അമേരിക്കയിലെ മിഷൻ ലീഗ് ദേശീയ പുൽക്കൂട് മത്സരം സംഘടിപ്പിക്കുന്നു – സിജോയ് പറപ്പള്ളിൽ

Spread the love

ചിക്കാഗോ: ക്രിസ്തുമസ് ആഘോഷങ്ങൾ വാണിജ്യവത്കരിക്കപ്പെടുകയും ക്രിസ്തുവിനെ ഒഴിവാക്കിക്കൊണ്ടുള്ള ക്രിസ്തുമസ് ആഘോഷങ്ങൾ സർവ്വസാധാരണമാവുകയും ചെയുന്ന ഈ കാലഘട്ടത്തിൽ ക്രിസ്തുമസിന്റെ യഥാർത്ഥ കാരണങ്ങളിലേക്ക്‌ തിരിച്ചു കൊണ്ടുവരുവാനുള്ള ശ്രമത്തിലാണ് വടക്കേ അമേരിക്കയിലെ ലിറ്റൽ ഫ്‌ളവർ മിഷൻ ലീഗ് അഥവാ ചെറുപുഷ്‌പ മിഷൻ ലീഗ് എന്ന സംഘടന.

ഇതിനായി ചിക്കാഗോ സിറോ മലബാർ രൂപതയിലെ കുടുംബങ്ങൾക്കായി “ഗ്ലോറിയ ഇൻ എസ്‌സിൽസിസ്” എന്ന പേരിൽ ഒരു പുൽക്കൂട് മത്സരം സംഘടിപ്പിച്ചിരിക്കുകയാണ്. നാലു മുതൽ 12-ാം ഗ്രേഡുവരെയുള്ള മതബോധന ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുള്ള കുടുംബങ്ങൾക്കാണ് പങ്കെടുക്കാൻ അവസരം. കുടുംബാംഗങ്ങളെല്ലാവരും ഒന്നുചേർന്ന് ഓരോ ഭവനത്തിലും പുൽക്കൂട് നിർമിക്കുകയും അതിന്റെ വീഡിയോ ചിത്രീകരിച്ച് രൂപതാ സമിതിക്ക് അയക്കുകയും വേണം. ഏറ്റവും നന്നായി പുൽക്കൂട് നിർമ്മിച്ച കുടുംബങ്ങൾക്ക് മേഖലാ തലത്തിലും രൂപതാ തലത്തിലും സമ്മാനങ്ങളും നൽകുന്നുണ്ട്.

ഉണ്ണിയേശുവിനു പുൽക്കൂട് ഒരുക്കുവാൻ എല്ലാ വിശ്വസികളെയും ഫ്രാൻസിസ് പാപ്പായും ഈയിടെ ആഹ്വാനം ചെയ്‌തിരുന്നു. ക്രിസ്തുവാണ് ക്രിസ്തുമസിന്റെ കേന്ദ്രമെന്നും ക്രിസ്തുവിന്റെ ജനനതിരുനാളാണ് ആഘോഷിക്കുന്നതുമെന്നുമുള്ള വസ്‌തുത ഏവരേയും ഓര്മപെടുത്തുന്നതിനു വേണ്ടിയാണ് പുൽക്കൂട് മത്സരം സംഘടിപ്പിക്കുന്നതെന്ന് മിഷൻ ലീഗ് ചിക്കാഗോ രൂപതാ ഭാരവാഹികൾ അറിയിച്ചു.

Author