കൊച്ചി: ഇന്‍ഫോപാര്‍ക്കിലെ വിശാലമായ കാമ്പസില്‍ ഐടി ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രകൃതി സൗഹൃദ യാത്രാ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി മൈബൈക്ക് സൈക്കിള്‍ സേവനം തുടങ്ങി. കേരള ഐടി പാര്‍ക്സ് സിഇഒ ജോണ്‍ എം തോമസും കൊച്ചി മെട്രോ ലിമിറ്റഡ് എംഡി ലോക്നാഥ് ബെഹറയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പൂര്‍ണമായും മൊബൈല്‍ ആപ്പ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പബ്ലിക് സൈക്കിള്‍ ഷെയറിങ് സേവനമാണ് മൈബൈക്ക്. ഇന്‍ഫോപാര്‍ക്ക് കാമ്പസില്‍ ഒമ്പത് ഇടങ്ങളിലായാണ് സ്റ്റേഷനുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഇന്‍ഫോപാര്‍ക്കിലെ ടെക്കി സമൂഹത്തിന് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ തുടര്‍ന്നും ഏര്‍പ്പെടുത്തുമെന്നും അവ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താനാകുമെന്നും സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു. കൊച്ചി മെട്രോയുമായി ചേര്‍ന്ന് മൈബൈക്ക് നേരത്തെ നഗരത്തില്‍ വിവിധയിടങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഏറ്റവും ചുരുങ്ങിയ ചെലവില്‍ കാമ്പസിനകത്തെ യാത്രകള്‍ക്ക് ഇവ ഉപയോഗിക്കാം. കൊച്ചി മെട്രോ വൈകാതെ ഇലക്ട്രിക് സൈക്കിളുകള്‍ അവതരിപ്പിക്കുമെന്നും ഇന്‍ഫോപാര്‍ക്ക് ഇ-സൈക്കിളുകളുടെ ഹബ് ആക്കിമാറ്റുമെന്നും ലോക്നാഥ് ബെഹറ പറഞ്ഞു.
ഇന്‍ഫോപാര്‍ക്കില്‍ അരലക്ഷത്തോളം ജീവനക്കാരാണ് ഉള്ളത്. സമ്പൂര്‍ണ വാക്സിനേഷന് പൂര്‍ത്തിയാക്കി കോവിഡ് ഭീഷണി ഒതുങ്ങിത്തുടങ്ങിയതോടെ കൂടുതല്‍ കമ്പനികള്‍ ജീവനക്കാരെ തിരിച്ചെത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കാമ്പസ് അതിവേഗം പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചെത്തുമ്പോള്‍ വീണ്ടു സജീവമാകുന്ന ഇന്‍ഫോപാര്‍ക്കില്‍ മൈബൈക്ക് സേവനവും ഐടി പ്രൊഫഷനലുകള്‍ക്കും മറ്റു ജീവനക്കാര്‍ക്കും സൗകര്യമാകും.
റിപ്പോർട്ട് : Anju V Nair (Account Manager)