ക്വീന്‍സ്ലാന്‍ഡ്: ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് (46) കാര്‍ അപകടത്തില്‍ മരിച്ചു. ടൗണ്‍സ്വില്ലയില്‍, സൈമണ്ട്‌സ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
ഓസ്‌ട്രേലിയ്ക്കായി 198 ഏകദിനങ്ങളും 26 ടെസ്റ്റുകളും 14 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള ആന്‍ഡ്രൂ സൈമണ്ട്‌സ്, 2003, 2007 ഏകദിന ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിലെ അംഗമായിരുന്നു. 1998ല്‍ പാക്കിസ്ഥാനെതിരായ ഏകദിനത്തിലായിരുന്നു സൈമണ്ട്‌സിന്റെ അരങ്ങേറ്റം.
2012ല്‍ ക്രിക്കറ്റില്‍നിന്നു വിരമിച്ചു. ഏകദിനത്തില്‍ 5088 റണ്‍സും 133 വിക്കറ്റുകളും സ്വന്തമാക്കി സൈണ്ട്‌സ്, ടെസ്റ്റില്‍ 1462 റണ്‍സും 24 വിക്കറ്റുകളും നേടി. 14 രാജാന്ത്യ ട്വന്റി20 മത്സരങ്ങളില്‍നിന്ന് 337 റണ്‍സും എട്ടു വിക്കറ്റുകളുമാണ് സൈമണ്ട്‌സിന്റെ സമ്പാദ്യം.
200708ലെ ഇന്ത്യ ഓസീസ് സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങും ആന്‍ഡ്രു സൈമണ്ട്‌സും തമ്മിലുണ്ടായ ‘മങ്കിഗേറ്റ്’ വിവാദം ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയിരുന്നു. ഹര്‍ഭജന്‍ തന്നെ കുരങ്ങന്‍ എന്നു വിളിച്ചാക്ഷേപിച്ചു എന്നായിരുന്നു സൈമണ്ട്‌സിന്റെ ആരോപണം. എന്നാല്‍ സംഭവം നടന്നു 3 വര്‍ഷത്തിനുശേഷം മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്ലില്‍ ഒന്നിച്ചു കളിക്കുന്നതിനിടെ ഹര്‍ഭജന്‍ തന്നോടു മാപ്പു പറഞ്ഞെന്നും പൊട്ടിക്കരഞ്ഞെന്നും സൈമണ്ട്‌സ് പിന്നീട് വെളിപ്പെടുത്തി.
ഷെയ്ന്‍ വോണ്‍, റോഡ് മാര്‍ഷ് എന്നിവരുടെ മരണത്തിനു പിന്നാലെയാണ് ക്രിക്കറ്റ് ലോകത്തെ ദുഃഖത്തിലാഴ്ത്തി എക്കാലത്തെ മികച്ച ഓണ്‍റൗണ്ടര്‍മാരില്‍ ഒരാളായ സൈമണ്ട്‌സിന്റെ അകാലവിയോഗം.