കൊച്ചി ഷിപ്പ്യാര്ഡിന്റെ 2022-23 വര്‍ഷത്തെ സാമൂഹ്യ സുരക്ഷാ നിധി (സിഎസ്ആര്‍) ഉപയോഗിച്ച് ഇടമലക്കൂടി സൊസൈറ്റിക്കുടി സ്കൂളില്‍ പുതിയ കെട്ടിടം പണിയുന്നതിനുള്ള ത്രി കക്ഷി ഉടമ്പടി അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി യുടെ സാന്നിദ്ധ്യത്തില്‍ കളക്ട്രേറ്റില്‍ ഒപ്പിട്ടു. ഷിപ്പ്യാര്ഡ് സിഎസ്ആര്‍ വിഭാഗം മേധാവി പി.എന്‍. സമ്പത്ത്കുമാര്‍, നിര്‍മ്മിതി കേന്ദ്രം മാനേജര്‍ ബിജു എ.പി, ഇടമലക്കുടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. സന്തോഷ്കുമാര്‍ എന്നിവരാണ് കരാറില്‍ ഒപ്പിട്ടത്.
66 ലക്ഷം രൂപയാണ് സി എസ് ആര് ഫണ്ടില്‍ ഇപ്പോള്‍ അനുവദിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം അവസാനത്തോടെ 90 ശതമാനം തുകയുടേയും വിനിയോഗ സര്‍ട്ടിഫിക്കറ്റ് ഷിപ്പ്യാര്ഡിന് നല്‍കണം. സൊസൈറ്റിക്കുടി സ്കൂളില്‍ അഞ്ച് ക്ലാസ് മുറികളും പാചകപ്പുരയുമാണ് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്നത്. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി മുന്‍കൈയെടുത്താണ് സ്കൂളിന് സിഎസ്ആര്‍ ഫണ്ട് ലഭ്യമാക്കിയത്. ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ്, സബ് കളക്ടര്‍ അരുണ്‍ എസ്. നായര്‍, എല്‍ ആര് ഡെ. കളക്ടര്‍ കെ. മനോജ്, ഷിപ്പ്യാര്ഡ് സിഎസ്ആര്‍ വിഭാഗം മാനേജര്‍മാരായ എസ്. ശശീന്ദ്രദാസ്, യൂസഫ് എ.കെ എന്നിവര്‍ സന്നിഹിതരായിരുന്നു.