വത്തിക്കാന്‍ സിറ്റി: സമര്‍പ്പിതര്‍ക്കുവേണ്ടിയുള്ള സ്ഥാപനങ്ങള്‍ക്കും അപ്പസ്തോലികസമൂഹങ്ങള്‍ക്കും വേണ്ടിയുള്ള റോമന്‍ കൂരിയായുടെ ഓഫീസ് മുന്‍ അധ്യക്ഷനും കാമര്‍ലെങ്കോയായി സേവനം ചെയ്തിട്ടുമുള്ള കര്‍ദ്ദിനാള്‍ മര്‍ത്തിനെസ് സൊമാലോ അന്തരിച്ചു. 94 വയസ്സായിരിന്നു.
1993 മുതല്‍ 2007 വരെ കത്തോലിക്ക സഭയുടെ കാമര്‍ലെങ്കോ (Camerlengo) പദവിയില്‍ ഇരിന്നയാളാണ് കര്‍ദ്ദിനാള്‍ സൊമാലോ. മാര്‍പാപ്പമാരുടെ മരണത്തിനോ, സ്ഥാനത്യാഗത്തിനോ ശേഷം, പുതിയ പാപ്പായെ തിരഞ്ഞെടുക്കുന്നത് വരെ സഭയുടെ സ്വത്തിന്റെയും വരുമാനങ്ങളുടെയും സൂക്ഷിപ്പുകാരനായി സേവനം ചെയ്യുവാന്‍ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയാണ് കാമര്‍ലെങ്കോ.
1927 മാര്‍ച്ച് 31നു സ്പെയിനിലെ ലാ റിയോജ പ്രവിശ്യയില്‍ ജനിച്ച അദ്ദേഹം 1950ല്‍ റോമില്‍വെച്ചു തിരുപ്പട്ടം സ്വീകരിച്ചു. 1956 മുതല്‍ വത്തിക്കാന്‍ ആഭ്യന്തരകാര്യവകുപ്പില്‍ ജോലി ചെയ്തിരുന്നു. 1975ല്‍ കൊളംബിയയില്‍ ന്യൂണ്‍ഷോയായി നിയമിതനായി. 1979ല്‍ വത്തിക്കാനില്‍ തിരികെയെത്തിയ അദ്ദേഹം 1988 വരെ വത്തിക്കാനില്‍ തുടര്‍ന്നു.
1988ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ ആയി ഉയര്‍ത്തി. ആരാധനയ്ക്കും കൂദാശകള്‍ക്കും വേണ്ടിയുള്ള റോമന്‍ കൂരിയായുടെ ഓഫീസ് അധ്യക്ഷന്‍ ആയി നിയമിച്ചു. 1992 മുതല്‍ 2004 വരെ സമര്‍പ്പിതജീവിതക്കാര്‍ക്കുവേണ്ടിയുള്ള സ്ഥാപനങ്ങള്‍ക്കും അപ്പസ്തോലികസമൂഹങ്ങള്‍ക്കും വേണ്ടിയുള്ള റോമന്‍ കൂരിയായുടെ ഓഫീസ് അദ്ധ്യക്ഷനായും അദ്ദേഹം സേവനം ചെയ്തു.
മൃതസംസ്കാരം ഓഗസ്റ്റ് 13 വെള്ളിയാഴ്ച രാവിലെ 11 മണിക്ക്, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ നാമധേയത്തിലുള്ള ബസിലിക്കയില്‍ നടക്കും. ശുശ്രൂഷകള്‍ക്ക് കര്‍ദ്ദിനാള്‍ സംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജിയോവാന്നി ബത്തിസ്ത റേയുടെ മുഖ്യകാര്‍മ്മികത്വം വഹിക്കും.