അമൃത് യുവ കലോത്സവ് 2021

Spread the love

1) പുല്ലാങ്കുഴലിൽ മാന്ത്രിക നാദവുമായി രാജേഷ്, ഋഷഭ് സഹോദരന്മാർ

ഹിന്ദുസ്ഥാനി വാദ്യകലാരംഗത്ത് പുല്ലാങ്കുഴലിൽ നാദവിസ്മയം തീർത്ത കലാകാരന്മാരാണ് രാജേഷ് പ്രസന്നയും, ഋഷഭ് പ്രസന്നയും. രാജേന്ദ്ര പ്രസന്ന, രഘുനാഥ് പ്രസന്ന, രവിശങ്കർ പ്രസന്ന, രാകേഷ് പ്രസന്ന എന്നിവരുടെ ശിക്ഷണത്തിലൂടെ സംഗീതലോകത്തെത്തിയ ഈ സഹോദരന്മാർക്ക് സംഗീത ശിരോമണി പട്ടം, സുർമണി പുരസ്കാരം, സംഗീത് സാധക് സമ്മാൻ എന്നീ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ 2021ലെ ബിസ്മില്ല ഖാൻ യുവ പുരസ്കാരം ഇവരെ തേടിയെത്തിയിരിക്കുന്നു.

ഈ കലാസഹോദരങ്ങൾ അവരുടെ പുല്ലാങ്കുഴൽ പരിശീലനം അവരുടെ വീട്ടിൽ നിന്നും തന്നെ ആരംഭിച്ചു. ആറ് തലമുറകളായി അവർ ബനാറസിലാണ് ജീവിക്കുന്നത്. സംഗീതത്തിന്റെ സൂക്ഷ്മശ്രുതികളിലേക്ക് അവർ കാതോർത്തതും ബനാറസിൽ നിന്നുമാണ്. പ്രാഥമികമായി ഹിന്ദുസ്ഥാനി സംഗീതത്തിലാണ് രാജേഷും ഋഷഭും പ്രാവീണ്യം നേടിയിട്ടുളളതെങ്കിലും കർണാടക സംഗീതത്തിലും ഇരുവരും തത്പരരാണ്. കർണാടക സംഗീതജ്ഞരുമായി ചേർന്നു പ്രവർത്തിച്ചപ്പോഴൊക്കെ രണ്ട് ധാരകളിലേയും പല രാഗങ്ങളും സമാനമാണെന്നും അവ വെവ്വേറെ പേരുകളിൽ അറിയപ്പെടുന്നതേ യുളളുവെന്നും

തോന്നുന്നതായി ഇരുവരും അഭിപ്രായപ്പെടുന്നു. ഹിന്ദുസ്ഥാനിയും കർണാടക സംഗീതവും ഇന്ത്യൻ സംഗീതത്തിന്റെ കൈവഴികളാണെന്നും അതുകൊണ്ട് തന്നെ അവ തമ്മിൽ സാമ്യങ്ങളും സ്വാഭാവികമാണെന്നുമാണ് ഇവരുടെ അഭിപ്രായം.

എല്ലാ മേഖലയിലേക്കുമെന്ന പോലെ ഹിന്ദുസ്ഥാനി വാദ്യമേഖലയ്ക്കും അതിന്റേതായ വെല്ലുവിളികൾ ഉണ്ടെന്നും അവയെ തരണം ചെയ്താണ് തങ്ങളുടെ യാത്രയെന്നും രാജേഷ് പ്രസന്നയും ഋഷഭ് പ്രസന്നയും പറയുന്നു. ഒരു വാദ്യോപകരണത്തിന്റെ അഭ്യസനത്തിന് തന്നെ ഒരു ജീവിതകാലം ആവശ്യമാണെന്ന് പറയുന്ന ഈ കലാകാരന്മാർ തങ്ങളുടെ പ്രകടനം ബാംസുരിയിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. തീവ്രമായ സംഗീത സാധനയുടെ സാർത്ഥകമായ ആവിഷ്കാരങ്ങളായി ഇവരുടെ പ്രകടനം മാറിയതായി സദസ് ഒന്നടങ്കം അഭിപ്രായപ്പെട്ടു.

ഫോട്ടോ 1 അടിക്കുറിപ്പ്ഃകേന്ദ്ര സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ സംഘടിപ്പിക്കുന്ന അമൃത് യുവ കലോത്സവ് 2021ൽ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ 2021ലെ ഉസ്താദ് ബിസ്മില്ല ഖാൻ യുവ അവാർഡ് ജേതാക്കളും ഡൽഹി സ്വദേശികളുമായ രാജേഷ് പ്രസന്നയും ഋഷഭ് പ്രസന്നയും ഫ്ളൂട്ട് വായിക്കുന്നു.

2) നമ്മുടെ തമാശയല്ല; ഇത് മഹാരാഷ്ട്രയിലെ ‘തമാഷ’യാണ്

മഹാരാഷ്ട്രയിലെ നാടൻ ഓപ്പറയായ ‘തമാഷ’ അമൃത് യുവ കലോത്സവിന്റെ ഭാഗമായി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി ക്യാമ്പസിലെ വിഹായസം ഓഡിറ്റോറിയത്തിൽ അരങ്ങേറിയപ്പോൾ സദസ്സ് നിർത്താതെ കയ്യടിച്ചു. പേരിലെ പുതുമയിൽ കാണാനെത്തിയ കാണികൾക്ക് മുന്നിൽ കേന്ദ്ര സംഗീതനാടക അക്കാദമിയുടെ 2021ലെ ഉസ്താദ് ബിസ്മില്ല ഖാൻ യുവ അവാ‍ർഡ് നേടിയ വൈശാലി ജാദവിന്റെയും സംഘത്തിന്റെയും ‘തമാഷ’ കാണികൾക്ക് വെറും തമാശയായില്ല.

14-ാമത്തെ വയസ്സിൽ ഈ കലാരൂപം അവതരിപ്പിച്ച് തുടങ്ങിയ വൈശാലി സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ‘ഏയ് രാജ ഉഡോ ഉഡോ’ എന്ന സിനിമയിലാണ് വൈശാലി ജാദവ് പ്രധാനവേഷം ചെയ്തത്. രാജ്യത്തെ വിവിധ വേദികൾക്ക് പുറമെ യു.എസ്.എ., മലേഷ്യ, തായ്‍ലാൻഡ് എന്നിവിടങ്ങളിലും യൂറോപ്പിലെ വിവിധ രാജ്യങ്ങളിലും കലാപ്രകടനം നടത്തിയിട്ടുണ്ട്.

അടിക്കുറിപ്പ്ഃ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ സംഘടിപ്പിക്കുന്ന അമൃത് യുവ കലോത്സവ് 2021ൽ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ 2021ലെ ഉസ്താദ് ബിസ്മില്ല ഖാൻ യുവ അവാർഡ് ജേതാവും മഹാരാഷ്ട്ര സ്വദേശിനിയുമായ വൈശാലി യാദവും സംഘവും തമാഷ അവതരിപ്പിക്കുന്നു. മഹാരാഷ്ട്രയിലെ നാടൻ ഓപ്പറയാണ് തമാഷ.

3) മാൻഡോലിനുമായി ആന്ധ്രയിൽ നിന്നും നാഗമണി എത്തി

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ നടന്ന അമൃത് യുവ കലോത്സത്തിൽ ശ്രദ്ധ നേടിയ ഒരിനമായിരുന്നു ‘മാൻഡോലിൻ’ എന്ന സംഗീതോപകരണം. ആന്ധ്രയിൽ നിന്നുമെത്തിയ ഉപ്പലാപ് നാഗമണിയാണ് മാൻഡോലിൻ വാദനവുമായി സംസ്കൃത സ‍ർവ്വകലാശാലയുടെ കാലടി ക്യാമ്പസിൽ എത്തിയത്.

മുത്തശനാണ് നാഗമണിയെ മാൻഡോലിൻ രംഗത്ത് ശ്രദ്ധേയയാക്കുവാൻ പ്രചോദനം നല്കിയതെന്ന് അവ‍ർ പറഞ്ഞു. സിനിമാ ഗാനങ്ങളുടെ പശ്ചാത്തലവുമായി മാൻഡോലിൻ ഉപയോഗിച്ചിരുന്നെങ്കിലും മുഖ്യധാരയിലേക്ക് എത്തിയിരുന്നില്ല. കുടുംബത്തിന്റെ പിന്തുണയും പ്രോത്സാഹനവുമാണ് എന്റെ ശക്തി. ആറാം വയസിൽ പരിശീലനം അഭ്യസിച്ചു തുടങ്ങി. ഒമ്പതാം വയസ്സിൽ ആദ്യ അവതരണം നടത്തി, ഉപ്പലാപ് നാഗമണി പറഞ്ഞു.

മാൻഡോലിൻ ഉപയോഗിച്ച് അവതരണം നടത്തുന്ന രാജ്യത്തെ പ്രഥമ വനിതയും ഈ മേഖലയിൽ കേന്ദ്രസംഗീതനാടകഅക്കാദമിയുടെ ഉസ്താദ് ബിസ്മില്ല ഖാൻ അവാ‍ർഡ് നേടുന്ന ആദ്യകലാപ്രതിഭയും താനാണെന്ന് നാഗമണി അവകാശപ്പെടുന്നു.

മാൻഡോലിൻ ഇറ്റാലിൻ സംഗീതോപകരണമാണ്. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ പല വ്യത്യസ്ത മേഖലകളില്‍ മാൻഡോലിൻ ഉപയോഗിക്കുന്നുണ്ട്. അമേരിക്കയിൽ നിന്നാണ് ഇലക്ട്രിക് മാൻഡോലിൻ എന്ന ആശയം ഉണ്ടായത്. അടിസ്ഥാനപരമായി ഈ വാദ്യോപകരണം മറ്റുപല കർണാട്ടിക് സംഗീത ഉപകരണങ്ങളോടും സമാനമാണെന്ന് നാഗമണി പറഞ്ഞു.

അടിക്കുറിപ്പ്ഃ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ സംഘടിപ്പിക്കുന്ന അമൃത് യുവ കലോത്സവ് 2021ൽ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ 2021ലെ ഉസ്താദ് ബിസ്മില്ല ഖാൻ യുവ അവാർഡ് ജേതാവും ആന്ധ്ര സ്വദേശിനിയുമായ ഉപ്പലാപ് നാഗമണിയും സംഘവും മാൻഡോലിൻ വായിക്കുന്നു.

(4) അമൃത് യുവ കലോത്സവിൽ രണ്ട് മലയാളികൾ മാത്രം; വിഷ്ണുദേവും ആദിത്യനും

കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ സംഘടിപ്പിച്ച അമൃത് യുവ കലോത്സവ് 2021ൽ രണ്ട് മലയാളി കലാപ്രതിഭകളാണ് പങ്കെടുത്തത്. മൂക്കന്നൂരിനടുത്ത് ആഴകം സ്വദേശി കെ.എസ്. വിഷ്ണുദേവും (കർണാട്ടിക് സംഗീതം) പയ്യന്നൂ‍ർ സ്വദേശി ഇ.എസ്. ആദിത്യനും (കഥകളി).

മൂക്കന്നൂരിലുള്ള ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബി.ടെക്. നേടിയ കെ.എസ്. വിഷ്ണുദേവിന് ജീവിതമെന്നാൽ സംഗീതം തന്നെയാണ്. അതിനാൽ 2015ൽ മൾട്ടിനാഷണൽ കമ്പനിയിലെ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ജോലി ഉപേക്ഷിച്ച് സംഗീതത്തിൽ മാത്രം ശ്രദ്ധിച്ചു. സംഗീത കുടുംബത്തിൽ ജനിച്ച് സംഗീതത്തിൽ ജീവിക്കുന്ന വിഷ്ണുദേവ് ഒമ്പതാമത്തെ വയസ്സിൽ സംഗീത പരിശീലനം ആരംഭിച്ചു. സ്കൂൾ സർവ്വകലാശാല യുവജനോത്സവങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ വിഷ്ണുദേവ് ആദ്യം സംഗീതം അഭ്യസിച്ചത് ചെറിയമ്മ കൂടിയായ കവിത ഷൈബുവിന്റെ കീഴിലാണ്. തുട‍ർന്ന് അല്ലി ഹരിവിഷ്ണുവിന്റെ പക്കൽ സംഗീതം അഭ്യസിച്ചു. ചന്ദ്രമന നാരായണൻ നമ്പൂതിരി, നെയ്‍വേലി സന്താനഗോപാലൻ, പത്മഭൂഷൺ പി.എസ്. നാരായണ സ്വാമി എന്നിവരാണ് പ്രധാന ഗുരുക്കന്മാർ. ഓൾ ഇന്ത്യ റേഡിയോയിൽ എ ഗ്രേഡ് ആർട്ടിസ്റ്റായ വിഷ്ണുദേവ് അയർലൻഡിലെ ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക് സൊസൈറ്റിയുടെ ഗായക നിപുണ പുരസ്കാരം ഉൾപ്പെടെ വിവിധ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

കേരളത്തിന്റെ തനത് കലാരൂപമായ കഥകളിയുടെ യുവമുഖമാണ് ഇ.എസ്. ആദിത്യൻ. കലാമണ്ഡലം ഗോപി, കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി, കലാമണ്ഡലം കൃഷ്ണകുമാർ എന്നിവരുടെ ശിക്ഷണത്തിൽ കഥകളിയിൽ പ്രതിഭ തെളിയിച്ച ആദിത്യന് കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ യുവകലാകാരർക്കുള്ള ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്. കലാമണ്ഡലം കൃഷ്ണൻ നായർ അവാർഡ് ഒ.എൻ.വി. കുറുപ്പ് എന്‍‍ഡോവ്മെന്റ്, വള്ളത്തോൾ എൻഡോവ്മെന്റ്, കോട്ടയം കഥകളി ക്ലബ്ബിന്റെ ആ‍ർ. മുരളീധരൻപിള്ള അവാർഡ് എന്നിവ നേടിയിട്ടുണ്ട്. കഥകളിയിൽ ഗവേഷകൻ കൂടിയാണ് ഇ. എസ്. ആദിത്യൻ.

ഒന്ന്ഃ  കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ സംഘടിപ്പിക്കുന്ന അമൃത് യുവ കലോത്സവ് 2021ൽ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ 2021ലെ ഉസ്താദ് ബിസ്മില്ല ഖാൻ യുവ അവാർഡ് ജേതാവും പയ്യന്നൂർ സ്വദേശിയുമായ ഇ. എസ്. ആദിത്യൻ കഥകളി അവതരിപ്പിക്കുന്നു.

രണ്ട്ഃ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ സംഘടിപ്പിക്കുന്ന അമൃത് യുവ കലോത്സവ് 2021ൽ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ 2021ലെ ഉസ്താദ് ബിസ്മില്ല ഖാൻ യുവ അവാർഡ് ജേതാവും മൂക്കന്നൂരിനടുത്ത് ആഴകം സ്വദേശിയുമായ കെ. എസ്. വിഷ്ണുദേവ് കർണാട്ടിക് സംഗീതം ആലപിക്കുന്നു.

 

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075

Author