വാഷിംഗ്ടണ്‍ ഡിസി: ഒമിക്രോണുമായി ബന്ധപ്പെട്ട കോവിഡ് കേസുകള്‍ അമേരിക്കയില്‍ അതിവേഗം വ്യാപിച്ചതുപോലെ തന്നെ എത്രയും വേഗം കുത്തനെ താഴേയ്ക്കും പോകുമെന്ന് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ഡയറക്ടര്‍ ഡോ. റോഷ്ലി വലന്‍സ്കി പ്രസ്താവിച്ചു.
ഡിസംബര്‍ ഏഴാംതീയതി വ്യാഴാഴ്ച മാധ്യമങ്ങള്‍ക്ക് നല്കിയ പ്രസ്താവനയിലാണ് കോവിഡ് കേസുകളുടെ ഉയര്‍ച്ചയും താഴ്ചയും ഒരു തരംഗം പോലെയാണെന്ന് ഡയറക്ടര്‍ വ്യാഖ്യാനിച്ചത്. വൈറ്റ് ഹൗസ് കോവിഡ് 19 ടാക്സ് ഫോഴ്സിനെ കൂടാതെ ആറു മാസത്തിനുള്ളില്‍ ആദ്യമായാണ് വലന്‍സ്കി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.
ഒമിക്രോണ്‍ കേസുകള്‍ ആദ്യമായി കണ്ടെത്തിയ ആഫ്രിക്കയില്‍ ഇപ്പോള്‍ രോഗം വളരെ താഴ്ന്ന നിലയിലാണ്. അതിവേഗം വ്യാപിച്ച ഒമിക്രോണ്‍ ഇപ്പോള്‍ ആഫ്രിക്കയില്‍ നിന്നും അപ്രത്യക്ഷമായതാണ് നാം കാണുന്നതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
അമേരിക്കയില്‍ കോവിഡ് വ്യാപനം ഇപ്പോള്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ്. രണ്ടാഴ്ചയ്ക്കു മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ 204 ശതമാനം വര്‍ധനയാണ്. അതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നു. നാലു വയസുവരെയുള്ള കുട്ടികള്‍ക്ക് വാക്സിന് ഇതുവരെ ലഭ്യമല്ലാത്തതിനാലാണ് കൂടുതല്‍ കുട്ടികള്‍ക്ക് രോഗവ്യാപനം ഉണ്ടായരിക്കുന്നതെന്ന് സിഡിസി ഡിസംബര്‍ ഏഴിന് പുറത്തുവിട്ട സ്ഥിതിവിവര കണക്കുകളില്‍ സൂചിപ്പിച്ചിരുന്നു. അമേരിക്കയിലെ 12 സംസ്ഥാനങ്ങളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ റിക്കാര്‍ഡാണ്.