്കുറിപ്പ് കൊടുക്കുകയാണ് സര്‍ക്കാര്‍ സ്വകാര്യ കമ്പനിയില്‍ നിന്ന് വൈദ്യുതി വാങ്ങിക്കാന്‍ പോകുകയാണെന്ന്. ആ പഴയ ഓര്‍മ്മയിലാണ് പറയുന്നത്. കണക്ക് എന്റെ കൈയിലുണ്ട്. കഴിഞ്ഞ പ്രാവശ്യം പിണറായി ഗവണ്‍മെന്റ് ഈ ജി. എന്‍. എയില്‍ നിന്നും വാങ്ങിച്ചിട്ടുണ്ട്. റഗുലേറ്ററി കമ്മീഷന്‍ എല്ലായ്പ്പോഴും സീലിംഗ് വയ്ക്കും. ആ സീലിംഗിന് മീതെ വൈദ്യുതി വാങ്ങിച്ചാല്‍ അധികബാധ്യത സര്‍ക്കാര്‍ കൊടുക്കേണ്ടി വരും. ഹിമാചല്‍ വൈദ്യുതി വാങ്ങിച്ചാല്‍ അതാണ് വരാന്‍ പോകുന്നത്്.

വൈദ്യുതി പ്രതിസന്ധി മുന്‍ സര്‍ക്കാര്‍ മുന്‍കൂട്ടി കണ്ടില്ല. ലോംഗ് ടേം എഗ്രിമെന്റ് വച്ചില്ല. അത് മാത്രമല്ല, 500 മെഗാവാട്ട് സ്വാപ് അടിസ്ഥാനത്തില്‍ വാങ്ങിച്ചു. അത് ഈ ജൂണ്‍ ജൂലൈ മാസത്തില്‍ തിരിച്ചു കൊടുക്കേണ്ടി വന്നു. ഇവിടെ മഴയില്ല. അതില്‍ തെറ്റു പറയാനില്ല. ഈ സെപ്റ്റംബറില്‍ ഏകദേശം 1000 മെഗാവാട്ടോളം നമ്മുടെ ഉപഭോഗം കൂടി. എല്‍നിനോ ഉള്ളപ്പോള്‍ സ്വാപ് വയ്ക്കുന്നത് ബുദ്ധിയായിരുന്നില്ല.അത്രയും കൂടി കൊടുക്കേണ്ടി വന്നു. പ്രതിസന്ധിയാണ്. പിന്നെ ഇലക്ട്രിസിറ്റി ബോര്‍ഡ് ഒരു ജനറേറ്റര്‍ അടച്ചിട്ടു. ഷെഡ്യൂള്‍ഡ് മെയിന്റനന്‍സ് എന്ന് പറഞ്ഞാണ് അടച്ചിട്ടത്. നവംബറില്‍ പൂര്‍ത്തിയാകുമെന്നാണ് പറഞ്ഞത്. പത്ത് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് കാര്‍ക്കശ്യമായി പറഞ്ഞു. നാല് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയായി. 150 മെഗാവാട്ടാണ് ജനറേറ്റ് ചെയ്തത്. അങ്ങനെയാണ് 650 മെഗാവാട്ട് മാനേജ് ചെയ്തത്.

ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള തീരുമാനത്തെ എതിര്‍ത്തതുമൂലമാണ് കെ.എസ്.ഇ.ബി ചെയര്‍മാനെ മാറ്റിയെന്നുള്ളത് തീര്‍ത്തും തെറ്റായ ആരോപണമാണ്. സിവില്‍ സര്‍വീസ് ബോര്‍ഡ് കൂടിയിട്ടില്ലെന്ന വാര്‍ത്ത തെറ്റാണ്. ബോര്‍ഡ് കൂടിയിട്ടുണ്ട്. എന്നോട് ഒരു ഉദ്യോഗസ്ഥനും ഇതുവരെ അതൃപ്തി പറഞ്ഞിട്ടില്ല. പ്രൊസീജ്യര്‍ അനുസരിച്ചാണ് എല്ലാം ചെയ്തത്. ഉദ്യോഗസ്ഥരെ ആദ്യമായാണോ മാറ്റുന്നത്? പല ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിട്ടുണ്ട്. അത് സര്‍ക്കാരിന്റെ പ്രത്യേകാവകാശമാണ്. ഉന്നത ഉദ്യോഗസ്ഥരെപ്പോലും ഒരു വകുപ്പില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. 2027 മാര്‍ച്ച് 31 വരെയാണ് ജിഎന്‍എ യുമായുള്ള കരാര്‍. ഹിമാചലുമായുള്ള കരാര്‍ മേയ് 31 വരെയാണ്. മാര്‍ച്ചിനുശേഷം എന്‍ടിപിസിയില്‍ നിന്ന്് കുറഞ്ഞ നിരക്കില്‍ വൈദ്യുതി കിട്ടുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഡല്‍ഹിയില്‍ വച്ച് എന്‍ടിപിസി ചെയര്‍ മാനുമായി ഞാന്‍ ചര്‍ച്ച നടത്തിയിരുന്നു. യൂണിറ്റിന് 5.18രൂപ നിരക്കിന് ഏകദേശം 1000 മെഗാവാട്ട് തരാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. അതൊരു നല്ല നിരക്കാണ്. അവരുമായി ദീര്‍ഘകാല കരാറുണ്ടാക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ഗവണ്‍മെന്റ് ഒരു ദീര്‍ഘകാല കരാറിനും ശ്രമിച്ചില്ല. റിന്യൂവബൈള്‍ എന്‍ജിയ്ക്ക് വേണ്ടി ബാറ്ററി സംവിധാനവും ഒരുക്കുകയാണ്. രണ്ടു മൂന്നു വര്‍ഷത്തിനകം 5000-6000 മെഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് പ്രതീക്ഷിക്കുന്നത്. എന്‍ടിപിസിയും മറ്റു പൊതുമേഖല സ്ഥാപനങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്തും. 35 രൂപയ്ക്ക് വരെ നിലവില്‍ വൈദ്യുതി വാങ്ങുന്ന സംസ്ഥാനങ്ങളുണ്ട്. കേരളത്തിന് അത് സാധിക്കില്ല.

മിഷന്‍ സമുദ്രയെ പൊളിക്കാനുള്ള സമരം ഇപ്പോഴെ തുടങ്ങിയോ? കേരളത്തെ ഒന്നു നന്നാവാന്‍ സമ്മതിക്കില്ല. വിഴിഞ്ഞം തുറമുഖം വന്നപ്പോഴും ഇതേ സ്ഥിതിയായിരുന്നു. ഇപ്പോള്‍ വിഴിഞ്ഞം തുറമുഖത്ത് എത്ര കപ്പല്‍ വന്നുപോകുന്നുണ്ട്. റെക്കോഡാണ്. പ്രതീക്ഷിച്ചതിനപ്പുറത്ത് കപ്പലുകള്‍ വന്നുപോകുകയാണ്. മത്സ്യബന്ധനത്തിന് എന്തെങ്കിലും തടസമുണ്ടോ. ഞാന്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നു വന്നപ്പോഴും നോക്കി. മുകളില്‍ നിന്നു നോക്കുമ്പോള്‍ അവിടെ നല്ല മത്സ്യബന്ധനം നടക്കുന്നുണ്ട്. ഇപ്പുറത്ത് ഷിപ്പും അടുക്കുന്നുണ്ട്. വിഴിഞ്ഞത്ത് കഴിഞ്ഞ ഗവണ്‍മെന്റ് ചെയ്യാത്ത കാര്യമാണ് ഈ സര്‍ക്കാര്‍ ചെയ്തത്. 260 രൂപ മുടക്കി ഫിഷിങ് ഹാര്‍ബറിനു തുടക്കമിട്ടു. നിലവിലുള്ള ഫിഷിങ് ഹാര്‍ബര്‍ നന്നാക്കാന്‍ 90 കോടി രൂപ കൊടുത്തു. അപ്പോള്‍ എത്രയായി, 350 കോടി രൂപ. തീരം സംരക്ഷിക്കാന്‍ 25 കോടി രൂപയുടെ പുലിമുട്ട് . തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ മത്സ്യബന്ധനത്തിനായി കൂടുതല്‍ ദൂരം പോകണമായിരുന്നു. അപ്പോള്‍ അന്നത്തെ സര്‍ക്കാര്‍ പറഞ്ഞത് കൂടുതല്‍ ദൂരം പോകുന്നതിന് മണ്ണെണ്ണ സബ്സിഡി നല്‍കാമെന്നാണ്. പക്ഷേ കൊടുത്തില്ല. ഈ സര്‍ക്കാര്‍ 35 കോടി രൂപയാണ് വിതരണം ചെയ്തത്്. രണ്ടായിരത്തോളം മത്സ്യത്തൊഴിലാളികളുടെ അക്കൗണ്ടിലേയ്ക്ക് ഒന്നര ലക്ഷം തൊട്ട് മൂന്നര ലക്ഷം രൂപ വരെ ഇട്ടു കൊടുത്തു. 510 കോടി രൂപയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി മാറ്റിവച്ചത്. അവരുടെ ഭവന നിര്‍മാണ പദ്ധതിയ്ക്ക് നാല് ലക്ഷം രൂപ യായിരുന്നു. ലൈഫ് പദ്ധതില്‍ പെട്ടതോടെ അതു കിട്ടുന്നുണ്ടായിരുന്നില്ല. പ്രത്യേക ഭവന നിര്‍മാണ പദ്ധതിയുണ്ടാക്കി നാല് ലക്ഷം രൂപ എന്നുള്ളത് ആറ് ലക്ഷം രൂപയായി വര്‍ധിപ്പിച്ചു.

പോര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട് അക്കാദമിക് പ്രോഗ്രാമുകള്‍ ആരംഭിക്കും. 12 അക്കാദമിക് പ്രോഗ്രാമുകള്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. എല്ലാം ഒറ്റയടിക്കല്ല. കുറച്ചെണ്ണം അടുത്ത വര്‍ഷം ആരംഭിക്കും. അതിലെല്ലാം തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സംവരണം കൊടുക്കും. അവര്‍ പഠിക്കും. പഠിച്ചു പുറത്തിറങ്ങിവരുമ്പോള്‍ ഇവിടെ പ്ലേസ്മെന്റുണ്ടാകും. അപ്പോള്‍ അതനുസരിച്ചുള്ള സ്ഥാപനങ്ങള്‍ വരും. മത്സ്യബന്ധനത്തിന് ഒരു തടസവും ഉണ്ടാകില്ല. ലാന്‍ഡ് ബാങ്ക് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഞാന്‍ നിയമസഭയില്‍ പറഞ്ഞല്ലോ. തീരപ്രദേശത്തെ ഭൂമി മുഴുവന്‍ മാരിടൈം ബോര്‍ഡ് എടുക്കുമെന്നാണ് പറഞ്ഞത്. പറഞ്ഞപ്പോള്‍ അതില്‍ ഒരു വാചകം വിട്ടുകളഞ്ഞു. എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളുടെയും തുറമുഖ പരിധിയിലുള്ള ഭൂമി മാരിടൈമിന്റെ കൈയിലേയ്ക്ക് വരും. എന്നിട്ട് മാരിടൈം ബോര്‍ഡാണ് അവിടുത്തെ പ്രയോരിറ്റി നിശ്ചയിക്കുന്നത്. അതിലെന്താ തെറ്റ്? സര്‍ക്കാരിന്റെ ഒരു ഏജന്‍സിയിലേയ്ക്ക് വരുകയല്ലേ. സര്‍ക്കാരിന്റെ സ്റ്റാറ്റിയൂട്ടറി ബോഡിയിലേയ്ക്ക് റവന്യൂ, ഇന്‍ഡസ്ട്രീസ് തുടങ്ങിയവയുടെ ഭൂമിയെല്ലാം വരുകയാണ്. അത്രമാത്രം ഇന്‍വെസ്റ്റമെന്റ് ഈ മേഖലയിലുണ്ടാകും. 6000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റാണെന്നു പറയുകയും വിഴിഞ്ഞം പദ്ധതി കടല്‍ കൊള്ളയെന്നു ദേശാഭിമാനിയില്‍ എഴുതുകയും ചെയ്തതാണ്. അങ്ങനെ പറഞ്ഞവര്‍ അവസാനം അദാനി ഞങ്ങളുടെ പാര്‍ട്നറാണെന്നു പേലും പ്രസംഗിച്ചു. അന്ന് ഉമ്മന്‍ ചാണ്ടി, 6000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റാണെന്നും കടല്‍ കൊള്ളയാണെന്നുമുള്ള ഭീഷണിക്ക് മുന്നില്‍ വഴങ്ങി പദ്ധതി തന്നെ വേണ്ടെന്നു വച്ചിരുന്നെങ്കിലോ. ഒന്ന് ആലോചിച്ചു നോക്കിക്കേ. അപ്പോള്‍ അതു പോലെ ഞങ്ങളും ചെയ്യണ്ടേ. മിഷന്‍ സമുദ്ര കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ്. മത്സ്യത്തൊഴിലാളികളെ ഞങ്ങള്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തും. ഒരു കുഴപ്പവുമുണ്ടാകില്ല. അവരുടെ ജീവിത നിലവാരം വര്‍ധിക്കും. ഒരു സംശയവും വേണ്ട.

ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട വിവാദങ്ങളുണ്ടായതിനു കാരണം മന്ത്രി അറിയാതെതന്നെ ഡപ്യൂട്ടി കമ്മീഷണര്‍ക്കും കമ്മീഷണര്‍ക്കും കൂടി ബാര്‍ ലൈസന്‍സ് കൊടുക്കാവുള്ള സൗകര്യം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചെയ്തുവച്ചു. അത് മാറ്റും. ഗവണ്‍മെന്റ് അറിയാതെ ഒന്നും ഒരു ബാറും കൊടുക്കില്ല. അങ്ങനെ കൊടുക്കാന്‍ പാടില്ല. നമുക്ക് അതിനകത്തൊരു നിയന്ത്രണം വേണ്ടേ. ഈ ഗവണ്‍മെന്റിന്റെ ലിക്വര്‍ പോളിസി വന്നുകഴിയുമ്പോള്‍ ആ ലിക്വര്‍ പോളിസിക്ക് അനുസരിച്ചേ ബാര്‍ കൊടുക്കാന്‍ പാടുള്ളൂ. ഗവണ്‍മെന്റ്് അറിഞ്ഞുകൊണ്ട് ചെയ്താല്‍ മതി.

മുന്‍ സര്‍ക്കാരിനെ പോലെ സമരം നടത്തുന്നവരെ അവഗണിക്കുന്ന സമീപനമല്ല ഈ സര്‍ക്കാര്‍ എടുത്തത്. ഞാന്‍ നിയമസഭയില്‍ പറഞ്ഞു.;എട്ട് പ്രാവശ്യം പൊതുവിദ്യാഭ്യാസ മന്ത്രി എല്‍.പി.എസ്.ടി സമരക്കാരുമായി ചര്‍ച്ച ചെയ്തു. രണ്ട് പ്രാവശ്യം ഞാന്‍ ചര്‍ച്ച ചെയ്തു. എന്നിട്ട് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ സെക്രട്ടറി പോയി സമരം മാറ്റിവയ്ക്കണമെന്ന റിക്വസ്റ്റ് കൊടുത്തു. അഞ്ച് പോയിന്റാണ് അവര്‍ പറയുന്നത്. അതില്‍ നാലു കാര്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. അതു പൊതുവിദ്യാഭ്യാസ മന്ത്രി നിങ്ങളോട് പറയും. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്തും, റേഷ്യോ കുറയ്ക്കുന്നത് ചെയ്യാന്‍ പറ്റില്ലൊയെന്നു പറഞ്ഞതാണ്. ഇപ്പോഴത്തെ ധനസ്ഥി അനുസരിച്ചിട്ട് എല്‍.പി.എസ്.ടി യുടെ റേഷ്യോ കുറച്ചാല്‍ പുതിയ തസ്തികള്‍ സൃഷ്ടിക്കേണ്ടി വരും. എല്‍പിഎസ്ടിയ്ക്ക് തസ്തിക സൃഷ്ടിച്ചാല്‍ യുപിഎസ്ടിയ്ക്ക് തസ്തിക സൃഷ്ടിക്കേണ്ടി വരും. എച്ച്എസ്ടിയ്ക്ക് വേണ്ടി വരും. ഹയര്‍ സെക്കന്‍ഡറിയ്ക്ക് വരെ ഗവണ്‍മെന്റ് തസ്തിക കൂട്ടേണ്ടിവരും. ഗവണ്‍മെന്റില്‍ കൂട്ടിക്കഴിഞ്ഞാല്‍ കേരളത്തിലെ എയ്ഡഡ് സ്‌കൂളുകള്‍ മുഴുവന്‍ അതു ക്ലെയിം ചെയ്യും. ഗവണ്‍മെന്റ് സ്‌കൂളില്‍ ഒരു റേഷ്യോയും എയ്ഡഡ് സ്‌കൂളില്‍ മറ്റൊരു റേഷ്യോയും വന്നാല്‍ അവര്‍ കോടതിയില്‍ പോകും. അപ്പോള്‍ അവര്‍ക്കും അനുവദിക്കേണ്ടി വരും. അങ്ങനെ റേഷ്യോ കുറച്ച് തസ്തിക സൃഷ്ടിക്കാവുന്ന ഒരു ധനസ്ഥിതിയില്‍ അല്ല. നല്ലൊരു സ്ഥിതി വരുമ്പോള്‍ നമുക്ക് ആലോചിക്കാം. ഞങ്ങള്‍ അവരെ നിഷേധിച്ചില്ല. നമ്മുടെ പരിമിതികളാണ്. അത് അവരെ ഞങ്ങള്‍ അറിയിച്ചിട്ടുണ്ട്. പിന്നെ സമരം ചെയ്യുന്നവര്‍ മുഖ്യമന്ത്രിയെക്കുറിച്ചോ പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല. ഞാന്‍ അവരെ അപമാനിച്ചാണോ പറഞ്ഞത്. സത്യം പറഞ്ഞാല്‍ അവര്‍ മുടി മുറിക്കുന്നതുകണ്ടപ്പോള്‍ നമുക്ക് സങ്കടമായി. എന്റെ കണ്ണു നിറഞ്ഞു അതു കണ്ടപ്പോള്‍. ഒരു പെണ്‍കുട്ടിയല്ലേ, നമുക്കു വിഷമമായല്ലോ. പണ്ട് അങ്ങനെയല്ലല്ലോ. അവരോട് സംസാരിക്കില്ല. സെക്രട്ടേറിയറ്റിലേയ്്ക്ക് കേറാന്‍ പറ്റുമാരുന്നോ. അവര്‍ നേരെ കേറിവന്നാണ് നമ്മളുമായി ചര്‍ച്ച ചെയ്തത്. അവരുമായി ഇനിയും ചര്‍ച്ച ചെയ്യണമെങ്കില്‍ അതു ചെയ്യും. ഗവണ്‍മെന്റിന് അങ്ങനെ ഒരു പിടിവാശി സമരം ചെയ്യുന്നവരോടില്ല.

പി.എം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രവുമായുള്ള ധാരണപത്രത്തില്‍നിന്ന് സംസ്ഥാനത്തിന് ഏകപക്ഷീയമായി പിന്‍മാറാനാകില്ല. അങ്ങനൊരു നിബന്ധന അതിലുണ്ട്. ധാരണപത്രത്തില്‍ നിന്ന് പിന്മാറാനുള്ള തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനു മാത്രമേ അധികാരമുള്ളൂ. അതിപ്പോഴും നിലനില്‍ക്കുകയാണ്. നിലവില്‍ പി.എം ശ്രീ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഉപസമിതിയുടെ പരിഗണനയിലാണ്.

സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ വിഷയം കോടതിയുടെ മുന്‍പിലാണ്. അതില്‍ അഭിപ്രായം പറയേണ്ട കാര്യമില്ല. പരീക്ഷ എഴുതുന്നതിന് എതിരല്ല, കുട്ടികള്‍ പരീക്ഷ എഴുതണം എന്നുള്ള അഭിപ്രായക്കാരനാണ് ഞാന്‍. പിന്നെ സമരം ചെയ്തതിന്റെ പേരില്‍ ഒരു പണിഷ്മെന്റ് ഒക്കെ കൊടുക്കാം. അവര്‍ ശവസംസ്‌കാരം നടത്തിയതിനല്ല സസ്പെന്‍ഷന്‍. അവര്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ കടന്ന് വി.സിയെയും സിന്‍ഡിക്കേറ്റ് അംഗങ്ങളെയും ആക്രമിച്ചു. അതിന്റെ വിഷ്വല്‍ ഇല്ലാതെ പോയി. അതിനാണ് നടപടി എടുത്തത്. ഇപ്പോള്‍ ഞാന്‍ ആ വിദ്യാഭ്യാസ വിചക്ഷണന്മാരുടെ, യൂണിവേഴ്സിറ്റിയുടെ മുന്‍ വൈസ് ചാന്‍സലര്‍ അടക്കമുള്ള ആളുകളുടെ സംയുക്ത പ്രസ്താവനയൊക്കെ ശ്രദ്ധയില്‍പ്പെട്ടു. ആ വൈസ് ചാന്‍സലര്‍ ഇരിക്കുമ്പോള്‍ കെ.എസ്.യുക്കാരായ കുട്ടികള്‍ എസ്.എഫ്.ഐയുമായി സംഘര്‍ഷമുണ്ടായി. ആ കുട്ടികളെ ഒമ്പത് മാസത്തോളം സസ്പെന്‍ഡ് ചെയ്തു. അവസാനം ഡിസ്മിസ് ചെയ്തു. അപ്പോള്‍ ഒരു ഇന്റലക്ച്വല്‍സും ഉണ്ടായില്ല ചോദിക്കാന്‍. പരീക്ഷ പോയിട്ട് പഠിക്കാന്‍ അനുവദിച്ചില്ല. ആ മുന്‍ വി.സി അടക്കമുള്ളവരാണ് പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്. നിങ്ങള്‍ ഒന്ന് അന്വേഷിച്ചു നോക്ക്. നിങ്ങള്‍ ഇത്രയും കാര്യങ്ങളൊക്കെ കൊണ്ടുവരുമ്പോള്‍ ഇതൊക്കെ നോക്കണം.

നെല്ല് സംഭരണത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. അത് ഉടന്‍ അനൗണ്‍സ് ചെയ്യും. കഴിഞ്ഞ തവണത്തെ പ്രശ്നങ്ങളൊന്നുമില്ല. മില്ലുകളൊക്കെ വന്നു. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ മില്ലുകള്‍ വന്നിട്ടുണ്ട്. നെല്ല് സംഭരണം നല്ല പെര്‍ഫെക്ട് ആയിട്ട് നടത്തും. മാത്രമല്ല, പൈസയും കൂട്ടികൊടുക്കും.


വിപണിയെ ഉത്തേജിപ്പിക്കുന്നതിനു സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചതാണ്് ജി.എസ്.ടി വരുമാന വര്‍ധനയില്‍ പ്രതിഫലിക്കുന്നത്. ഉദാഹരണത്തിന് ഓണക്കാലത്ത് വിപണിയിലേയ്ക്ക് സര്‍ക്കാര്‍ പണമിറക്കി. അത് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നു ഞാന്‍ പറഞ്ഞു. അതിന്റെ ഫലത്തില്‍ ഇപ്പോഴും ഞാന്‍ സംതൃപ്തനല്ല. ഒക്ടോബറില്‍ റെക്കോഡ് ജി.എസ്.ടി വരുമാനമാണ് ലഭിച്ചത്. ജി.എസ്.ടിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതലാണിത്. കേരളത്തിന്റെ ജി.എസ്.ടി വരുമാനം 27 ശതമാനമാണ്. ദേശീയ ശരാശരി 13 ശതമാനവും. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മൈനസ് 2 ശതമാനമായിരുന്നു വളര്‍ച്ച. ഇനിയും ജി.എസ്.ടി വരുമാനം കൂടണം. കൂടുതല്‍ നിക്ഷേപങ്ങള്‍ നമുക്ക് വേണം. മൊത്ത, ചില്ലറ വിപണി ഇപ്പോള്‍ നന്നായി പോകുന്നു. ഉദാഹരണത്തിന് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറച്ചപ്പോള്‍ പലരും വിമര്‍ശിച്ചു. ഈ സമയത്ത് ടാക്‌സ് കൂട്ടാതെ കുറച്ചതെന്തിനാണെന്ന് ചോദിച്ചു. ഇ.വികളുടെ ചില്ലറ വില്‍പ്പനശാലകളില്‍ നിങ്ങള്‍ അന്വേഷിച്ചു നോക്കിയാല്‍ അറിയാം, രണ്ടു മൂന്നു മാസത്തിനകം വണ്ടികളെല്ലാം വിറ്റുപോയി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്റ്റോക്ക് കൊണ്ട് വന്നു വില്‍ക്കേണ്ട സ്ഥിതി ഉണ്ടായി. ടാക്സ് കൂട്ടുന്നതല്ല വരുമാന വര്‍ധനവിനുള്ള പരിഹാരം. അതാണ് ഞാന്‍ പണ്ട്, പൂവ് പോലും അറിയാതെ പൂവില്‍ നിന്ന് പൂമ്പാറ്റ തേന്‍ കുടിക്കുന്നത് പോലെ നികുതി പിരിക്കണമെന്നു പറഞ്ഞത്. ഇപ്പോള്‍ മനസിലായോ അത് എങ്ങനെയാണെന്ന്. അത് ഞാന്‍ പറഞ്ഞതല്ല. ചാണക്യന്‍ അര്‍ഥശാസ്ത്രത്തില്‍ പറഞ്ഞതാണ്. അതുംപറഞ്ഞ് എന്തുമാത്രം കളിയാക്കി. ചാണക്യന്‍ അര്‍ഥശാസ്ത്രത്തിന് വരാന്‍ പോകുന്ന കാലത്തേയ്ക്കുള്ള എല്ലാ ധനമന്ത്രിമാര്‍ക്കുകൂടി പറഞ്ഞിരിക്കുന്ന കാര്യമാണത്. എനിക്കത് ഇഷ്ടപ്പെട്ടു. ഞാന്‍ പലപ്രാവശ്യം നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്. അന്നത് നടത്താന്‍ എനിക്ക് പറ്റില്ലല്ലോ. ധനകാര്യമന്ത്രി ആയപ്പോല്‍ ഞാന്‍ അത് നടപ്പിലാക്കി.

Leave a Reply

Your email address will not be published. Required fields are marked *