ജീവിത ശൈലി രോഗനിയന്ത്രണ കാമ്പയിനും ജനുവരി മുതല്‍
പത്തനംതിട്ട: ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനായി പ്രത്യേക കാമ്പെയിനും , ‘വണ്‍ ഹെല്‍ത്ത് ‘ പദ്ധതിയും സംസ്ഥാനത്ത് ജനുവരി മുതല്‍ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കൊടുമണ്‍ എക്കോ ഷോപ്പ് അങ്കണത്തില്‍ നടന്ന കൊടുമണ്‍ റൈസ് 11-ാം ബാച്ചിന്റെ വിപണനവും മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിപണന ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജീവിത ശൈലീ രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുക എന്നത് പ്രധാനമാണ്. ഇതിനായി പ്രത്യേക കാമ്പയിന് നടപ്പിലാക്കും.രോഗപ്രതിരോധ ശേഷിയും ആരോഗ്യവും വര്‍ധിപ്പിക്കാന്‍ ഗുണമേന്മയുള്ള ഭക്ഷണം പ്രധാനമാണ്. കൊടുമണ്‍ റൈസ് പോലെയുള്ള വിഷാംശമില്ലാത്ത കീടനാശിനി ഉപയോഗിക്കാത്ത മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ കഴിക്കണം. കേരളത്തിലെ കാര്‍ഷിക മേഖലയില്‍ കൊടുമണിന്റെ പേര് ശ്രദ്ധേയമാണ്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ഇത് സാധ്യമാക്കിയതെന്നും മന്ത്രി പറഞ്ഞു.
കൊടുമണ്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ബീനാ പ്രഭ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസീധരന്‍ പിള്ള , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞന്നാമ്മക്കുഞ്ഞ്, അഡ്വ. ആര്.ബി രാജീവ് കുമാര്‍,വൈസ് പ്രസിഡന്റ് ധന്യാ ദേവി,ക്ഷേമകാര്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്മാന് സി. പ്രകാശ്, വികസനകാര്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്മാന് വിപിന്‍ കുമാര്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ലൂയിസ് മാത്യു, ജില്ലാ കൃഷി ഓഫീസര്‍ എ.ഡി. ഷീല, കെവികെ പത്തനംതിട്ട ഹെഡ് ആന്റ് സീനിയര്‍ സയന്റിസ്റ്റ് സി.പി റോബര്‍ട്ട്, ഡെപ്യൂട്ടി ഡയറക്ടര്‍ ത്സാന്‍സി മാത്യു, പുല്ലാട് കെവികെ സയന്റിസ്റ്റുമാരായ ഡോ. സിന്ധു സദാനന്ദന്, ഡോ. വിനോദ് മാത്യു, അടൂര്‍ എ.ഡി.എ റോഷന് ജോര്‍ജ് , കൊടുമണ്‍ ഫാര്‍മേഴ്സ് സൊസൈറ്റി പ്രസിഡന്റ് എ.എന്‍ സലീം, സെക്രട്ടറി റോയ് കെ. ബഞ്ചമിന്, കൊടുമണ്‍ കൃഷി ഓഫീസര്‍ എസ്. ആദില തുടങ്ങിയവര്‍ പങ്കെടുത്തു.