നാളെ മുതല്‍ നവകേരളീയം കുടിശിക നിവാരണം
ഒറ്റത്തവണ തീര്‍പ്പാക്കലിന് ഇളവുകള്‍
ഗുരുതര രോഗബാധിതര്‍ക്കും മരണപ്പെട്ടവരുടെ വായ്പകള്‍ക്കും വന്‍ ഇളവ്
കൃത്യമായ തിരിച്ചടച്ചവര്‍ക്ക് പലിശ ഇളവ്
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കാലത്ത് സഹകരണ ബാങ്കുകളില്‍ വായ്പ കുടിശിക ആയവര്‍ക്ക് ഇളവുകളോടെ ഒറ്റത്തവണ തീര്‍പ്പാക്കലിന് പ്രത്യേക പദ്ധതി സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പ്രഖ്യാപിച്ചു. സഹകരണ സംഘം രജിസ്ട്രാര്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത പ്രാഥമിക സഹകരണ സംഘങ്ങളിലും ബാങ്കുകളിലും വായ്പ മുടങ്ങിയവര്‍ക്കാണ് നവ കേരളീയം കുടിശിക നിവാരണം – ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയിലൂടെ സഹകരണ സംഘങ്ങളുടെ നിഷ്‌ക്രിയ ആസ്തിയും കുടിശികയും കുറച്ചു കൊണ്ടു വരുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇടപാടുകാര്‍ക്ക് ഇളവു നല്‍കി കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വിപുലമായ പദ്ധതിയാണ് മന്ത്രി പ്രഖ്യാപിച്ചത്.
ഗുരുതരമായ രോഗം ബാധിച്ചവരുടെ വായ്പകള്‍ക്ക് പരമാവധി ഇളവുകള്‍ നല്‍കും. വായ്പയെടുത്തയാള്‍ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ അവകാശികള്‍ ഇളവ് നല്‍കി കുടിശിക ഒഴിവാക്കാനും അവസരം നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് 16 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് നവകേരളീയം കുടിശിക നിവാരണം. 2021 മാര്‍ച്ച്31 വരെ പൂര്‍ണമായോ ഭാഗികമായോ കുടിശികയായ വായ്പകളാണ് പരിഗണിക്കുക. വിശദമായ മാര്‍ഗരേഖ സഹകരണ സംഘം രജിസ്ട്രാര്‍ പുറപ്പെടുവിച്ചു.
കാന്‍സര്‍, പക്ഷാഘാതം, എയ്ഡ്‌സ്, ലിവര്‍ സിറോസിസ്, ക്ഷയം, ചികിത്സിച്ചു മാറ്റാന്‍ കഴിയാത്ത മാനസിക രോഗം എന്നിവ ബാധിച്ചവര്‍ക്കും ഹൃദ്രോഗ ശസ്ത്രക്രിയക്ക് വിധേയരായവര്‍, ഡയാലിസിസ് ചികിത്സ നടത്തുന്നവര്‍, അപകടത്തെ തുടര്‍ന്ന് കിടപ്പിലായവര്‍ എന്നിവര്‍ക്കും പരമാവധി ഇളവുകള്‍ നല്‍കും. ഇവരുടെ അവകാശികളുടെ സ്ഥിതി പരിശോധിച്ചായിരിക്കും ഇളവുകള്‍ നിശ്ചയിക്കുക. മാതാപിതാക്കളുടെ പേരിലുള്ള വായ്പകള്‍ക്ക് അവര്‍ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ സമാനമായ ഇളവുകള്‍ നല്‍കും. എല്ലാ വായ്പകള്‍ക്കും ഒത്തുതീര്‍പ്പിന് തയ്യാറായാല്‍ പിഴ പലിശ പൂര്‍ണമായും ഒഴിവാക്കും. കോടതി ചെലവുകള്‍ ഈടാക്കുന്നത് സംബന്ധിച്ച തീരുമാനം അതത് ഭരണസമിതികള്‍ക്ക് തീരുമാനിക്കാം.