കൊല്ലം: സാഹസികതയ്ക്ക് രുചിയുടെ മേമ്പൊടി ചേര്‍ത്ത് ക്രിസ്തുമസ്-പുതുവത്സര വിസ്മയം ഒരുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍. ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്കിലാണ് സാഹസിക വിനോദങ്ങള്‍ക്ക് വേറിട്ട മുഖം നല്‍കുന്ന ഇനങ്ങളൊരുക്കിയത്. ചൂണ്ടയിട്ട് മീന്‍ പിടിക്കാനുള്ള സൗകര്യവും പുതുതായി ഏര്‍പ്പെടുത്തി.
നൂല്‍പ്പാലത്തിലെന്ന പോലെ സൈക്കിള്‍ ചവിട്ടാനുള്ള റോപ് സൈക്ലിംഗ് സംവിധാനം സാഹസികരെ ആകര്‍ഷിക്കും. ശരീരത്തിന്റെ സന്തുലിതാവസ്ഥയെ ബീം ബാലന്‍സിംഗ് വഴി പരിശോധിക്കാം. തൂക്ക്പാലത്തിന് സമാനമായ ബീം ബാലന്‍സിംഗ് സംവിധാനത്തിലൂടെ പതറാതെ നടക്കാനും വേണം അല്‍പ്പം സാഹസികത. കമാന്‍ഡോ നെറ്റില്‍ അള്ളിക്കയറി പോകാന്‍ ശാരീരികക്ഷമത ഉറപ്പായും വേണം. മരങ്ങള്‍ക്കിടയില്‍ കപ്പിയില്‍ തൂങ്ങി അതിവേഗം പോകാനായി സിപ് ലൈനും ഒരുക്കിയിട്ടുണ്ട്. റൈഫിള്‍ ഷൂട്ടിംഗും, അമ്പെയ്ത്തിനുള്ള സന്നാഹങ്ങളുമൊക്കെ പുതുമ നിറയ്ക്കുകയാണ് ഇവിടെ. സാഹസികതയ്ക്കൊപ്പം വ്യായാമ പ്രധാനമായ അന്തരീക്ഷമാണ് സജ്ജമാക്കിയിട്ടുള്ളത്.കായിക ഇനമെന്ന നിലയ്ക്ക് മീന്‍പിടുത്തം കൂടി പുതുതായി ഉള്‍പ്പെടുത്തിയുണ്ട.് പിടിക്കുന്ന മീന്‍ തത്സമയം പാചകം ചെയ്ത് കഴിക്കാനായി ഗ്രില്‍ കൗണ്ടറും തയ്യാര്‍. ആശ്രാമത്തെ കലാകാരന്മാരുടെ കൂട്ടായ്മയില്‍ നിന്നുള്ളവര്‍ ഇവിടെയെത്തുന്നവര്‍ക്കായി കരകൗശല ഉത്പന്നനിര്‍മാണ പരിശീലനവും നല്‍കും.ജെറ്റ് സ്‌കീയിംഗ്, പാരാസെയിലിംഗ്, കയാക്കിംഗ്, ചെറുവള്ള യാത്ര, ഫ്ളൈബോര്‍ഡ് തുടങ്ങിയവയും മുമ്പെന്ന പോലെ തുടരുന്നു. കൂടുതല്‍ ഇനങ്ങള്‍ സ്വീകാര്യതയ്ക്ക് അനുസൃതമായി ഏര്‍പ്പെടുത്തുമെന്ന് ഡി. ടി. പി. സി. സെക്രട്ടറി ഡോ. രമ്യ ആര്‍. കുമാര്‍ അറിയിച്ചു.റോപ് സൈക്ലിംഗ്, സിപ് ലൈന്‍ എന്നിവയ്ക്ക് 177 രൂപയും മറ്റ് ഇനങ്ങള്‍ക്കെല്ലാം 118 രൂപയുമാണ് നിരക്ക്. അമ്പെയ്ത്തില്‍ 5 എണ്ണം ലക്ഷ്യത്തില്‍ കൊണ്ടാല്‍ ഈടാക്കിയ തുക തിരികെ നല്‍കും. ഇതേ മാനദണ്ഡ പ്രകാരം എട്ട് ഗണ്‍ഷോട്ടുകള്‍ ലക്ഷ്യത്തിലെത്തിച്ചും തുക നേടാം. ജെറ്റ് സ്‌കി, ബേസിക് സ്‌കി, രണ്ട് പേര്‍ക്കുള്ള സ്പീഡ് ബോട്ട് എന്നിവയ്ക്ക് 590 രൂപ. കയാക്കിംഗ്, ബനാന ബോട്ട് ഡ്രൈവ് എന്നിവയ്ക്ക് 236 വീതവും. രണ്ട് പേര്‍ക്കുള്ള കയാക്കിംഗിന് 413 രൂപ. മുക്കാല്‍ മണിക്കൂര്‍ നീളുന്ന സാമ്പ്രാണിക്കോടി യാത്രയ്ക്ക് 3540 രൂപ നല്‍കണം. ഇതേ നിരക്കില്‍ ഫ്ളൈബോര്‍ഡ് ഉപയോഗിക്കാം എന്നും സെക്രട്ടറി വ്യക്തമാക്കി.