സര്‍ക്കാരിനോട് ആലോചിക്കാതെയാണ് പി.എസ്.സി ചെയര്‍മാനെയും അംഗങ്ങളെയും പിരിച്ചുവിടണമെന്ന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തത്.
ചട്ടവിരുദ്ധമായ സ്ഥാനക്കയറ്റം റദ്ദാക്കിയതിനെ തുടര്‍ന്ന് ജോലി ഭീഷണിയിലായ 6 പി.എസ്.സി ഉദ്യോഗാര്‍ത്ഥികളെ സര്‍വീസില്‍ നിലനിര്‍ത്താന്‍ സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കും. കോഴിക്കോട് ജില്ലയിലെ അഞ്ചു പേര്‍ക്കും എറണാകുളം ജില്ലയിലെ ഒരാള്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. മുന്‍പ് കാറ്റഗറി മാറ്റം വഴി ക്ലാര്‍ക്ക് തസ്തികയിലേക്ക് നല്കിയ സ്ഥാനക്കയറ്റം കോടതി ഉത്തരവ് പ്രകാരം റദ്ദാക്കി ജീവനക്കാരെ റിവേര്‍ട്ട് ചെയ്തതോടെയാണ് പി.എസ്.സി വഴി ടൈപ്പിസ്റ്റ് തസ്തികയില്‍ നിയമനം ലഭിച്ചവര്‍ക്ക് ജോലി നഷ്ടമാകുന്ന സാഹചര്യമുണ്ടായത്.
സര്‍ക്കാരിനോട് ആലോചിക്കാതെയാണ് പി.എസ്.സി ചെയര്‍മാനെയും അംഗങ്ങളെയും പിരിച്ചുവിടണമെന്ന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തത്. നടപടിക്രമങ്ങള്‍ പാലിച്ചിട്ടല്ല അദ്ദേഹം അങ്ങനെ ചെയ്തിരിക്കുന്നത്. സര്‍ക്കാരിനോട്് ആലോചിച്ചിട്ടു വേണമായിരുന്നു അത്തരമൊരു അഭിപ്രായം പറയേണ്ടിയിരുന്നത്. ഞങ്ങളുടെ സുചിന്തിതമായ അഭിപ്രായം അതാണ്. ഒറ്റയ്ക്കല്ല അഭിപ്രായം പറയേണ്ടിയിരുന്നത്. ഗവര്‍ണര്‍ ഭരണഘടന അനുസരിച്ച് സര്‍ക്കാരിന്റെ കൂടി അഭിപ്രായമാണ് അറിയേക്കണ്ടത്. ഗവര്‍ണര്‍ അങ്ങനെയാരു ശുപാര്‍ശ കൊടുത്തുവെന്ന് പറഞ്ഞ് പി.എസ്.സിയിലെ ക്രമക്കേടുകള്‍ മറയ്ക്കാന്‍ പറ്റില്ല. ഇപ്പോള്‍ കേരളത്തിലെ പ്രതിപക്ഷം ചെയ്യുന്നത് ഇതും പറഞ്ഞ് പി.എസ്.സിക്കാരെ മുഴുവന്‍ രക്ഷിക്കാനുള്ള ക്യാമ്പയിനുമായി ഇറങ്ങിയിരിക്കുകയാണ്. പി.എസ്.സിയില്‍ നടന്നത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ല. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. സ്വന്തക്കാരെയും ബന്ധുക്കളെയും ഒക്കെ നിയമിച്ചിരിക്കുകയാണ്. കാത്തിരുന്ന് ട്രെയിനിംഗ് സെന്ററില്‍ പോയി പഠിച്ച് പരീക്ഷ എഴുതിയ പാവപ്പെട്ട ചെറുപ്പക്കാരെയെല്ലാം മാറ്റി നിര്‍ത്തി സ്വന്തക്കാരെയും പാര്‍ട്ടി ബന്ധുക്കളെയും നിയമിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. പ്രാഥമിക അന്വേഷണത്തില്‍ പി.എസ്.സിയുടെ വിശ്വാസ്യത മുഴുവന്‍ തകര്‍ക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്്. പി.എസ്.സിയുടെ വിശ്വാസ്യത വീണ്ടെടുക്കും. കുറ്റക്കാരായ മുഴുവന്‍ ആളുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. അതില്‍ വിട്ടുവീഴ്ചയില്ലാത്ത, കാര്‍ക്കശ്യമായ നിലപാടുകളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഗവര്‍ണര്‍ നല്കിയ ശുപാര്‍ശ പ്രകാരം പി.എസ്.സി ചെയര്‍മാനെയും അംഗങ്ങളെയും പിരിച്ചുവിടുന്ന കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നത് അനൗചിത്യമാണ്. അന്വേഷണം നടത്തി റിപ്പോര്‍ട്ട്് സമര്‍പ്പിക്കുമ്പോള്‍ ഉചിതമായ നടപടി സ്വീകരിക്കും. പി.എസ്.സിയിലെ വിഷയങ്ങളും ഗവര്‍ണര്‍ കൊടുത്ത ശുപാര്‍ശയും രണ്ട് കാര്യങ്ങളാണ്. അതു വരുമ്പോള്‍ നോക്കാം.
ചെയര്‍മാന്റെ നിയമനം ഉള്‍പ്പടെയുള്ള എല്ലാകാര്യങ്ങളും അന്വേഷിക്കും. ധാരാളം പരാതികള്‍ ഇപ്പോള്‍ വരുന്നുണ്ട്. കിട്ടുന്ന പരാതികള്‍ അന്വേഷണസംഘത്തിന് കൈമാറുന്നുണ്ട്. അന്വേഷണം ശരിയായി നടക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ നേരത്തെ പരാതി കൊടുക്കാന്‍ മടിച്ച നിരവധി ആളുകള്‍ പരാതിയുമായി വരുന്നുണ്ട്. ഒരു പരീക്ഷയിലല്ല, ഒരു പാട് പരീക്ഷകളുമായി ബന്ധപ്പെട്ട് ഗൗരവകരമായ പരാതികളുണ്ട്. പി.എസ്.സിയില്‍ തന്നെ ഇക്കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്്.
നടപടിക്രമങ്ങള്‍ പാലിച്ചാണ് കെ.എസ്.ഇ.ബി ചെയര്‍മാനെ മാറ്റിയത്. സ്വകാര്യ കമ്പനിയില്‍ നിന്നും വൈദ്യുതി വാങ്ങാനാണ് മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് പറയുന്നത് കേട്ടു. പവര്‍ വാങ്ങുന്നത് സംബന്ധിച്ച കാര്യത്തില്‍ തീരമാനമെടുക്കാന്‍ വൈദ്യുതി മന്ത്രിയില്‍ നിന്ന് ഒരു ഫയല്‍ ലഭിച്ചിരുന്നു. രണ്ട് പ്രൊപ്പോസലുകളാണ് ഉണ്ടായിരുന്നത്. ഒന്ന് ഹിമാചല്‍ പ്രദേശില്‍ നിന്ന് ഒരു യൂണിറ്റിന് 14.50 രൂപയ്ക്കും സ്വകാര്യ സ്ഥാപനമായ ജി.എന്‍.എയില്‍ നിന്ന് ഒരു യൂണിറ്റിന് 8.63 രൂപ, 8.90 രൂപ നിരക്കില്‍ രണ്ടെണ്ണവുമാണ് ഉണ്ടായിരുന്നത്. വൈദ്യുതി ബോര്‍ഡ് നല്കിയ റിപ്പോര്‍ട്ടില്‍ ഹിമാചല്‍ പ്രദേശ് പി.ടി.സി. ലിമിറ്റഡ് (Power Trading Corporation) എന്ന സ്ഥാപനം വഴിയാണ് വൈദ്യുതി ലഭ്യമാക്കുന്നതെന്ന് പറയുന്നുണ്ട്. നേരിട്ട് സര്‍ക്കാരല്ല. പൈസ കൊടുക്കുന്നതില്‍ അവരുടെ കമ്മീഷന് കൂടിയുണ്ട്. ഗവണ്മെന്റ് എന്ന് പറയുന്നതേയുള്ളൂ, അതില്‍ പ്രൈവറ്റ് സ്ഥാപനവുമുണ്ട്. മറ്റൊന്ന് ജി.എന്‍.എ, ഓപ്പണ്‍ പ്ലാറ്റ്ഫോമാണ്. അഞ്ചര രൂപ അന്‍പത് പൈസ മുതല്‍ ആറ് രൂപ വരെ വ്യത്യാസം. ഗവണ്മെന്റ് ആണെന്ന് കരുതി ആറ് രൂപ കൂട്ടി വൈദ്യുതി വാങ്ങിക്കാന്‍ പറ്റുമോ? അങ്ങനെ വാങ്ങിച്ചാല്‍ 2232 കോടിയുടെ അധിക ബാധ്യത സര്‍ക്കാരിനുണ്ടാകും. അപ്പോള്‍ അത് എടുക്കാന്‍ പറ്റില്ല. നമ്മള് ജി.എന്‍.എയില്‍ നിന്ന് വാങ്ങാനാണ് തീരുമാനിച്ചത്. സ്വകാര്യ കമ്പനിയില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ പോകുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് കാര്യങ്ങള്‍ അന്വേഷിക്കാതെയാണ്. അദ്ദേഹത്തിന്റെ കാലത്ത് 2025ല്‍ ഇതേ ജി.എന്‍.എയില്‍ നിന്ന് വാങ്ങിയിട്ടുണ്ട്. അത് അറിയാതെയാണ് സ്വകാര്യ കമ്പനിയില്‍ നിന്ന് വൈദ്യുതി വാങ്ങുന്നെന്ന് പറയുന്നത്. അദ്ദേഹത്തിന്റെ കാലത്ത് എന്‍.ടി.പി.സിയില്‍ നിന്ന് വളരെ കുറച്ച് വൈദ്യുതി മാത്രമാണ് വാങ്ങിയത്. ബാക്കി മുഴുവന്‍ സ്വകാര്യ കമ്പനികളില്‍ നിന്നാണ്, ജിന്‍ഡാലില്‍ നിന്ന്, അദാനിയില്‍ നിന്ന്, ജി. എന്‍. എയില്‍ നിന്ന്. അങ്ങനെയുള്ള നിരവധി സ്വകാര്യ കമ്പനികളില്‍ നിന്ന് വാങ്ങിയതിന്റെ ലിസ്റ്റ് എന്റെ കൈയിലിരിപ്പുണ്ട്. കഴിഞ്ഞ രണ്ട് മാസവും ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ നിന്ന് 4 രൂപ 65 പൈസയ്ക്ക് 180 മെഗാവാട്ട് കിട്ടി. ബാക്കി മുഴുവന്‍ വാങ്ങിയത് സ്വകാര്യകമ്പനിയില്‍ നിന്നാണ്. സ്വകാര്യ കമ്പനിയില്‍ നിന്നാണ് കേരളത്തിലെ ഇലക്ട്രിസിറ്റി ബോര്‍ഡിന് ഭൂരിഭാഗം വൈദ്യുതിയും കിട്ടുന്നത്. ഇപ്പോള്‍ സ്വകാര്യ കമ്പനിയില്‍ നിന്ന് വാങ്ങാന്‍ പോകുന്നത് വലിയ സംഭവമായാണ് പറയുന്നത്. അതെന്താണെന്ന് മനസിലാകുന്നില്ല.
ജി.എന്‍.എയില്‍ നിന്ന് വാങ്ങാനാണ് സംസ്ഥാനം തീരുമാനിച്ചത്. ഹിമാചലുമായി താരതമ്യം ചെയ്യുമ്പോള്‍ വൈദ്യുതി നിരക്കില്‍ വലിയ വ്യത്യാസമുണ്ട്. രണ്ട് പ്രൊപ്പോസലുകളും താരതമ്യപ്പെടുത്തുമ്പോള്‍ നമുക്ക് കിട്ടുന്നത് ഹിമാചലില്‍ നിന്ന് മാര്‍ച്ച് അവസാനം വരെ ആകെ 843 MU (Million Units) വൈദ്യുതിയും ജി.എന്‍.എ.യില്നിന്ന് 1,812 MU വൈദ്യുതിയുമാണ് ലഭ്യമാകുന്നത്.
പീക്ക് ഹവേഴ്സ് വൈകിട്ട് 6 മുതല്‍ രാത്രി 12 വരെയാണ്. ഹിമാചലില്‍ നിന്ന് കിട്ടുന്നത് 353 MU വൈദ്യുതിയും അതേ സമയം ജി.എന്‍.എയില്‍ നിന്നു കിട്ടുന്നത് 453 MU വൈദ്യുതിയുമാണ്. ഏകദേശം നൂറ് മില്ല്യണ്‍ യൂണിറ്റിന്റെ വ്യത്യാസമാണ് ജി.എന്‍.എയില്‍ നിന്ന് കിട്ടുന്നത്. പീക്ക് ഹവറില് ഏറ്റവും കൂടുതല്‍ വൈദ്യുതി കിട്ടുന്നത് ജി. എന്‍. എയില്‍ നിന്നാണ് ഹിമാചലില്‍ നിന്നല്ല.
ജി.എന്‍.എയില്‍ നിന്ന് വൈദ്യുതി വാങ്ങിച്ചാല്‍ അധിക ബാധ്യതയാകുമെന്ന വാര്‍ത്തകള്‍ തെറ്റാണ്. ഇന്ന് ഒരു പത്രത്തില്‍ വാര്‍ത്ത കണ്ടു 722 കോടി നഷ്ടം വരുത്തും ഇതെന്ന്. റഗുലേറ്ററി അതോറിറ്റി ഒരു സീലിംഗ് വച്ചിട്ടുണ്ട്. ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിനെക്കുറിച്ചുള്ള ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പറയുന്നത് ആ സീലിംഗിന് മുകളിലുള്ള നിരക്കില്‍ വൈദ്യുതി വാങ്ങിയാല്‍ 722.91 കോടി ഒക്ടോബര്‍ ഡിസംബര്‍ വരെയും 1510.43 കോടി രൂപ മെയ്് വരെയും അധികബാധ്യത വരുമെന്നാണ്. അപ്പോള്‍ 2233.34 കോടി രൂപയുടെ അധികബാധ്യത ഗവണ്മെന്റ് കൊടുക്കണം. കെ. എസ്. ഇ. ബി എനിക്ക് അയച്ച ലെറ്ററില്‍ ഇക്കാര്യം പറയുന്നുണ്ട്. 8.63 രൂപയ്ക്കും 8.90 രൂപയ്ക്കും കിട്ടുന്ന വൈദ്യുതി വാങ്ങിക്കാതെ 14.50 രൂപയ്ക്ക് കിട്ടുന്ന വൈദ്യുതി വാങ്ങിക്കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ എന്തെല്ലാം ചോദ്യങ്ങള്‍ നിങ്ങള്‍ ചോദിച്ചേനെ? ഹിമാചല്‍ സര്‍ക്കാര്‍ 15.50 രൂപയ്ക്ക് രാജസ്ഥാന് നല്കിക്കൊണ്ടിരിക്കുകയാണ്. അതിലും കുറച്ച് ഇങ്ങോട്ട് തന്നാല്‍ അവര്‍ക്ക് പിടിച്ചു നില്‍ക്കണ്ടേ. ഇതെല്ലാം എല്ലാം ട്രേഡിംഗ് ആണ്. ഹിമാചല്‍ ഗവണ്മെന്റല്ല. ഇലക്ട്രസിറ്റി ബോര്‍ഡിന്റെ ലെറ്ററില്‍ ട്രേഡിംഗ് ആണെന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്. പവര്‍ ട്രേഡിംഗ് കോര്പ്പറേഷന് ആണെന്ന്. നമ്മള് കുറഞ്ഞ നിരക്കില്‍ വൈദ്യുതി കിട്ടുന്നത് എവിടെ നിന്നാണെന്ന് നോക്കുകയാണല്ലോ. ടെണ്ടര്‍ വച്ചിട്ടു പോലും കിട്ടിയില്ലല്ലോ. ജി. എന്‍. എയില്‍ നിന്ന് സ്റ്റേറ്റ് മുന്‍പ് വാങ്ങിച്ചിട്ടുണ്ട്.