കിഫ്ബി പദ്ധതി : എ ജി സ്‌പെഷ്യല്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ സര്‍ക്കാരിന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരം വെളിവാക്കുന്നതെന്ന് രമേശ് ചെന്നിത്തല

Spread the love

സമഗ്ര വിജിലന്‍സ് അന്വേഷണത്തിനു സര്‍ക്കാര്‍ തയ്യാറാകണം

തിരു:കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച അക്കൗണ്ടന്റ് ജനറലിന്റെ ലോക്കല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഗൗരവതരവും , സര്‍ക്കാരിന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരം വെളിവാക്കുന്നതുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

കിഫ്ബിയിലെ ക്രമവിരുദ്ധ നടപടികളെ സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം സത്യമാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. കൊള്ളപ്പലിശ നല്‍കി മസാലബോണ്ടിലൂടെ സമാഹരിച്ച ഫണ്ടിന്റെ തെറ്റായ രീതിയുള്ള നിക്ഷേപത്തെത്തുടര്‍ന്ന് കോടിക്കണക്കിന് രൂപ പലിശ ഇനത്തില്‍ മാത്രം നഷ്ടം സംഭവിച്ചതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇത് സംബന്ധിച്ച് പ്രതിപക്ഷം മുന്‍പ് ആക്ഷേപം ഉന്നയിച്ചപ്പോള്‍ പ്രതിപക്ഷത്തെ

അപഹസിക്കുന്ന സമീപനമാണ് മുന്‍ ധനകാര്യമന്ത്രിയും കിഫ്ബി മാനേജ്‌മെന്റും സ്വീകരിച്ചത്. മാത്രമല്ല കേട്ടുകേള്‍വി ഇല്ലാത്ത വിധത്തില്‍ വന്‍ തുക ശമ്പളവും, അലവന്‍സും നല്‍കി വഴിവിട്ട മാര്‍ഗ്ഗത്തിലൂടെ കരാര്‍ നിയമനങ്ങള്‍ നടത്തിയതിലൂടെ കോടിക്കണക്കിന് രൂപ നഷ്ടംസംഭവിച്ചതായും ഓഡിറ്റ് റിപ്പോര്‍ട്ടിലൂടെ വ്യക്തമായിട്ടുണ്ട്. സംവരണതത്ത്വങ്ങള്‍പാലിക്കാതെയും, സര്‍ക്കാരിന്റെ തന്നെ മുന്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അട്ടിമറിച്ചുമാണ് ഈ നിയമനങ്ങള്‍ നടന്നിരിക്കുന്നത്. ഇല്ലാത്ത തസ്തികകളിലേക്ക് ഉയര്‍ന്ന ശമ്പള സ്‌കെയിലില്‍ ഉദ്യോഗസ്ഥരെ നിയമിച്ചതടക്കമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മസാലബോണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കൃത്യമായി റിപ്പോര്‍ട്ട് നല്‍കുന്നതിലെ പാളിച്ച കാരണം 1 ലക്ഷം രൂപ കിഫ്ബിക്ക് പെനാല്‍റ്റി നല്‍കേണ്ടി വന്നതായും പറയുന്നുണ്ട്.

ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇനിയും ഉരുണ്ടുകളിക്കാതെ എജിയുടെ കണ്ടെത്തലുകളെ സംബന്ധിച്ച് സമഗ്രമായ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണം.കിഫ്ബി മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയും, കുത്തഴിഞ്ഞ ധനകാര്യ മാനേജ്‌മെന്റും കാരണം ഖജനാവിന് സംഭവിച്ച നഷ്ടം ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും തിരിച്ചു പിടിക്കണം. ഇവിടെ നടന്നിട്ടുള്ള എല്ലാ അനധികൃത നിയമനങ്ങളും വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. നിയമസഭയ്‌ക്കോ, ധനകാര്യവകുപ്പിനോ പോലും നിയന്ത്രണമില്ലാത്ത സൂപ്പര്‍ ധനകാര്യസ്ഥാപനമെന്ന നിലയിലാണ് കിഫ്ബിമാനേജ്‌മെന്റിന്റെ പ്രവര്‍ത്തനം. ഇനിയും കിഫ്ബിയെ ഇങ്ങനെ കയറൂരി വിടുന്നത് കേരളത്തിന്റെ വിശാലതാല്‍പര്യങ്ങള്‍ക്ക് ഒട്ടും യോജിച്ചതല്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *