നടപ്പാക്കുന്നത് 2464.92 കോടി രൂപയുടെ പദ്ധതികള്‍
തിരുവനന്തപുരം : ജൂണ്‍ 11 മുതല്‍ സെപ്തംബര്‍ 19 വരെ 100 ദിന കര്‍മ്മ പരിപാടിക്ക് തുടക്കം കുറിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
ആരോഗ്യം വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നീ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും സാമ്പത്തിക വളര്‍ച്ച കൂടുതല്‍ വേഗത്തിലാക്കാനും ഗുണമേന്മയുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള നയങ്ങള്‍ക്കും പരിപാടികള്‍ക്കുമാണ് കര്‍മ്മപരിപാടിയില്‍ പ്രാധാന്യം നല്‍കുന്നത്. ശാസ്ത്ര സാങ്കേതിക മേഖലയിലും നൈപുണ്യ വികസന രംഗത്തും ശ്രദ്ധകേന്ദ്രീകരിച്ച് വിജ്ഞാനത്തിലധിഷ്ഠിതമായ സമ്പദ്ഘടനയുടെ നിര്‍മ്മിതി സാധ്യമാക്കുകയാണ് ലക്ഷ്യം.
അതീവ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സാമ്പത്തിക, സാമൂഹിക അസമത്വങ്ങള്‍ ഇല്ലായ്മ ചെയ്യല്‍, പ്രകൃതി സൗഹൃദ വികസന പരിപ്രേക്ഷ്യം നടപ്പില്‍ വരുത്തല്‍, ആരോഗ്യകരമായ നാഗരിക ജീവിതത്തിന് അനുയോജ്യമാംവിധം ആധുനിക ഖരമാലിന്യസംസ്കരണ രീതി അവലംബിക്കല്‍ എന്നിവയ്ക്ക് അതീവ ശ്രദ്ധ നല്‍കും. കാര്‍ഷികമേഖലയില്‍ ഉല്പാദന വര്‍ദ്ധനവിനൊപ്പം വിഷരഹിതമായ ആഹാര പദാര്‍ത്ഥങ്ങളുടെ നിര്‍മ്മാണവും പ്രധാന ലക്ഷ്യമാണ്. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള സമയബന്ധിത ആസൂത്രണത്തിന്റെ ഭാഗമായാണ് 100 ദിനപരിപാടി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ നൂറു ദിന പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ്, റീബില്‍ഡ് കേരളാ ഇനീഷ്യേറ്റീവ്, കിഫ്ബി എന്നിവയിലൂടെ 2464.92 കോടി രൂപയുടെ പരിപാടികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്ന സുപ്രധാന പദ്ധതിയുടെ രൂപരേഖ കെ.ഡിസ്കിന്റെ ആഭിമുഖ്യത്തില്‍ പൂര്‍ത്തിയാക്കും
നിയമനടപടികളും അതുകാരണം സാമൂഹികമായ ഒറ്റപ്പെടലുകളും അനുഭവിക്കുന്ന കുട്ടികള്‍ക്ക് ശാരീരികവും മാനസികവും സാമൂഹികവുമായ ശ്രദ്ധയും പരിചരണവും നല്‍കുന്നതിന് കാവല്‍ പ്ലസ് പദ്ധതി എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലേക്ക് വ്യാപിപ്പിക്കും. 2256 അങ്കണവാടികളുടെ വൈദ്യുതീകരണം പൂര്‍ത്തിയാക്കും.
സ്പോര്‍ട്സ് കേരള ഫുട്ബോള്‍ അക്കാദമി, തിരുവനന്തപുരത്തും കണ്ണൂരും പൂര്‍ത്തീകരിക്കും. വനിതാ ഫുട്ബോള്‍ അക്കാദമി ഉദ്ഘാടനം ചെയ്യും. കെ.എസ്.ആര്.ടി.സി. ബസിലെ യാത്രക്കാരെ ബസ് സ്റ്റാന്‍ഡുകളില്‍ നിന്നും വീടുകളില്‍ എത്തിക്കുന്ന ഇ ഓട്ടോറിക്ഷാഫീഡര്‍ സര്‍വ്വീസ് തുടങ്ങും.
പി.എസ്.സി.ക്ക് നിയമനങ്ങള്‍ വിട്ടുനല്‍കാനായി തീരുമാനമെടുത്തിട്ടുള്ള സ്ഥാപനങ്ങള്‍ക്കുള്ള സ്പെഷ്യല്‍ റൂള്‍ രൂപീകരിക്കും. ജി.എസ്.ടി വകുപ്പില്‍ അധികമായി വന്നിട്ടുള്ള 200 ഓളം തസ്തികകള്‍ തദ്ദേശ സ്വയംഭരണ വകുപ്പില്‍ സൃഷ്ടിച്ച് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യും.
നൂറു ദിവസങ്ങള്‍ക്കുള്ളില്‍ ചെയ്യാനുദ്ദേശിക്കുന്ന മറ്റു ചില പ്രധാന കാര്യങ്ങള്‍ ചുവടെ:
ഗെയില്‍ പൈപ്പ് ലൈന്‍ (കൊച്ചി-പാലക്കാട്) ഉദ്ഘാടനം.
കൊച്ചിയില്‍ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് ഹബ്ബ് തുങ്ങും.
പരിസ്ഥിതി സൗഹൃദ കെട്ടിട നിര്‍മ്മാണത്തിനുള്ള ഗ്രീന്‍ റിബേറ്റ് ആഗസ്ത്തില്‍ പ്രാബല്യത്തില്‍ വരത്തക്ക രീതിയില്‍ മാനദണ്ഡങ്ങള്‍ രൂപീകരിക്കും.
ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും ജീവന് രക്ഷാമരുന്നുകള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്നതിന്റെ ഉദ്ഘാടനം.
കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരണപ്പെട്ട് അനാഥരായ കുട്ടികള്‍ക്കുള്ള ധനഹായവിതരണം ആരംഭിക്കും.
ഖരമാലിന്യ സംസ്കരണത്തിന് ഫലപ്രദമായ സംവിധാനം ഒരുക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പുരസ്കാരം നല്‍കും.
വിശപ്പ് രഹിതകേരളം ജനകീയ ഹോട്ടലുകള്‍ക്ക് റേറ്റിംഗ് നല്കുന്ന പരിപാടി ആരംഭിക്കും.
ഇത് നൂറു ദിവസത്തിനകം നടപ്പാക്കുന്ന പദ്ധതികളുടെ പൂര്‍ണ്ണമായ പട്ടികയല്ലെന്നും വിശദവിവരങ്ങള്‍ അതതു വകുപ്പുകള്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.