കണ്ണൂരിലെ ക്വട്ടേഷന്‍ സംഘത്തിന്റെ റോള്‍ മോഡല്‍ മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇപി ജയരാജനുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശുപാര്‍ശ പ്രകാരം സ്വര്‍ണ്ണവും ഡോളറും കടത്തിയിട്ടില്ലേ? പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇപി ജയരാജനും ചെയ്യുന്ന കാര്യം ശിഷ്യന്‍മാര്‍ ചെയ്താല്‍ അവരെ എങ്ങനെ കുറ്റം പറയാനാകും. ചെറുപ്പക്കാര്‍ പെട്ടെന്ന് പണമുണ്ടാക്കാന്‍ സ്വര്‍ണ്ണക്കടത്തിലേക്ക് തിരിഞ്ഞത് ഇവരെ മാതൃകയാക്കിയാണ്. സിപിഎമ്മും ക്വട്ടേഷന്‍ സംഘങ്ങളും പരസ്പര സഹായസഹകരണ സംഘങ്ങളായി പ്രവര്‍ത്തിക്കുന്നു.
സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് പ്രതികള്‍ക്ക് കസ്റ്റംസ് നല്‍കിയ ഷോക്കോസ് നോട്ടീസില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. സ്വപ്നയും ശിവശങ്കറും വഴി കോണ്‍സില്‍ ജനറല്‍ മുഖ്യമന്ത്രിയുമായി അദ്ദേഹത്തിന്റെ വീട്ടില്‍ നിരവധി തവണ കൂടിക്കാഴ്ച നടത്തിയത് കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ ലംഘിച്ചാണ്. കൂടിക്കാഴ്ച സ്വപ്നയും ശിവശങ്കറും കസ്റ്റംസിന് മുന്‍പാകെ സ്ഥിരീകരിച്ചിട്ടുണ്ട്. സ്വപ്നയും ശിവശങ്കറും മുഖ്യമന്ത്രിയുമായിട്ടുള്ള ഈ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുമായിരുന്നു. എന്തിനാണ് ഈ നിയമവിരുദ്ധ കൂടിക്കാഴ്ച നടത്തിയതെന്ന് മുഖ്യമന്ത്രി ജനങ്ങളോട് വെളിപ്പെടുത്തണം. പരിപ്പ് കച്ചവടമാണോ, ഉള്ളിക്കച്ചവടമാണോ, തക്കാളിക്കച്ചവടമാണോ അന്ന് ചര്‍ച്ച നടത്തിയതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്.വിയറ്റ്നാമില്‍ കള്ളക്കടത്ത് നടത്തിയതിന് ശിക്ഷിക്കപ്പെട്ട് കേരളത്തിലേക്ക് മാറ്റപ്പെട്ട വ്യക്തിയാണ് കോണ്‍സല്‍ ജനറല്‍.
സിപിഎം പുറത്താക്കിയെന്ന് അവകാശപ്പെടുന്ന കൊടിസുനി, കിര്‍മ്മാണി മനോജ്,ആകാശ് തില്ലങ്കേരി,അര്‍ജുന്‍ ആയങ്കി തുടങ്ങിയവര്‍ ഇപ്പോഴും പാര്‍ട്ടിയില്‍ തന്നെയുണ്ട്. കണ്ണൂര്‍ ജയിലിലെ യഥാര്‍ത്ഥ സൂപ്രണ്ട് കൊടിസുനിയാണ്.മൊബൈല്‍ ഫോണും മികച്ച ആഹാരവും ഉള്‍പ്പെടെ എല്ലാ സൗകര്യവും യഥേഷ്ടം ജയിലില്‍ ലഭിക്കുന്നു. കൊടിസുനിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍,മൂക്ക് കൊണ്ട് ‘ക്ഷ” വരയ്ക്കേണ്ടിവരുമെന്ന് സിപിഎമ്മിന് അറിയാം.ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിക്ക് ജയിലില്‍ കാമുകിയെ കാണാന്‍ പ്രത്യേക മുറിവരെ നല്‍കി.ഇവരെ തൊടാന്‍ സിപിഎമ്മിന് കഴിയില്ല. കാരണം അവരുടെ കൈയില്‍ ഒരുപാട് രഹസ്യങ്ങളുണ്ട്.കഴിവും തന്റേടവും ധൈര്യവും ഉണ്ടെങ്കില്‍ ഇവര്‍ക്കെതിരെ പ്രതികരിക്കാന്‍ സിപിഎമ്മിന് കഴിയുമോ?പാര്‍ട്ടിക്കെതിരെ പ്രതികരിക്കേണ്ടി വരുമെന്ന് ആകാശ് തില്ലങ്കേരി വെല്ലുവിളിച്ചപ്പോള്‍ പോയി കാലുപിടിച്ചവരാണ് സിപിഎം നേതാക്കള്‍.
കള്ളക്കടത്തിന്റെ മൂന്നിലൊരു ഭാഗം പാര്‍ട്ടിക്കാണെന്നാണ് പറയപ്പെടുന്നത്.ഇതാണോ കമ്യൂണിസം? സിപിഎമ്മിന്റെ നിലവാര തകര്‍ച്ചയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. വിഎസ് അച്യുതാനന്ദനേയും ഇകെ നയനാരെയും നല്ല കമ്യൂണിസ്റ്റുകാരായി പരിഗണിക്കാം.എന്നാല്‍, പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കപട കമ്യൂണിസ്റ്റുകളാണ്. കമ്യൂണസത്തെക്കുറിച്ചും തൊഴിലാളി വര്‍ഗ പ്രത്യയശാസ്ത്രത്തെക്കുറിച്ചുമൊക്കെ പറയാന്‍ ഇരുവര്‍ക്കും ധാര്‍മികാവകാശമില്ല. നിലവാരമുള്ള നേതാക്കളുടെ എണ്ണം സിപിഎമ്മില്‍ കുറയുന്നു.സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച് ജയിലിലായ നിലവാരത്തിലേക്ക് സിപിഎം നേതാക്കള്‍ കൂപ്പുകുത്തി.
പി ജയരാജന്‍ അഴിമതിക്കാരനാണെന്ന് ആധികാരികമായി പറയാന്‍ തന്റെ കയ്യില്‍ തെളിവില്ല. എന്നാല്‍ ജയരാജന്റെ നിയന്ത്രണത്തിലുള്ള ഐആര്‍പിസിയുടെ വരുമാന സ്ത്രോതസ് വെളിപ്പെടുത്തണം.നിലവിലുള്ള നിയമം ശക്തമായി നടപ്പാക്കുകയും നട്ടെല്ലുള്ള ഒരു മുഖ്യമന്ത്രി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ പുതിയ നിയമനിര്‍മ്മാണത്തിന്റെ ആവശ്യമില്ലെന്നും സുധാകരന്‍ പറഞ്ഞു.