*സാന്ത്വന വിദ്യാഭ്യാസം കുട്ടികളുടെ അവകാശം : പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

Spread the love
സമഗ്ര ശിക്ഷാ കേരളയുടെ ഇടപെടൽ മേഖലകൾ സാന്ത്വന വിദ്യാഭ്യാസം ആയി കാണണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സാന്ത്വന വിദ്യാഭ്യാസം ലഭിക്കാൻ കുട്ടികൾക്ക് അവകാശമുണ്ട്. ഇക്കാര്യത്തിൽ സമഗ്ര ശിക്ഷാ കേരളം നോഡൽ ഓഫീസായി പ്രവർത്തിക്കണം. കോവിഡ് കാലം ഏറ്റവും കൂടുതൽ അരക്ഷിതത്വം സൃഷ്ടിച്ചത് ഭിന്നശേഷി, ഗോത്രവർഗ മേഖലകളിലാണ്. എല്ലാവരേയും ഉൾക്കൊള്ളുന്നതാണ് ശരിയായ വിദ്യാഭ്യാസമെന്നും മന്ത്രി പറഞ്ഞു.
ഭിന്നശേഷി കുട്ടികൾക്കും ഗോത്രവിഭാഗം കുട്ടികൾക്ക് വിദ്യാഭ്യാസം പ്രാപ്തമാക്കുന്നതിന് സമഗ്ര ശിക്ഷ കേരളം നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണ്. ഭിന്നശേഷി വിദ്യാർത്ഥികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്ന ജില്ലാ തലങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കണം. ആദിവാസി ഗോത്ര മേഖലയിലും പഠനപോഷണ പരിപാടികൾക്ക് ഊന്നൽ നൽകണം.
2021 – 22 ൽ സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ കൈപുസ്തകത്തിന്റെ പ്രകാശനവും ഭിന്നശേഷി കുട്ടികളുടെ പഠനത്തിനായി തയ്യാറാക്കിയ ടോക്കിംഗ് ടെക്സ്റ്റ് പോർട്ടലിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ഈ വർഷത്തെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന വീട് ഒരു വിദ്യാലയം, അതിജീവനം പദ്ധതി,വായനാ വസന്തം പരിപാടി, ടിങ്കറിംഗ് ലാബ്,പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങൾ, ഊരുവിദ്യാലയങ്ങൾ തുടങ്ങിയ പരിപാടികളെക്കുറിച്ച് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഇതുവരെ നടത്തിയ പ്രവർത്തനങ്ങളുടെ പുരോഗതി മന്ത്രിയുടെ നേതൃത്വത്തിൽ വിലയിരുത്തി. സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ.എ പി കുട്ടികൃഷ്ണൻ, അസിസ്റ്റന്റ് ഡയറക്ടർ ഷിബു ആർഎസ്, ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർമാർ, സംസ്ഥാനതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *