കൊച്ചി: അമൃത സര്‍വ്വകലാശാലയുടെ കൊച്ചി കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ നാനോസയന്‍സസ് ആന്‍ഡ് മോളിക്കുലര്‍ മെഡിസിന്റെ ആഭിമുഖ്യത്തില്‍ ‘കോവിഡാനന്തരം: സയന്‍സ് മേഖലയിലെ ഉപരിപഠന – ജോലി സാധ്യതകള്‍’ എന്ന വിഷയത്തില്‍ ദേശീയ വെബിനാര്‍ നടത്തി.
അമൃത വിശ്വവിദ്യാപീഠം ഗവേഷണ വിഭാഗം ഡീനും, അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സസ് ആന്‍ഡ് മോളിക്കുലര്‍ മെഡിസിന് ഡയറക്ടറുമായ, ഡോ. ശാന്തികുമാര്‍ വി. നായര്‍ വെബിനാര്‍ നയിച്ചു. കെറ്റോ ബിസിനസ് വൈസ് പ്രസിഡന്റ് സോണിയ ബസു, സിംഗപ്പൂര്‍ ഗ്ലാക്സോസ്മിത്ക്ലൈന്‍ മെഡിക്കല്‍ അഫയേഴ്സ് മാനേജര്‍ ഡോ. കൃഷ്ണ രാധാകൃഷ്ണന്, പ്രമുഖ അവതാരക രേഖ മേനോന്, ഓക്സ്ഫോര്‍ഡ് സര്‍വകലാശാല പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ചര്‍ ഡോ. സിസിനി ശശിധരന്, യു.എസ്. ഫാര്‍മകോപ്പിയ ഇന്റര്‍നാഷണല്‍ പബ്ലിക് പോളിസി ഡയറക്ടര്‍ ഡോ. ചൈതന്യ കൊഡൂരി, ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂള്‍ ഫുള്‍ബറൈറ് പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് ഫെല്ലോ ഡോ. ജോണ്‍ ജോസഫ് തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് ഇവര്‍ മറുപടി നല്കി. വെബിനാറില്‍ പങ്കെടുത്ത 3500-ല്‍പ്പരം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ദേശീയ വെബിനാറിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച വിദ്യാഭ്യാസ ബോധവത്ക്കരണ ഹാഷ്ടാഗ് കാംപയിന് ‘സ്റ്റോപ്പ് ഫോളേയിംഗ് ദി ക്രൗഡ്’ ശീമാട്ടി ഗ്രൂപ്പ് സി.ഇ.ഒ.യും സംരംഭകയുമായ ബീന കണ്ണന്, പിന്നണി ഗായകന് ജി. വേണുഗോപാല്‍, പിന്നണി ഗായിക അമൃത സുരേഷ്, നടി വിദ്യ ഉണ്ണി, നടന് കൈലാഷ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. നിര്‍മ്മാതാവ് പ്രശോഭ് കൃഷ്ണ, നടന്മാരായ ടിനി ടോം, ഗോവിന്ദ് പത്മസൂര്യ എന്നിവരുള്‍പ്പെടെ സാമൂഹ്യ – സാംസ്കാരിക മേഖലകളിലെ നിരവധിപേര്‍ ഹാഷ്ടാഗ് കാംപയിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
ദേശീയ വെബിനാറിന്റെ ഭാഗമായി നടത്തിയ ദേശീയ നാനോടെക് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ എളമക്കര ഭവന്‍സ് വിദ്യാമന്ദിര്‍ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി അലീന ജൂഡിനെ ചടങ്ങില്‍ ആദരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്. സുനിത പങ്കെടുത്തു.