താമ്പാ: ഫ്‌ളോറിഡ സംസ്ഥാനത്ത് ഒമിക്രോണ്‍ കാട്ടുതീ പോലെ പടരുന്നതായി ജനുവരി ഏഴിന് പുറത്തുവിട്ട വീക്ക്‌ലി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ഡിസംബര്‍ 31 മുതല്‍ ഫ്‌ളോറിഡയില്‍ ഓരോ ദിവസവും 57,000 കോവിഡ് കേസുകള്‍ സ്ഥിരീകരിക്കപ്പെടുന്നുണ്ട്. ഇവിടെ പാന്‍ഡമിക് ആരംഭിച്ച 22 മാസത്തിനുള്ളില്‍ ഇത്രയും ഉയര്‍ന്ന തോതില്‍ വ്യാപനം ഉണ്ടായിട്ടില്ല. അവസാന സമ്മര്‍ സീസനേക്കാള്‍ 150 ശതമാനം വര്‍ധനവാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്.

അമേരിക്കയില്‍ സ്ഥിരീകരിക്കുന്ന 10 കേസുകളില്‍ ഒരെണ്ണം ഫ്‌ളോറിഡയിലാണ്. മാത്രമല്ല, വ്യാപന തോതില്‍ ഏഴാമത്തെ ഉയര്‍ന്ന റേറ്റാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നതെന്ന് വെള്ളിയാഴ്ച സിഡിസി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 20 മുതല്‍ 29 വയസ് പ്രായമുള്ളവരുടെ പോസിറ്റിവിറ്റി നിരക്ക് 36 ശതമാനമാണ്. 65-നു മുകളിലുള്ളവരുടേത് 23 ശതമാനവും.

സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ജനസംഖ്യയുള്ള മയാമി – ഡേഡ് കൗണ്ടിയിലെ 3 മില്യന്‍ പേരില്‍ 4 ശതമാനത്തിനും കോവിഡ് പോസിറ്റീവാണ്. സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച മാത്രം 184 കോവിഡ് മരണം രേഖപ്പെടുത്തി. പുതിയ കേസുകള്‍ വര്‍ധിക്കുന്നതോടൊപ്പം മരണവും വര്‍ധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2020 മാര്‍ച്ച് മാസത്തിനുശേഷം ഫ്‌ളോറിഡയില്‍ 4.6 മില്യന്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ മരണസംഖ്യ 62,688 ആണ്. സംസ്ഥാനത്ത് അര്‍ഹതപ്പെട്ട 72 ശതമാനം പേര്‍ക്കും വാക്‌സിന്‍ ലഭിച്ചിട്ടുണ്ട്.

Leave Comment