തിരുവനന്തപുരം∙ബിജെപി വിരുദ്ധ വോട്ടുകൾ ചിതറിപ്പിച്ചു കൊണ്ട് സംഘപരിവാറിന് അകമ്പടി പാടുന്ന പ്രഖ്യാപനമാണ് കണ്ണൂരിലെ പാർട്ടി കോൺഗ്രസിൽ സിപിഎം നടത്തിയതെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ബിജെപിക്ക് ബദലായി രാജ്യത്ത് ഇന്ന് വിശ്വാസ്യത ഉള്ള ഏക പാർട്ടി കോൺഗ്രസ് മാത്രമാണ്. ആ കോൺഗ്രസുമായി സഹകരണമോ സഖ്യമോ ഇല്ലെന്നാണ് പാർട്ടി കോൺഗ്രസിൽ സിപിഎം പ്രഖ്യാപിച്ചത്. കോൺഗ്രസിന് അയിത്തം കൽപ്പിച്ചുകൊണ്ട് രാജ്യത്ത് ബിജെപിയെ തോൽപ്പിക്കാൻ കഴിയില്ലെന്നു സാമാന്യ രാഷ്ട്രീയ
ബോധമുള്ള ആർക്കും അറിയാം. കേവല രാഷ്ട്രീയ യുക്തിയെ തന്നെ കൊഞ്ഞനം കുത്തുന്ന പ്രഖ്യാപനത്തിനാണ് കണ്ണൂരിൽ സിപിഎം മുതിർന്നത്.
കേരളത്തിൽ പ്രതിപക്ഷ വോട്ടുകൾ ചിതറിയതാണ് കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎമ്മിനു ഗുണകരമായത്. അങ്ങനെ നോക്കുമ്പോൾ ബിജെപിയോട് മുഖ്യമന്ത്രി പിണറായി വിജയൻ കടപ്പെട്ടിരിക്കുന്നു. ആ ഉപകാര സ്മരണയാണ് സിപിഎം പ്രകടിപ്പിക്കുന്നത്. കോൺഗ്രസിനോട് ഒരു കാരണവശാലും സഖ്യം പാടില്ലെന്ന കേരളത്തിലെ സി പി എം നേതാക്കളുടെ കടുംപിടിത്തത്തിനു മുന്നിൽ വഴങ്ങുകയല്ലാതെ സീതാറാം യച്ചൂരിക്കു വേറെ
മാർഗമില്ല. കോൺഗ്രസ് വിരുദ്ധത മാത്രം പേറുന്ന കേരള ഘടത്തിന്റെ നിയന്ത്രണത്തിലായിപ്പോയി സിപിഎം കേന്ദ്ര നേതൃത്വം എന്നത് രാജ്യത്ത് മതനിരപേക്ഷ–ജനാധിപത്യ വിരുദ്ധ ചേരി വളർത്തിക്കൊണ്ടു വരുന്നതിനു തന്നെ തടസ്സമായി മാറിയിരിക്കുന്നു.
കോൺഗ്രസിനു പകരം അവസരവാദികളായ കുറേ പ്രാദേശിക രാഷ്ട്രീയകക്ഷികളെ കൂടെ കൂട്ടുമെന്നാണ് സിപിഎം അവകാശപ്പെടുന്നത്. വിശ്വസിക്കാൻ കൊള്ളാത്ത വഞ്ചകരായി സിപിഎം തന്നെ വിലയിരുത്തിയവരുമായി എങ്ങനെയാണ് ദേശീയ ബദൽ സ്ഥാപിക്കുന്നതെന്നു സിപിഎം വ്യക്തമാക്കണം. ഇടത് ഐക്യമെന്നു പറഞ്ഞു പല സംസ്ഥാനങ്ങളിലും ബിജെപി വിരുദ്ധ വോട്ടുകൾ ചിതറിച്ച് അവരെ രാഷ്ട്രീയമായി സഹായിക്കുന്ന തുടർപരിപാടിക്ക് പാർട്ടി കോൺഗ്രസ് കൂടി അംഗീകാരം നൽകിയെന്നതു മാത്രമാണ് കണ്ണൂരിന്റെ ബാക്കി പത്രം. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള അന്തർധാരയാണ് ഇതിലൂടെ വീണ്ടും തെളിയുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.