കെ.സുധാകരന് ഐ.ഒ.സി യു.എസ് എ കേരള ചാപ്റ്ററിന്റെ അനുമോദനം

Spread the love

Picture

ന്യൂയോര്‍ക്ക്: കെ.പി.സി.സി. അധ്യക്ഷനായി നിയമിതനായ കെ. സുധാകരന്‍ എം.പി ക്ക് ഐ.ഒ.സി യു.എസ് എ കേരള ചാപ്റ്റര്‍ അനുമോദനം അറിയിച്ചു. കേരളത്തിലെ കോണ്‍ഗ്രസിനെ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ശരിയായ ദിശാബോധം നല്‍കാന്‍ കെ. സുധാകരനു കഴിയുമെന്ന് ഐ.ഒ.സി യു.എസ് എ കേരള ചാപ്റ്റര്‍ പ്രസിഡണ്ട് ലീല മാരേട്ട് അനുമോദന സന്ദേശത്തില്‍ പറഞ്ഞു. ഗ്രൂപ്പുകള്‍ക്കതീതമായി കെ. സുധകാരനെന്ന ധീരനായ നേതാവിനെ കെ.പി.സി.സി. സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ തയാറായ കോണ്‍ഗ്രസ് ഹൈക്കമാണ്ടിനെയും അഭിനന്ദിക്കുന്നതായും ലീല മാരേട്ട് അറിയിച്ചു.

കെ.സുധാകരനെന്ന ധീരനായ നേതാവ് സംസ്ഥാന കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എത്തണമെന്നത് കോണ്‍ഗ്രസ് പ്രസ്ഥാനത്തെ സ്‌നേഹിക്കുന്ന എല്ലാ പ്രവര്‍ത്തകരുടെയും അഭിലാഷമായിരുന്നുവെന്നും ലീല മാരേട്ട് പറഞ്ഞു. ഗ്രൂപ്പ് സമവായങ്ങള്‍ മൂലം കോണ്‍ഗ്രസ് തുടര്‍ച്ചയായി തകര്‍ന്നടിയുന്ന കാഴ്ചയാണ് അടുത്തകാലത്തായി നാം കണ്ടുവരുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിനു കാരണം കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ തമ്മിലുള്ള മത്സരം മൂലമായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ആ പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊള്ളാതെ നിയമ സഭ തെരഞ്ഞെടുപ്പിലും ഗ്രൂപ്പ് തര്‍ക്കങ്ങളുമായി നേതാക്കന്മാര്‍ മുന്നോട്ടുപോയി സ്ഥാനാര്‍ഥി പട്ടിക അനന്തമായി വൈകിപ്പിക്കുകയായിരുന്നു. തെരെഞ്ഞെടുപ്പ് സമയത്ത് ഗ്രൂപ്പുകള്‍ തമ്മിലുള്ള വിഭാഗീയത ഉടലെടുക്കുകയും പ്രവര്‍ത്തനം നിര്‍ജീവമാവുകയും ചെയ്തതാണ് നിയമ സഭ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രെസ്സിനേറ്റ കനത്ത പരാജയത്തിന് കാരണം.

കെ. സുധാകരനെ കെ.പി..സി.സി പ്രസിഡണ്ട് ആക്കണമെന്ന പൊതുവികാരം കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ തോല്‍വിയുണ്ടായപ്പോള്‍ മുതല്‍ ഉയര്‍ന്നുവന്നതാണ്. നിയമ സഭ തെരെഞ്ഞെടുപ്പിനു തൊട്ടു മുന്‍പെങ്കിലും ഈ തീരുമാനം കൊണ്ടുവന്നിരുന്നെങ്കില്‍ തെരെഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നു. പക്ഷെ ഗ്രൂപ്പുകള്‍ തമ്മിലുള്ള വിലപേശലുമായി നേതാക്കള്‍ തമ്മിലടിക്കുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. ഗ്രൂപ്പുകള്‍ ചില നേതാക്കന്മാരുടെ അധികാര കേന്ദ്രീകരണത്തിനു വേണ്ടി വളം വയ്ക്കാന്‍ മാത്രമുള്ളതാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന സാധരണ പ്രവര്‍ത്തകര്‍ എന്നും ഗ്രൂപ്പുകള്‍ക്ക് എതിരാണ്. ഗ്രൂപ്പുകള്‍ കോണ്‍ഗ്രസിന് എന്നും വിനാശം മാത്രമേ വരുത്തിട്ടുള്ളു. ലീല മാരേട്ട് ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ നേതാവായി വി.ഡി. സതീശന്‍ മികച്ച പ്രകടനം ആരംഭിച്ചു കഴിഞ്ഞു. കെ.പി.സി.സി. അധ്യക്ഷനെന്ന നിലയില്‍ കെ.സുധാകരന്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഒത്തൊരുമിച്ചു കോര്‍ത്തിണക്കി മികച്ച പ്രവര്‍ത്തനം കാഴ്ച്ച വച്ചാല്‍ കോണ്‍ഗ്രസിന്റെ നഷ്ട്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ കഴിയുമെന്നും ലീല മാരേട്ട് ആത്മവിശ്വാസം പ്രകടിപ്പിച്ചു. സുധാകരനും സതീശനും അതിനു കഴിയുമെന്നാണ് മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും വിശ്വാസം. ഇരുവരുടെയും പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വത്തിനും ഐ.ഒ.സി യു.എസ് എ കേരള ചാപ്റ്ററിന്റെ പിന്തുണയുണ്ടാകുമെന്ന് ലീല മാരേട്ട് അറിയിച്ചു.

ജോയിച്ചൻപുതുക്കുളം

Author

Leave a Reply

Your email address will not be published. Required fields are marked *