യൂത്ത്-മോഡൽ പാർലമെന്റ് വിജയികളുടെ റിപ്പീറ്റ് പെർഫോർമൻസ് ഫെബ്രുവരി 15ന്

Spread the love

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ സ്കൂൾ-കോളേജ് വിദ്യർഥികൾക്കായി നടത്തിയ യൂത്ത്-മോഡൽ പാർലമെന്റ് മത്സരങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്തിയ സ്കൂൾ-കോളേജുകളെ പങ്കെടുപ്പിച്ച് സംസ്ഥാനതല റിപ്പീറ്റ് പെർഫോർമൻസ് ഫെബ്രുവരി 15ന് രാവിലെ 10ന് സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളിൽ സംഘടിപ്പിക്കും. സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടിയ ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളും, കോളേജ് തലത്തിൽ ഒന്നാം സ്ഥാനം നേടിയ മലപ്പുറം ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷനുമാണ് പങ്കെടുക്കുക. വിജയികൾക്കായി ഉച്ച രണ്ടിന് സംഘടിപ്പിക്കുന്ന അനുമോദന സമ്മേളനം പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. ഉന്നതവിദ്യാഭ്യാസം-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു, കൃഷി മന്ത്രി പി.പ്രസാദ് എന്നിവർ മുഖ്യാതിഥികളാകും. ഇൻസ്റ്റിറ്റ്യൂട്ട് ബോർഡ് അംഗവും കല്യാശ്ശേരി എം.എൽ.എ യുമായ എം. വിജിൻ, മലപ്പുറം എം.എൽ.എ പി. ഉബൈദുള്ള, പാർലമെന്ററികാര്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജു നാരായണസ്വാമി, മുതിർന്ന മാധ്യമപ്രവർത്തകൻ എസ്.ആർ. ശക്തിധരൻ, ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ഡോ. ബിവീഷ് യു.സി എന്നിവർ ചടങ്ങിൽ പങ്കെടുക്കും. യൂത്ത്-മോഡൽ പാർലമെന്റിൽ ഒന്നാം സ്ഥാനത്ത് എത്തിയ സ്ഥാപനത്തിനുള്ള മെമന്റോയും ക്യാഷ് പ്രൈസും സമ്മേളനത്തിൽ നൽകും. അതോടൊപ്പം ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ക്വിസ്സ്, ഉപന്യാസം, പ്രസംഗ മത്സരങ്ങളുടെ വിജയികൾക്കും, ബെസ്റ്റ് കോ-ഓർഡിനേറ്റർമാർ, ബെസ്റ്റ് പാർലമെന്റേറിയൻമാരായി തെരഞ്ഞെടുത്ത വിദ്യാർഥികൾ എന്നിവർക്കുള്ള സമ്മാനദാനവും നടക്കും.

 

Author