വെറും ഏഴുവര്‍ഷം കൊണ്ട് കേന്ദ്രനികുതി പെട്രോളിനു രണ്ടിരട്ടിയും ഡീസലിന് മൂന്നിരട്ടിയുമായി കുതിച്ചു കയറിയെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.
കെ സുധാകന്‍ എംപിക്ക് നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് ലോക്‌സഭയില്‍ കേന്ദ്രസഹമന്ത്രി പങ്കജ് ചൗധരി ജൂലൈ 19 നു നല്കിയ മറുപടിയിലാണ് ഈ വിവരമുള്ളത്.
2015ല്‍ പെട്രോളിന് 18.64 രൂപയും ഡീസലിന് 12.62 രൂപയുമായിരുന്നു കേന്ദ്ര നികുതി. ഇന്നത് പെട്രോളിന് 34.10 രൂപയും ഡീസലിന് 34.20 രൂപയുമാണ്. ഇതിനു പുറമെ സംസ്ഥാന സര്‍ക്കാരും നികുതി ചുമത്തി ഈ കൊള്ളയില്‍ കൂട്ടുകച്ചവടം നടത്തുകയാണ്.
ഇന്ധനത്തിന്മേലുള്ള എക്‌സൈസ് നികുതി കൂട്ടിയതിലൂടെ 88 ശതമാനം അധിക വരുമാനമാണ് കേന്ദ്രസര്‍ക്കാരിനു ലഭിച്ചത്. ഇതാണ് നികുതി വരുമാനം 3.35 ലക്ഷമായി ഉയരാന്‍ കാരണം. തൊട്ടുമുന്‍ വര്‍ഷം 1.78 കോടി രൂപ മാത്രമായിരുന്നു നികുതി വരുമാനം. രാജ്യത്ത് 2021 ജനു ഒന്നു മുതല്‍ ജൂലൈ 9 വരെ 63 തവണ പെട്രോളിന്റെയും 61 തവണ ഡീസലിന്റെയും 5 തവണ ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതകത്തിന്റെയും വില കൂട്ടിയെന്ന് കേന്ദ്രമന്ത്രി വെളിപ്പെടുത്തി.
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുന്ന ഓരോ നിമിഷത്തിനും ഇന്ത്യയിലെ ജനങ്ങള്‍ നല്‍കേണ്ടി വരുന്ന വില വലുതാണ്.
കൊവിഡ് മഹാമാരി ജനങ്ങളെ ചുറ്റിവരിഞ്ഞ് നില്‍ക്കുന്ന കാലത്ത്, ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട്, തൊഴിലും ശമ്പളവുമില്ലാതെ പട്ടിണി കിടക്കുന്ന കാലത്ത്, ഇന്ധന നികുതി വര്‍ധിപ്പിക്കില്ല എന്ന് ജനങ്ങളോട് പറയാന്‍ ധര്‍മ്മികമായും രാഷ്ട്രീയപരമായും മനുഷ്യത്വപരമായും കടമയുള്ള സര്‍ക്കാരുകള്‍ സാധാരണക്കാരന്റെ പോക്കറ്റില്‍ നിന്ന് പണം തട്ടിയെടുക്കുന്ന ഷൈലോക്കുമാരാകുന്നത് ലജ്ജാകരവും പ്രതിഷേധാര്‍ഹവുമാണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.