കേരള മെഷിനറി എക്സ്പോ 2027 ജനുവരി 4 മുതൽ 7 വരെ കാക്കനാട് കിൻഫ്ര എക്സിബിഷൻ സെന്ററിൽ

Spread the love

എറണാകുളം/തിരുവനന്തപുരം: കേരളത്തിലെ വ്യവസായ മേഖലയുടെ ആധുനികവൽക്കരണത്തിനും സാങ്കേതിക മുന്നേറ്റത്തിനും ലക്ഷ്യമിട്ട് സംസ്ഥാന വ്യവസായ-വാണിജ്യ ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന ‘കേരള മെഷിനറി എക്സ്പോ 2027’ (Machinery Expo Kerala 2027) ജനുവരി 4 മുതൽ 7 വരെ എറണാകുളം കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. എക്സ്പോയുടെ ലോഗോ പ്രകാശനം വ്യവസായ, ഐ.ടി., എ.ഐ. വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് നിർവ്വഹിച്ചു.
‘Invest in Innovations’ (നവീകരണങ്ങളിൽ നിക്ഷേപിക്കാം) എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഈ എക്സ്പോയിൽ രാജ്യത്തെ പ്രമുഖ മെഷിനറി നിർമ്മാതാക്കളും അംഗീകൃത ഡീലർമാരും പങ്കെടുക്കും. പ്രമുഖ യന്ത്രനിർമ്മാണ കമ്പനികളുടെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങളും ആധുനിക സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കുന്ന വിപുലമായ വേദിയായിരിക്കും ഇത്.
പ്രധാന ആകർഷണങ്ങൾ:
വിവിധ വ്യവസായ മേഖലകളിലെ ആധുനിക യന്ത്രസാമഗ്രികൾ
നൂതന ഉൽപ്പാദന സാങ്കേതികവിദ്യകൾ, ഓട്ടോമേഷൻ സംവിധാനങ്ങൾ, റോബോട്ടിക്സ്
ഹെവി മെഷിനറികളുടെ പ്രത്യേക പ്രദർശനം
പ്രമുഖ ഗവേഷണ സ്ഥാപനങ്ങളുടെ സാങ്കേതിക പ്രദർശനങ്ങൾ
ചെറുകിട-ഇടത്തരം വ്യവസായ സംരംഭകർക്ക് ആധുനിക യന്ത്രങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനും അനുയോജ്യമായ സാങ്കേതികവിദ്യകൾ തിരഞ്ഞെടുക്കുന്നതിനും പുതിയ നിക്ഷേപ സാധ്യതകൾ കണ്ടെത്തുന്നതിനും എക്സ്പോ അവസരമൊരുക്കും. ഉൽപ്പാദനക്ഷമതയും ഗുണനിലവാരവും വർധിപ്പിച്ച് വിപണിയിൽ മത്സരക്ഷമത കൈവരിക്കാൻ ഇത് വ്യവസായികളെ സഹായിക്കും.
ദേശീയതലത്തിലെ സാങ്കേതികവിദ്യകളും നിക്ഷേപ സാധ്യതകളും പരിചയപ്പെടുത്തുന്നതിനും വിവിധ സംസ്ഥാനങ്ങളിലെ നിർമ്മാതാക്കളും കേരളത്തിലെ സംരംഭകരും തമ്മിൽ പുതിയ വ്യാപാര ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും മെഷിനറി എക്സ്പോ 2027 വലിയൊരു വഴിത്തിരിവാകും.
ഫോട്ടോ ക്യാപ്‌ഷൻ
വ്യവസായ-വാണിജ്യ ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന ‘കേരള മെഷിനറി എക്സ്പോ 2027’-ന്റെ ലോഗോ പ്രകാശനം വ്യവസായ, ഐ.ടി., എ.ഐ. വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് നിർവ്വഹിക്കുന്നു.

Athulya Raj K R

Leave a Reply

Your email address will not be published. Required fields are marked *