തൊഴിലിടങ്ങളിലെ മാനസികാരോഗ്യം എന്നതാണ് ഈ വര്‍ഷത്തെ ലോകമാനസികാരോഗ്യദിനത്തിന്റെ പ്രധാന സന്ദേശം. ചില തൊഴിലിടങ്ങളെങ്കിലും ആത്മഹത്യാസങ്കേതങ്ങളും മരണവഴികളും ആയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ജോലിസ്ഥലങ്ങള്‍ ആനന്ദത്തിന്റെ കൂടി ഇടങ്ങളാക്കി മാറ്റുകയെന്നത് പ്രധാനമാണ്. പിരിമുറുക്കമില്ലാത്ത ജീവിതം നമ്മുടെ കുഞ്ഞുങ്ങളുടെ അവകാശമാണ്.
അസാധാരണമായ മത്സരത്തിന്റെ ലോകത്താണ് നമ്മുടെ പുതുതലമുറ ജീവിക്കുന്നത്. ഒരു ട്രെഡ്മില്ലില്‍ നില്‍ക്കുന്നിടത്തു തന്നെ നില്‍ക്കാന്‍ ഓടിക്കൊണ്ടിരിക്കണം എന്നതുപോലെ അവസ്ഥ. മുന്നിലെത്തണമെങ്കില്‍, അടുത്ത പടിയിലെത്തണമെങ്കില്‍ ചെറിയ അധ്വാനം പോരാ. അതിവേഗത്തില്‍
മുന്നോട്ടു പോകുന്ന മനുഷ്യരും സോഷ്യല്‍ മീഡിയയിലൂടെ പരസ്പരം നല്‍കുന്ന വ്യാജമായ ‘ഗുഡ് ലൈഫ് വൈബ്’ന്റെ ഇരകളായി പോകുന്നവരുമാണ് ചുറ്റും. താരത്യമം എന്നത് ഒരു വലിയ പ്രതിസന്ധിയായി മാറുകയാണ്.
ജീവിതത്തിന്റെ ഈ അസാധാരണ സങ്കീര്‍ണതകളിലൂടെ കടന്നു പോകുമ്പോള്‍ തങ്ങളെ കേള്‍ക്കാന്‍ ഒരാളില്ലാത്തതാണ് പുതിയ തലമുറയുടെ പ്രശ്‌നം. അവരുമായി കണക്ട് ചെയ്യുന്നത് മാതാപിതാക്കള്‍ക്ക് പലപ്പോഴും അസാധ്യമാകുന്നു. ചെറുപ്പക്കാര്‍ പലപ്പോഴും ‘യോ യോ’ ആയി തോന്നിയേക്കാം. പക്ഷേ യഥാര്‍ഥത്തില്‍ അങ്ങിനെയല്ല എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് ചെറുപ്പക്കാരുടെ ഭാഷയും പ്രതിസന്ധികളും മനസിലാകുന്നില്ല. അവരെ ശാന്തമായി കേള്‍ക്കാന്‍ ഒരാളെങ്കിലുമുണ്ടെങ്കില്‍ ഒരു പക്ഷേ ചെറുപ്പക്കാര്‍ കുറേക്കൂടി മാനസികമായി ധീരരായേക്കും. അമിതമായ ഉത്കണ്ഠ, വിഷാദം തുടങ്ങിയ നിരവധി പ്രശ്‌നങ്ങളില്‍ നിന്ന് അവര്‍ക്ക് നിഷ്പ്രയാസം പുറത്തു കടക്കാന്‍ സാധിക്കും.
തൊഴിലിടങ്ങളിലും വീടുകളിലും ചെറുപ്പക്കാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ഇത്തിരിയിടം തുറന്നു വെക്കുക എന്നത് പ്രധാനമാണ്. നമുക്കത് വീടുകളില്‍ തുടങ്ങാം. വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും അവരെ കേള്‍ക്കാന്‍ സംവിധാനങ്ങളുണ്ട് എന്നുറപ്പു വരുത്താം.
മത്സരത്തിന്റെ ലോകത്തില്‍ സ്വയം നഷ്ടപ്പെട്ടു പോകുന്നവരെയല്ല നമുക്ക് വേണ്ടത്. കണ്ണുകളില്‍ ആനന്ദം നിറച്ച മക്കളെയാണ്.
എല്ലാവരും സന്തോഷമായിരിക്കട്ടെ!