ക്ഷേമനിധി ബോർഡുകൾ അദാലത്തു നടത്തി ആനുകൂല്യങ്ങൾ വേഗത്തിൽ നൽകണം : മന്ത്രി വി ശിവൻകുട്ടി

Spread the love

തൊഴിൽ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോർഡുകൾ മൂന്നുമാസത്തിലൊരിക്കൽ അദാലത്തുകൾ സംഘടിപ്പിച്ച് ഫയലുകൾ തീർപ്പാക്കണമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും മന്ത്രി വി ശിവൻകുട്ടി . നിസ്സാര കാരണങ്ങൾക്ക് തൊഴിലാളികളുടെ ആനുകൂല്യങ്ങൾക്കായുള്ള അപേക്ഷകൾ നിരസിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു .

തൊഴിൽ വകുപ്പിന് കീഴിലെ 16 ക്ഷേമനിധി ബോർഡുകൾക്കുമായി സംവിധാനം ചെയ്ത പൊതു സോഫ്റ്റ്‌വെയർ ആയ അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റം തിരുവനന്തപുരത്തു ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

പരാതിക്കാരോട് ജീവനക്കാർ മാന്യമായി പെരുമാറണം . എല്ലാ ഓഫീസുകളിലും ഫ്രണ്ട് ഓഫീസ് നിർബന്ധമായും പ്രവർത്തിക്കണം .ഓഫീസുകളിൽ വരുന്ന ഫോൺ എടുക്കുകയും കൃത്യമായ മറുപടി നൽകുകയും വേണമെന്നും പരാതിക്കാർ ഓഫീസിൽ കയറിഇറങ്ങാൻ ഇടവരുത്തരുതെന്നും മന്ത്രി നിർദേശിച്ചു . എല്ലാ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരും ജില്ല ഓഫീസുകളിൽ സന്ദർശനം നടത്തി പ്രവർത്തനം കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം .ക്ഷേമനിധി ബോർഡ് ഓഫീസുകളിൽ പഞ്ചിങ് സംവിധാനം ഏർപ്പെടുത്തണമെന്നും മന്ത്രി നിർദേശിച്ചു .

പുതിയ സോഫ്ട്‍വെയറിന്റെ ഉപയോഗം സംബന്ധിച്ച് ബോർഡ് അംഗങ്ങൾ , ജീവനക്കാർ , ട്രേഡ് യൂണിയൻ പ്രതിനിധികൾ, അക്ഷയ സെന്ററുകൾ തുടങ്ങിയവയ്ക്ക് കിലെയുടെ ആഭിമുഖ്യത്തിൽ പരിശീലനം നൽകും . ഇങ്ങനെ സമ്പൂർണ ഡിജിറ്റലൈസേഷനിലൂടെ ബോർഡുകൾക്ക് പുതിയ മുഖം നൽകാനാണ് സർക്കാർ ലക്ഷ്യംവയ്ക്കുന്നതു .

തൊഴിൽ വകുപ്പിന് കീഴിലുള്ള 16 ക്ഷേമനിധി ബോർഡുകളിലായി നിലവിൽ 70 ലക്ഷത്തോളം അംഗങ്ങളുണ്ട് . ഈ ക്ഷേമനിധി ബോർഡുകളിൽ അനർഹർ അംഗങ്ങളാകുന്നതും ആനുകൂല്യം കൈപ്പറ്റുന്നതും ബാർഡുകളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നുണ്ട് . ആയതിനാൽ ഇരട്ട അംഗത്വം ഒഴിവാക്കുവാനും അർഹരായവർക്ക്‌ ആനുകൂല്യങ്ങൾ കൃത്യമായി വിതരണം ചെയ്യുവാനും പുതിയ സോഫ്റ്റ്‌വെയർ സഹായകമാകുമെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു .

സംസ്ഥാന തൊഴിൽ വകുപ്പിന്റെ ആധുനിക വൽക്കരണത്തിന്റെയും ഡിജിറ്റലൈസേഷന്റെയും ഭാഗമായാണ് വകുപ്പിന് കീഴിലുള്ള 16 ക്ഷേമ നിധി ബോർഡുകളുടെയും ഭരണ നിർവഹണം, ക്ഷേമ പദ്ധതികളുടെ നടത്തിപ്പ് , അംശദായം അടയ്ക്കൽ , അക്കൗണ്ടിംഗ് , ഓഫീസ് നടത്തിപ്പ് തുടങ്ങിയ ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റം എന്ന പൊതു സോഫ്റ്റവെയർ സംവിധാനം ആരംഭിച്ചിട്ടുള്ളത് .

ഈ സംവിധാനത്തിലൂടെ തൊഴിലാളികൾക്ക് ഓൺലൈൻ ആയി എളുപ്പത്തിൽ അംശദായം അടയ്ക്കുവാനും ഒന്നിലധികം ബോർഡുകളിലായി ഇരട്ട അംഗത്വം വരുന്നത് ഒഴിവാക്കാനുമാകും . അതിനാൽ അർഹതപ്പെട്ട ആനുകൂല്യങ്ങൾ കൃത്യമായി ഓൺലൈൻ ആയി ബാങ്കുകൾ വഴി ലഭിക്കും . അംഗങ്ങളുടെ ആധാർ അധിഷ്ഠിത വിവരങ്ങൾ സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്തുന്നതിനാൽ ക്യൂ ആർ കോഡ് ഉൾപ്പെടുത്തിയ സ്മാർട്ട് തിരിച്ചറിയൽ കാർഡ് അതാതു ബോർഡുകൾ വഴി ലഭ്യമാകും .

ഒന്നാം ഘട്ടത്തിൽ ഏകദേശം 67 ലക്ഷം അംഗങ്ങളുടെ വിവരങ്ങൾ സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്തി പുതുക്കിയിട്ടുണ്ട് . അക്ഷയ കേന്ദ്രങ്ങൾ വഴിയും ക്ഷേമനിധി ബോർഡുകളുടെ ജില്ലാ ഓഫീസുകൾ ട്രേഡ് യൂണിയനുകൾ എന്നിവ മുഖേനയും അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റത്തിലേക്കുള്ള രെജിസ്ട്രേഷൻ നടത്താം .

നിലവിൽ സ്വന്തമായി സോഫ്റ്റ്‌വെയർ ഉള്ള ബോർഡുകളെ എ ഐ ഐ എസുമായി ഇന്റഗ്രെറ്റ് ചെയ്തും സോഫ്റ്റ്‌വെയർ ഇല്ലാത്തവർക്ക് എ ഐ ഐ എസ് സേവനം ലഭ്യമാക്കിയുമാണ് പദ്ധതി നടപ്പാക്കിയത് .

ചടങ്ങിൽ എം എൽ എ എ പ്രഭാകരൻ, ലേബർ കമ്മീഷണർ ഡോ എസ് ചിത്ര , അഡീഷണൽ കമ്മീഷണർമാരായ രഞ്ജിത് പി മനോഹർ , കെ ശ്രീലാൽ ,ബോർഡ് അധ്യക്ഷന്മാർ , അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു .

Author

Leave a Reply

Your email address will not be published. Required fields are marked *