കോട്ടയം: അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതോടൊപ്പം ഗുണമേന്മ ഉറപ്പാക്കിയുള്ള പ്രവർത്തനങ്ങളാണ് ആരോഗ്യ രംഗത്ത് നടപ്പാക്കുന്നതെന്ന് ആരോഗ്യ-വനിതാശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി ജനറൽ ആശുപത്രിയിലെ ജെറിയാട്രിക് വാർഡ്, പൂഞ്ഞാർ ജി.വി. രാജ കുടുംബാരോഗ്യ കേന്ദ്രം, ഒൻപത് കുടുംബാരോഗ്യഉപകേന്ദ്രങ്ങൾ എന്നിവയുടെ ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്രി.
കോവിഡ്, സിക്ക, നിപ്പ എന്നിങ്ങനെ ഏറെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് കഴിഞ്ഞ 100 ദിനം കടന്നു പോയത്. കൂട്ടായ പ്രവർത്തനത്തിലൂടെ ശക്തമായ പ്രതിരോധം തീർക്കാൻ കേരളത്തിന്റെ ആരോഗ്യരംഗത്തിനായി.
സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, ചീഫ് വിപ്പ് എൻ. ജയരാജ്, എം.പിമാരായ തോമസ് ചാഴികാടൻ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി എം.എൽ.എ മാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, മാണി സി. കാപ്പൻ, മോൻസ് ജോസഫ്, സി.കെ. ആശ തുടങ്ങിയവർ വീഡിയോ കോൺഫറൻസിലൂടെയും നേരിട്ടും ഉദ്ഘാടനപരിപാടികളിൽ പങ്കെടുത്തു.
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നടന്ന പൊതുസമ്മേളനം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ ആരോഗ്യരംഗത്ത് നടത്തിയ ശക്തമായ വികസനപ്രവർത്തനങ്ങളാണ് കോവിഡ് പ്രതിരോധം ശക്തമാക്കാൻ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ആരോഗ്യ ദൗത്യം മുഖേന 2019-20 സാമ്പത്തിക വർഷം അനുവദിച്ച 40 ലക്ഷം രൂപ ചെലവഴിച്ചാണ് ജെറിയാട്രിക് വാർഡിന്റെ നിർമാണം പൂർത്തിയാക്കിയത്. 10 കിടക്കകൾ, അംഗപരിമിതർക്കുള്ള ശൗചാലയം, നഴ്സിംങ് സ്റ്റേഷൻ, കാത്തിരിപ്പ് കേന്ദ്രം എന്നിവയാണ് ജെറിയാട്രിക് വാർഡിൽ സജ്ജീകരിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ,ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ലത ഷാജൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പി.എൻ. വിദ്യാധരൻ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എം. ശാന്തി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.എൻ സുജിത്ത്, വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ നടന്ന സമ്മേളനത്തിൽ ജോബ് മൈക്കിൾ എം.എൽ.എ. ശിലാഫലകം അനാച്ഛാദനം ചെയ്തു. ദേശീയ ആരോഗ്യ ദൗത്യം മുഖേന 2020-21 സാമ്പത്തിക വർഷത്തിൽ അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ചാണ് ജെറിയാട്രിക് വാർഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എം.പി. ഓൺലൈനിൽ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാധ്യക്ഷ സന്ധ്യാ മനോജ്, നഗരസഭാംഗങ്ങൾ, ആശുപത്രി സൂപ്രണ്ട് എസ്.എൽ അജിത് കുമാർ, ആശുപതി വികസന സമിതി അംഗങ്ങൾ, സർഗ്ഗക്ഷേത്ര സി.എം.ഐ. ഫാ. അലക്സ് പ്രായിക്കളം എന്നിവർ പങ്കെടുത്തു.
പൂഞ്ഞാർ ജി.വി. രാജ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ശിലാഫലകം അനാച്ഛാദനം ചെയ്തു. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 22.5 ലക്ഷം രൂപയും പൂഞ്ഞാർ ഗ്രാമപഞ്ചായത്തിന്റെ 27.5 ലക്ഷം രൂപയും ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. കുടുംബാരോഗ്യ കേന്ദ്രമായതോടെ കൂടുതൽ ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും സേവനം ലഭ്യമാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ, ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ്ജ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തംഗം രമ മോഹൻ എന്നിവർ പ്രസംഗിച്ചു. തദ്ദേശ സ്ഥാപന പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വിളക്കുമാടം, മേമ്മുറി, പരിപ്പ്, പെരുമ്പനച്ചി, കുറിച്ചിത്താനം, കാട്ടിക്കുന്ന്, തൃക്കൊടിത്താനം, നീണ്ടൂർ, ശാന്തിപുരം എന്നീ ഒൻപത് കുടുംബക്ഷേമകേന്ദ്രങ്ങൾ കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളായി ഉയർത്തി. ഇതോടെ ഇവിടങ്ങളിൽ പോഷകാഹാര ക്ലിനിക്, പ്രായമായവർക്കുള്ള ആരോഗ്യ സേവനങ്ങൾ, കുഞ്ഞുങ്ങളുടെ വളർച്ച പരിശോധന, പ്രമേഹം ഉൾപ്പെടെയുള്ള ജീവിതശൈലി രോഗ പരിശോധന, ഗർഭിണികൾക്കുള്ള പരിശോധനകൾ തുടങ്ങിയ സേവനങ്ങൾ കൂടി ലഭ്യമാകും. ഈ സേവനങ്ങൾക്കായി ഒരു സ്റ്റാഫ് നഴ്‌സിനെ കൂടി അധികമായി നിയമിച്ചിട്ടുണ്ട്. കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളിൽ കാത്തിരിപ്പു മുറി, പ്രതിരോധ കുത്തിവയ്പ് മുറി, ഭക്ഷണ മുറി, ഐ.യു.സി.ഡി. മുറി, ശുചിമുറി തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകും. ഏഴു ലക്ഷം രൂപ വീതമാണ് ഓരോ ഉപകേന്ദ്രത്തിലും ചെലവഴിച്ചത്.