പൂഞ്ഞാര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്കിനും പുതുപ്പള്ളി ഐ.എച്ച്.ആര്‍.ഡിക്കും പുതിയ കെട്ടിടം

Spread the love

post

ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് സര്‍ക്കാരിന്റെ നൂറുദിന സമ്മാനംകോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ ഉന്നതവിദ്യാഭ്യാസമേഖലയില്‍ രണ്ടു കെട്ടിടങ്ങള്‍ കൂടി പൂര്‍ത്തീകരിച്ചു. പൂഞ്ഞാര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്കിന്റെയും പുതുപ്പള്ളി ഐ.എച്ച്.ആര്‍.ഡി കോളജിന്റെയും കെട്ടിടങ്ങളാണ് പൂര്‍ത്തീകരിച്ചത്. 14 വര്‍ഷമായി സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പൂഞ്ഞാര്‍ ഗവണ്‍മെന്റ് മോഡല്‍ പോളിടെക്‌നിക് കോളജിന് സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും 1.5 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. പൂഞ്ഞാര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജ് അങ്കണത്തില്‍ നിര്‍മിച്ച ഒരു നില കെട്ടിടത്തില്‍ അഞ്ചു ക്ലാസ് മുറികള്‍, നാലു ടോയ്‌ലറ്റുകള്‍, ഓഫീസ് റൂം തുടങ്ങിയ സൗകര്യങ്ങളാണുള്ളത്. ചുറ്റുമതിലിനും ടോയ്‌ലറ്റ് ബ്ലോക്കിനുമായി 20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പൂര്‍ത്തിയായിട്ടുണ്ട്. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ച് അപ്രോച്ച് റോഡും പൂര്‍ത്തിയാക്കി. പോളിടെക്‌നിക്കിന്റെ കെട്ടിടം പുതിയ കെട്ടിടത്തിലേക്ക് മാറ്റി. തൊഴില്‍ സാധ്യതയേറിയ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനീയറിങ് എന്നീ കോഴ്‌സുകളാണ് ഇവിടെയുള്ളത്.പുതുപ്പള്ളി ഐ.എച്ച്.ആര്‍.ഡിയുടൈ പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചു. പ്ലാന്‍ ഫണ്ടില്‍ നിന്നും 4.5 കോടി രൂപ ചെലവഴിച്ചാണ് 2100 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മൂന്നുനില കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. പുതിയ ബ്ലോക്കില്‍ 15 ക്ലാസ് മുറികള്‍, ലൈബ്രറി, രണ്ട് ലാബ് എന്നിവയുണ്ട്. പഴയ ബ്ലോക്കും പുതിയ അക്കാദമിക് ബ്ലോക്കും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് എം.എല്‍.എ ഫണ്ടില്‍ നിന്നും 45 ലക്ഷം രൂപ ചെലവഴിച്ച് മേല്‍പ്പാലം നിര്‍മിക്കും. പുതുപ്പള്ളി ഐ.എച്ച്.ആര്‍.ഡി. കോളജില്‍ നിലവില്‍ 500 വിദ്യാര്‍ഥികളാണുള്ളത്.

Author

Leave a Reply

Your email address will not be published. Required fields are marked *