കൂടുതല്‍ വിഭാഗങ്ങളില്‍ യൂത്ത് ഫോട്ടോഗ്രാഫി പുരസ്കാരം നല്‍കണം: മന്ത്രി സജി ചെറിയാന്മുതിര്ന്ന ഫോട്ടോ ജേണലിസ്റ്റുകളെ ആദരിച്ചു
കോട്ടയം: കൂടുതല്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി യുവജനക്ഷേമ ബോര്‍ഡിന്റെ യൂത്ത് ഫോട്ടോഗ്രാഫി പുരസ്കാരങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് സാംസ്കാരിക-യുവജനകാര്യ-ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാന് പറഞ്ഞു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഏര്‍പ്പെടുത്തിയ യൂത്ത് ഫോട്ടോഗ്രാഫി സംസ്ഥാന അവാര്‍ഡ് വിതരണ ഉദ്ഘാടനവും മുതിര്‍ന്ന ഫോട്ടോ ജേണലിസ്റ്റുകളെ ആദരിക്കല്‍ ചടങ്ങും കോട്ടയം തിരുനക്കര ആര്.കെ. മേനോന് സ്മാരക ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പുരസ്കാര വിഭാഗങ്ങളില്‍ വൈവിധ്യം ഉറപ്പാക്കണം. മൂന്നുവിഭാഗത്തില്നിന്ന് 10 വിഭാഗത്തിലേക്ക് പുരസ്കാരങ്ങള്‍ ഉയര്‍ത്തണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമം അടക്കം സമൂഹം നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളെ ദൃശ്യവത്കരിക്കാന്‍ പുതുതലമുറയ്ക്ക് ആവേശം പകരുന്ന നിലയില്‍ പുരസ്കാരങ്ങള്‍ മാറണം. തെറ്റായ വഴിയിലേക്ക് തിരിയുന്ന യുവജനതയെ തിരിച്ചു കൊണ്ടുവരാന്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
കല, സാമൂഹിക പ്രതിബദ്ധത, കൃഷി സഎന്നീ വിഭാഗത്തില്‍ പുരസ്കാരം നേടിയ ശ്രീരാഗ് രഘു ( കണ്ണൂര്‍), വി.എസ്. വിഷ്ണു(കോട്ടയം), നിധിഷ് കൃഷ്ണന് ( കോഴിക്കോട്) എന്നിവര്‍ക്ക് 50000 രൂപയും പ്രശസ്തി പത്രവും മെമന്റോയും മന്ത്രി സമ്മാനിച്ചു. മുതിര്‍ന്ന ഫോട്ടോ ജേണലിസ്റ്റുകളായ രാജന് പൊതുവാള്, പി. മുസ്തഫ, റസാഖ് താഴത്തങ്ങാടി, കെ. രവികുമാര്‍ എന്നിവരെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തി. നദിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വള്ളത്തില്‍ ശേഖരിച്ച് നീക്കുന്ന താഴത്തങ്ങാടി സ്വദേശി ബഷീറിനെയും മന്ത്രി ആദരിച്ചു. നഗരസഭ വൈസ് ചെയര്‍മാര്‍ ബി. ഗോപകുമാര്‍, യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് എസ്. സതീഷ്, ബോര്‍ഡ് അംഗങ്ങളായ അഡ്വ. റോണി മാത്യു, എസ്. ദീപു, സന്തോഷ് കാലാ, എം.പി. ഷെനിന്, പി.എം ഷബീറലി, മെമ്പര്‍ സെക്രട്ടറി വി.ഡി. പ്രസന്നകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എസ്. ഉദയകുമാരി, ജില്ലാ യൂത്ത് കോ- ഓര്‍ഡിനേറ്റര്‍ കെ. മിഥുന് എന്നിവര്‍ പങ്കെടുത്തു.