വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

Spread the love

സര്‍വീസില്‍ നിന്നും വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി വിതരണം ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ ചേമ്പറിനോട് ചേര്‍ന്ന് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന ലഘുവായ ചടങ്ങിലാണ് കാര്‍ഡുകള്‍ നല്‍കിയത്.

പോലീസ് സേനയില്‍ വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ച ശേഷം വിരമിച്ചവരുടെ പോലീസ് വകുപ്പുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ക്ക് ഏതുസമയവും ജില്ലാ പോലീസ് ഓഫീസുമായി ബന്ധപ്പെടാനും ആവശ്യങ്ങള്‍ സാധിച്ചെടുക്കാനും എല്ലാ സഹായവും ഉറപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി പറഞ്ഞു. ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലും പോലീസ് ഓഫീസുകളിലും അത്യാവശ്യഘട്ടങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ജില്ലയില്‍ നിന്നും വിവിധ കാലയളവില്‍ റിട്ടയര്‍ ചെയ്ത നൂറ്റമ്പതോളം പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കാര്‍ഡുകള്‍ വിതരണം ചെയ്തത്. സര്‍വീസില്‍ നിന്നും വിരമിച്ചവരുടെ വര്‍ഷങ്ങളോളമുള്ള ആവശ്യമായിരുന്നു തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കുക എന്നത്. സംസ്ഥാന സര്‍ക്കാരിന്റെ 2013 ലെ ഇതുസംബന്ധിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് ഇപ്പോള്‍ ദീര്‍ഘകാല ആവശ്യം ഫലപ്രാപ്തിയില്‍ എത്തിയത്.  ജില്ലാ പോലീസ് അഡിഷണല്‍ എസ്പി എന്‍.രാജന്‍, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍.സുധാകരന്‍ പിള്ള തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കാര്‍ഡ് വിതരണം നടന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *