കാക്കനാട്: ജില്ലയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസിൻ്റെ അധ്യക്ഷതയിൽ ചേർന്ന വിമുക്തി ലഹരി വർജന മിഷൻ്റെ ജില്ലാ തല അവലോകന യോഗം തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി ഒരു മാസത്തിനകം ജില്ലയിലെ തദ്ദേശ വാർഡുകളിൽ വിമുക്തി കമ്മിറ്റികൾ ചേരും.വാർഡുകളിലെ ലഹരിയധിഷ്ഠിത പ്രശ്നങ്ങൾ വാർഡ് കമ്മിറ്റികൾ ചർച്ച ചെയ്ത് തുടർ നടപടികൾക്കായി എക്സൈസ് വകുപ്പിന് കൈമാറും. ബോധവൽക്കരണത്തോടൊപ്പം എൻഫോഴ്സ് മെൻ്റ് നടപടികളും കാര്യക്ഷമമാക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത കെ.ബാബു എം.എൽ.എ. പറഞ്ഞു. തലമുറയെ നിഷ്ക്രിയമാക്കുന്ന രീതിയിലാണ് ലഹരി മാഫിയയുടെ പ്രവർത്തനമെന്നും ഇതിനെതിരെ സമൂഹം ജാഗരൂകരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിൻ്റെ താഴേ തട്ടിലേക്കെത്തുന്ന തരത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്ന് പി.വി.ശ്രീനിജിൻ എം.എൽ.എ പറഞ്ഞു. പുതുതലമുറക്ക് താൽപര്യമുള്ള രീതിയിൽ അവരെ ഇത്തരം അപകടങ്ങളെ കുറിച്ച് ബോധവൽക്കരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ വകുപ്പുകളും സന്നദ്ധ സംഘടനകളും കൈകോർത്ത് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സജീവമാക്കണമെന്ന് ജില്ലാ കളക്ടർ ജാഫർമാലിക്ക് അഭിപ്രായപ്പെട്ടു. യോഗത്തിൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ കെ.കെ.അനിൽകുമാർ, അസി.എക്സൈസ് കമ്മീഷണർമാരായ ബാബു വർഗീസ്, ജി.സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരും വിവിധ വകുപ്പു മേധാവികളുമാണ് അവലോകന യോഗത്തിൽ പങ്കെടുത്തത്.