മാഗ് ഷട്ടിൽ ബാഡ്മിൻറൺ ടൂർണമെൻറ് ‘ടീം പെർഫെക്ട് ഓക്കെ’ ചാമ്പ്യന്മാർ

Spread the love

ഹൂസ്റ്റൺ: മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൻ (മാഗ്) ൻ്റെ നേതൃത്വത്തിൽ നടന്ന രണ്ടാമത് ഷട്ടിൽ ബാഡ്മിൻറൺ ഓപ്പൺ ഡബിൾസ് ടൂർണമെൻ്റിൽ ‘ടീം പെർഫെക്റ്റ് ഓക്കെ’ ജേതാക്കളായി. മെഗാ സ്പോൺസർ അലക്സ് പാപ്പച്ചൻ (എം. ഐ. എച്ച്. റിയൽറ്റി) സ്പോൺസർ ചെയ്ത ടി. എം. ഫിലിപ്പ്സ് മെമ്മോറിയൽ എവറോളിംഗ് ട്രോഫി തുടർച്ചയായ രണ്ടാം വർഷവും നേടിയാണ് ‘ടീം പെർഫെക്ട് ഓക്കെ’ ചാമ്പ്യൻമാരായത്.

ഏപ്രിൽ 30 ശനി, മെയ് 1 ഞായർ തീയതികളിൽ ഹൂസ്റ്റൺ ബാഡ്മിൻ്റൺ സെൻ്ററിൽ നടത്തപ്പെട്ട ടൂർണ്ണമെൻ്റിൽ ഹൂസ്റ്റണിലെയും ഡാളസിലെയും 30 പ്രമുഖ ടീമുകൾ അണിനിരന്ന മത്സരങ്ങൾ കാണുവാൻ നൂറുകണക്കിന് ബാഡ്മിൻറൺ പ്രേമികളാണ് എത്തിച്ചേർന്നത്. ഓപ്പൺ ഡബിൾസ് വിഭാഗത്തിൽ 20 ടീമുകളും, 50 വയസ്സിനു മുകളിലുള്ളവർക്കുള്ള സീനിയർ ഡബിൾസ് വിഭാഗത്തിൽ 8 ടീമുകളും, പ്രോത്സാഹന മത്സരത്തിൽ പെൺകുട്ടികളുടെ രണ്ട് ടീമുകളും പങ്കെടുത്തു.

മികച്ച ടീമുകൾ ഏറ്റുമുട്ടിയ മത്സരങ്ങൾ നിറഞ്ഞു നിന്ന ടൂർണ്ണമെൻ്റിൽ സെമി ഫൈനൽ മത്സരങ്ങളും ഫൈനൽ മത്സരങ്ങളും ബാഡ്മിൻ്റൺ പ്രേമികളെ ആവേശം കൊള്ളിച്ചു. ഓപ്പൺ ഡബിൾസ് വിഭാഗത്തിലെ അത്യന്തം വാശിയേറിയ ഫൈനൽ മത്സരത്തിൽ ജോഫിൻ സെബാസ്റ്റ്യൻ, സമീർ സെയ്ദ് ജോഡികൾ അണിനിരന്ന ഡാളസ് ഡെയെർ ഡെവിൾസിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് (14-21, 21-13, 21-15) പരാജയപ്പെടുത്തിയാണ് ഹൂസ്റ്റണിലെ ബാഡ്മിൻ്റൺ രംഗത്തെ പ്രമുഖ കളിക്കാരായ ജോജി ജോർജും, അജയ് മാത്യുവും (ടീം പെർഫെക്ട് ഓക്കെ) കിരീടത്തിൽ മുത്തമിട്ടത്. ഗ്രാൻഡ് സ്പോൺസർ രഞ്ജു രാജ് (പ്രൈം ചോയ്സ് ലെൻഡിംഗ് ) സംഭാവന ചെയ്ത റണ്ണേഴ്സപ്പിനുള്ള എവർ റോളിംഗ് ട്രോഫി ഡാളസ് ഡെയർ ഡെവിൾസ് സ്വന്തമാക്കി.

ടൂർണമെൻ്റിലെ എറ്റവും മികച്ച കളിക്കാരനുള്ള ട്രോഫിക്ക് ജോജി ജോർജും (ടീം പെർഫെക്റ്റ് ഓക്കെ), എമർജിങ് പ്ലെയർ & റൈസിംഗ് സ്റ്റാർ ട്രോഫിക്ക് അജയ് മാത്യുവും (ടീം പെർഫെക്ട് ഓക്കെ) അർഹരായി.

50 വയസ്സിന് മുകളിലുള്ളവർക്കായി നടത്തിയ സീനിയേഴ്സ് ടൂർണമെൻ്റിൽ ‘ടീം ഈ ബുൾ ജെറ്റ്’ റെജി വി കുര്യൻ (ഇൻറർനാഷണൽ സ്റ്റാൻഡേർഡ് വാൽവ്) സംഭാവന ചെയ്ത എവറോളിംഗ് ട്രോഫി കരസ്ഥമാക്കി. ഒന്നിനെതിരെ രണ്ട് സെറ്റുകൾ (17-21, 21-11, 21-11) കരസ്ഥമാക്കി ഹൂസ്റ്റണിലെ ബാഡ്മിൻറൺ താരജോഡികളായ ജോർജ് മാത്യുവും പ്രേം രാഘവനും തുടർച്ചയായ രണ്ടാം തവണയും ജേതാക്കളായി. ആദിയോടന്തം ആവേശം നിറഞ്ഞു നിന്ന ഫൈനൽ മത്സരത്തിൽ മികച്ച പോരാട്ടമാണ് റണ്ണേഴ്സപ്പിനുള്ള മാസ്റ്റർ പ്ലാനറ്റ് യു എസ് എ എവറോളിംഗ് ട്രോഫി കരസ്ഥമാക്കിയ ഡ്രോപ്പ് കിംഗ്സ് ടീം അംഗങ്ങളായ അനിൽ ജനാർദ്ദനനും വിനുവും കാഴ്ചവെച്ചത്.

സീനിയേഴ്സ് വിഭാഗത്തിൽ ബെസ്റ്റ് പ്ലെയറിനുള്ള പീപ്പിൾസ് ചോയ്സ് ട്രോഫിക്ക് അനിൽ ജനാർദ്ദനൻ (ടീം ഡ്രോപ്പ് കിംഗ്സ്) തിരഞ്ഞെടുക്കപ്പെട്ടു. പെൺകുട്ടികളുടെ പ്രോത്സാഹന മത്സരത്തിൽ പങ്കെടുത്ത ഡയോണ ജോം, അലീഷ ബിജോയ്, ഡൽമ സിബി, ആൽഫി ബിജോയ് ജഡ്ജ് ജൂലി മാത്യുവിൽ നിന്നും റൈസിംഗ് സ്റ്റാർ ട്രോഫികൾ ഏറ്റു വാങ്ങി.
ഞായറാഴ്ച നടന്ന സമാപന സമ്മേളനത്തിൽ വിശിഷ്ടാതിഥികളായ സ്റ്റാഫോർഡ് പ്രോ ടെം മേയർ കെൻ മാത്യൂ, ഫോർഡ് ബെൻ കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജ് ജൂലി മാത്യൂ, മെഗാ സ്പോൺസർ അലക്സ് പാപ്പച്ചൻ, ഗ്രാൻഡ് സ്പോൺസർ രഞ്ജു രാജ്, ഡയമണ്ട് സ്പോൺസർ സുരേഷ് രാമകൃഷ്ണൻ, സിൽവർ സ്പോൺസർ സന്ദീപ് തേവർവേലിൽ, അനിൽ ജനാർദ്ദനൻ, ഹെൻറി മുണ്ടാടൻ, മാഗ് ഭാരവാഹികൾ എന്നിവരിൽ നിന്നും വിജയികൾ എവർ റോളിംഗ് ട്രോഫികളും വ്യക്തിഗത ട്രോഫികളും കാഷ് അവാർഡുകളും ഏറ്റുവാങ്ങി.

മാഗ് പ്രസിഡൻറ് അനിൽകുമാർ ആറന്മുളയും മാഗ് ട്രസ്റ്റി ബോർഡ് ചെയർമാൻ മാർട്ടിൻ ജോണും മാഗിൻ്റെ 2022ലെ ഷട്ടിൽ ബാഡ്മിൻറൺ ടൂർണമെൻറ് ഉദ്ഘാടനം സംയുക്തമായി നിർവഹിച്ചു. ജോയിൻറ് ട്രഷറർ ജോസ് ജോൺ (ബിജു) എല്ലാ ബാഡ്മിൻറൺ പ്രേമികളെയും ടൂർണമെൻറ് ലേക്ക് സ്വാഗതം ചെയ്തു.

ടൂർണ്ണമെൻറ് മെഗാ സ്പോൺസർ അലക്സ് പാപ്പച്ചൻ (എം ഐ എച് റിയാലിറ്റി), ഗ്രാൻഡ് സ്പോൺസർ രഞ്ജു രാജ് (പ്രൈം ജോയ്സ് ലെൻഡിങ്ങ്), ഡയമണ്ട് സ്പോൺസർ സുരേഷ് രാമകൃഷ്ണൻ (അപ്നാ ബസാർ മിസ്സോറി സിറ്റി), ഗോൾഡ് സ്പോൺസർ ജിജു കുളങ്ങര (ഫ്രീഡം ഓട്ടോ), സിൽവർ സ്പോൺസർ സന്ദീപ് തേവർവേലിൽ (പെറി ഹോംസ്), ഹെൻട്രി മുണ്ടാടൻ (അബാക്കസ് ട്രാവൽസ്) അനിൽ ജനാർദ്ദനൻ (ഓഷ്യാനസ് ലിമോസിൻ & ട്രാൻസ്പോർട്ടേഷൻ, മറീന ബേ ലിക്വർ), ജോർജ്ജുകുട്ടി (ടോപ്പ് ഗ്രാനൈറ്റ് ആൻഡ് സ്റ്റോൺസ്), ഷാജി ജയിംസ് (ഷാജിപ്പാൻ) എന്നിവരായിരുന്നു ടൂർണമെൻ്റിൻ്റെ പ്രമുഖ സ്പോൺസർമാർ.

മാഗ് പ്രസിഡൻ്റ് അനിൽ ആറന്മുള, സെക്രട്ടറി രാജേഷ് വർഗീസ്, ട്രഷറർ ജിനു തോമസ്, വൈസ് പ്രസിഡൻറ് ഫൻസിമോൾ പള്ളത്ത്മഠം, ജോയിൻറ് ട്രഷറർ ജോസ് ജോൺ (ബിജു), ജോയിൻറ് സെക്രട്ടറി ജോർജ് വർഗീസ് (ജോമോൻ), കമ്മറ്റി അംഗങ്ങളായ സൈമൺ ഇളംകയ്യിൽ, ഷിജു വർഗീസ്, ഉണ്ണി മണപ്പുറം, റെജി വി. കുര്യൻ എന്നിവരുടെ സാന്നിധ്യത്തിൽ ടൂർണമെൻ്റ് കമ്മറ്റി അംഗങ്ങളായ മാഗ് സ്പോർട്സ് കോഡിനേറ്റർ വിനോദ് ചെറിയാൻ റാന്നി, റെജി കോട്ടയം, അനിത്ത് ഫിലിപ്പ്, അനിൽ ജനാർദ്ദനൻ, രഞ്ജു രാജ്, റെജി വർഗീസ് എന്നിവർ ടൂർണമെൻ്റിൻ്റെ വിജയത്തിനായി പ്രവർത്തിച്ചു.

മത്സരങ്ങളുടെ തൽസമയ സംപ്രേഷണത്തിനു മാഗ് മുൻ സെക്രട്ടറി ജോജി ജോസഫ്, ഹൂസ്റ്റണിലെ പ്രമുഖ മാധ്യമ പ്രവർത്തകനായ ജീമോൻ റാന്നി, റെനി കവലയിൽ
( ന്യൂസ് വാർത്ത) രാജേഷ് വർഗീസ് (നേർകാഴ്ച) എന്നിവർ നേതൃത്വം നൽകി.
ടൂർണമെൻ്റിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും, ടൂർണമെൻ്റിൻ്റെ വിജയത്തിനു വേണ്ടി പ്രവർത്തിച്ച എല്ലാ ടീം അംഗങ്ങൾ, സ്പോൺസർമാർ, കാണികളായി വന്ന് പ്രോത്സാഹിപ്പിച്ച മലയാളി സുഹൃത്തുക്കൾ, മാഗ് ഭാരവാഹികൾ, മാഗിനെ സ്നേഹിക്കുന്ന സുഹൃത്തുക്കൾ, മാഗ് സ്പോർട്സ് കോർഡിനേറ്ററിൻ്റെ നേതൃത്വത്തിലുള്ള ടൂർണമെൻ്റ് കമ്മിറ്റി എന്നിവർക്ക് സെക്രട്ടറി രാജേഷ് വർഗീസ് കൃതജ്ഞത അറിയിച്ചു.

ടൂർണമെന്റിനു ശേഷം മാഗ് ആസ്ഥാനമായ ‘കേരള ഹൗസിൽ’ വച്ച് നടന്ന ഡിന്നർ ബാൻക്ക്വേറ്റിൽ നൂറിൽ പരം ആളുകൾ പങ്കെടുത്തു.

റിപ്പോർട്ട് : ജീമോൻ റാന്നി

Author