ഇടുക്കി : കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ വനിതാ കമ്മിഷന്റെ മുമ്പാകെ കൊണ്ടുവരുന്നത് പൊതുജനങ്ങള്‍ ഒഴിവാക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷന് അംഗങ്ങളായ ഷാഹിദാ കമാലും അഡ്വ. ഷിജി ശിവജിയും അഭ്യര്‍ഥിച്ചു. ഇടുക്കി ജില്ലയില്‍ രണ്ടുദിവസങ്ങളിലായി മൂന്നാറിലും കളക്ടറേറ്റിലുമായി നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍. സമീപകാലത്തായി കോടതിയുടെ പരിഗണനയിലുള്ള കേസുകള്‍ കമ്മീഷന്റെ മുമ്പാകെയും കൊണ്ടുവരുന്ന പ്രവണത കൂടിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കമ്മിഷന് തീരുമാനമെടുക്കാനാവില്ല.
കോവിഡിനെത്തുടര്‍ന്നുള്ള പ്രതികൂല സാഹചര്യങ്ങള്‍ മൂലം ഒരുവര്‍ഷമായി ഇടുക്കിയില്‍ കമ്മീഷന് സിറ്റിംഗ് നടത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇപ്പോള്‍ ടിപി ആര് നിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ കോവിഡ് ചട്ടങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ കമ്മിഷന് ശ്രമിക്കുകയായിരുന്നുവെന്ന് കമ്മിഷന് അംഗം ഷാഹിദ കമാല്‍ പറഞ്ഞു. ഇന്നലെ കളക്ടറേറ്റില്‍ നടത്തിയ സിറ്റിംഗില്‍ 52 പരാതികളാണ് ലഭിച്ചത്. വ്യത്യസ്ത സമയം അനുവദിച്ചുകൊണ്ടാണ് കക്ഷികളെ വിളിച്ചുവരുത്തിയത്. 14 കേസുകള്‍ പരിഹരിക്കപ്പെട്ടു. ഒമ്പതു കേസുകള്‍ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടിനായി ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരു കേസ് പൊലീസ് നടപടിക്കായി കൈമാറി. തീര്‍പ്പാകാത്ത 28 കേസുകള്‍ അടുത്ത സിറ്റിംഗിലേക്കു മാറ്റി.
വ്യാഴാഴ്ച മൂന്നാര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന കമ്മിഷന് സിറ്റിങ്ങില്‍ പരിഗണനയ്ക്കെടുത്ത 36 പരാതികളില്‍ മൂന്നെണ്ണത്തിന് തീര്‍പ്പായി. ഒരു പരാതിയില്‍ പൊലീസ് നടപടി സ്വീകരിക്കുന്നതിന് പൊലീസിന് കൈമാറി. രണ്ട് പരാതികളില്‍ പൊലീസ് റിപ്പോര്‍ട്ടിന് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു പരാതിയില്‍ ഡിഎംഒയുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
കുടുംബപ്രശ്നങ്ങള്‍, അയല്‍ക്കാരുമായുള്ള പ്രശ്നങ്ങള്‍, സാമ്പത്തിക പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് കമ്മിഷന്റെ മുമ്പാകെ കൂടുതലായും എത്തിയത്. ഇടുക്കി ജില്ലയില്‍ വസ്തുസംബന്ധമായ തര്‍ക്കങ്ങളും പരാതികളുമാണ് കൂടുതല്‍. ഇതില്‍ പലതും കോടതികളുടെ പരിഗണനയിലുള്ളതാണ്. ഇക്കാര്യത്തില്‍ കമ്മിഷന് തീരുമാനമെടുക്കാനാവില്ല. ഇടുക്കി ജില്ലയിലെ സ്ത്രീധന വിഷയങ്ങള്‍ ഒന്നുംസിറ്റിംഗില്‍ പരിഗണനയ്ക്കു വന്നില്ല. സ്ത്രീധനം സ്ത്രീക്ക് കൊലക്കയറായി മാറുന്ന സാഹചര്യം അംഗീകരിക്കാനാവില്ലെന്നും സമൂഹം ഒന്നിച്ചുനിന്ന് ഈ വിപത്തിനെ നേരിടണമെന്നും അഡ്വ. ഷിജി ശിവജി പറഞ്ഞു. കമ്മിഷന് ഡയറക്ടര്‍ വി. യു. കുര്യാക്കോസും അംഗങ്ങളൊടൊപ്പമുണ്ടായിരുന്നു.