തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് എന്ന പദ്ധതി എല്ലാ മെഡിക്കല്‍ കോളേജുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചികിത്സാരംഗത്തും അക്കാഡമിക് രംഗത്തും ഗവേഷണ രംഗത്തും മികവ് പുലര്‍ത്തുകയാണ് ഇതിന്റെ ലക്ഷ്യം. ഈ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൈലറ്റടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രത്യേക ടീമിനെ നിയോഗിച്ചിരുന്നു. മറ്റ് മെഡിക്കല്‍ കോളേജുകളിലെ പ്രഗത്ഭ ഡോക്ടര്‍മാര്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് ഈ സംഘം. പദ്ധതി വിജയമായതിനെ തുടര്‍ന്നാണ് ഇത് എല്ലാ മെഡിക്കല്‍ കോളേജുകളിലേക്കും ഘട്ടംഘട്ടമായി വ്യാപിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുതിയ അത്യാഹിത വിഭാഗവും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗവും പ്രവര്‍ത്തനസജ്ജമാക്കി. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ പിജി കോഴ്‌സ് ആരംഭിച്ചു. അത്യാഹിത വിഭാഗത്തിലെത്തുന്ന ഒരു രോഗിക്ക് രോഗതീവ്രതയനുസരിച്ച് ഉടനടി അത്യാഹിത ചികിത്സ ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ട്രയാജ് സംവിധാനം ഫലപ്രദമായി നടപ്പിലാക്കിക്കൊണ്ട് രോഗതീവ്രതയനുസരിച്ച് ചികിത്സ നല്‍കുന്നു. രോഗതീവ്രതയനുസരിച്ച് വേഗത്തില്‍ പരിശോധന നടത്തുന്നതിന് ടാഗുകളും നല്‍കുന്നു. അതിനാല്‍ അടിയന്തര ചികിത്സ ആവശ്യമായ ഒരു രോഗിക്കും ക്യൂ നില്‍ക്കേണ്ട കാര്യമില്ല. ഹൃദ്രോഗം, സ്‌ട്രോക്ക് തുടങ്ങിയ രോഗങ്ങളുമായി വരുന്നവര്‍ക്ക് വേണ്ട ചികിത്സകളെല്ലാം അത്യാഹിത വിഭാഗത്തില്‍ ഏകോപിപ്പിച്ച് നല്‍കുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളുമായി വരുന്ന രോഗികള്‍ക്ക് അത്യാഹിത വിഭാഗത്തില്‍ വച്ചുതന്നെ ഹൃദ്രോഗ വിദഗ്ധന്റെ സേവനം ലഭ്യമാക്കാന്‍ ചെസ്റ്റ് പെയിന്‍ ക്ലിനിക്ക് ആരംഭിച്ചു. സ്‌ട്രോക്ക് ചികിത്സാ ടീമിനേയും അത്യാഹിത വിഭാഗത്തോട് ഏകോപിപ്പിച്ചിട്ടുണ്ട്. സ്‌ട്രോക്ക് യൂണിറ്റും സ്‌ട്രോക്ക് കാത്ത്‌ലാബും പ്രവര്‍ത്തനസജ്ജമായി വരുന്നു. സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം അത്യാഹിത വിഭാഗത്തില്‍ ഉറപ്പ് വരുത്തി. രോഗീ സൗഹൃദവും മികച്ച ചികിത്സയും ഉറപ്പുവരുത്തുകയാണ് ഈ യജ്ഞത്തിന് പിന്നില്‍.
ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് പദ്ധതി നടപ്പിലാക്കുന്നതിന് മേല്‍നോട്ട സമിതി, നടപ്പാക്കല്‍ സമിതി എന്നിങ്ങനെ രണ്ട് സമിതികള്‍ രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. മറ്റ് മെഡിക്കല്‍ കോളേജുകളിലെ പ്രഗത്ഭ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്നതാണ് വിദഗ്ധ സമിതി. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കകുന്നതിനാണ് നടപ്പാക്കല്‍ സമിതി. സമിതി ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ പരിഹരിച്ചു. ജീവനക്കാരുടേയും ഉപകരണങ്ങളുടേയും കുറവ് നികത്താനുള്ള നടപടികളും സ്വീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരവധി തവണ മന്ത്രി നേരിട്ട് സന്ദര്‍ശനം നടത്തിയും നിരന്തരം യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തുമാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.