മോദി ഭരണത്തില്‍ വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷം:താരീഖ് അന്‍വര്‍

Spread the love

മോദി ഭരണത്തില്‍ വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമായെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ പറഞ്ഞു. ഇന്ധനവില അനുദിനം വര്‍ധിക്കുകയാണ്. അതിനെ തുടര്‍ന്ന് ജനജീവിതം ദുരിതത്തിലായി. ഓരോ കുടുംബത്തേയും ഇത് നേരിട്ട് ബാധിക്കുകയാണ്. കോവിഡിനെ തുടര്‍ന്ന് തൊഴിലും വരുമാനവും നഷ്ടമായ ജനതയ്ക്ക് ഇരട്ട പ്രഹരമാണ് ഇന്ധന-പാചകവാതക വിലവര്‍ധനവ്. ജനങ്ങളുടെ ദുരിതം മോദി സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇന്ധനവില വര്‍ധനവ് സര്‍ക്കാര്‍ നിയന്ത്രിക്കുകയും അതിന് ശേഷം യഥേഷ്ടം ഇന്ധനവില വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയുമാണ്. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കഴിഞ്ഞ 137 ദിവസം ഒരു പൈസ പോലും ഇന്ധനവിലയില്‍ കൂട്ടിയില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം തുടര്‍ച്ചയായി ഇന്ധനവില വര്‍ധിപ്പിക്കുകയാണ്. ഇത് സൂചിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ വിചാരിച്ചാല്‍ ഇന്ധനവില വര്‍ധനവ് നിയന്ത്രിക്കാവുന്നതേയുള്ളു. എന്നാലതിന് മോദി സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നതാണ് വസ്തുത. പാര്‍ലമെന്റില്‍ ഈ വിഷയം കോണ്‍ഗ്രസ് പലതവണ ഉന്നയിച്ചെങ്കിലും ഉചിതമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. വര്‍ഗീയത ഇളക്കി ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുക എന്നതന്ത്രമാണ് മോദി സര്‍ക്കാര്‍ പിന്തുടരുന്നത്. വിലക്കയറ്റം ഇല്ലാത്ത ഇന്ത്യ എന്ന മുദ്രവാക്യം ഉയര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷയുടെ ആഹ്വാനം പ്രകാരം രാജ്യവ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധത്തിന്റെ തുടര്‍ച്ചയായി നടത്തിവരുന്ന സമരങ്ങളുടെ ഭാഗമായാണ് കേരളത്തില്‍ രാജ്ഭവന്‍ ധര്‍ണ്ണ സംഘടിപ്പിക്കുന്നത്. സാധാരണ ജനതയുടെ നീതിക്കായുള്ള പോരാട്ടമാണിതെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *